|    Jul 21 Sat, 2018 5:44 am
FLASH NEWS

എസ് എ : തലശ്ശേരിയുടെ സ്വന്തം രാഷ്ട്രീയ കാരണവര്‍

Published : 29th September 2017 | Posted By: fsq

 

കണ്ണൂര്‍: സെയ്തലവി പുതിയവളപ്പിലിനെ ചുരുക്കിയെഴുതിയതാണ് എസ് എ  മക്കളുടെ പേരിനൊപ്പം ‘എസ്സെ” എന്നു ചേര്‍ത്തെഴുതി വ്യത്യസ്തമാക്കി. ഷുഹൈബ് എസ്സെ, സുമയ്യ എസ്സെ, ഷഹര്‍ബാന്‍ എസ്സെ, സല്‍മാനുല്‍ ഫാരിസി എസ്സെ എന്നിവരാണു മക്കള്‍. ചാവക്കാട് മുതല്‍ പയ്യന്നൂര്‍ കവ്വായി വരെ ബന്ധുക്കളുണ്ട്. അവര്‍ക്കെല്ലാം പുതിയവളപ്പില്‍ ‘ആക്കയാണ്. അവിടങ്ങളിലൊക്കെ എന്തു പരിപാടികള്‍ക്കും ‘ആക്ക” വേണം. മഞ്ചേരിയില്‍ അഹമ്മദ് ഗുരുക്കള്‍ മരിച്ചപ്പോള്‍ മല്‍സരിച്ച് മന്ത്രിയാവാന്‍ നേതൃത്വം നിര്‍ദേശിച്ചെങ്കിലും അതു നിരസിച്ച് മുംബൈയിലേക്ക് മുങ്ങിയ ആളാണ് പുതിയവളപ്പലിന്റെ ബാപ്പ സി കെ പി ചെറിയ മമ്മുക്കേയി. ആറു മക്കളായിരുന്നു. മൂത്തത് പുതിയവളപ്പില്‍. മൂന്നു പെണ്ണും മൂന്നാണും. ആണ്‍മക്കളെല്ലാം തലശ്ശേരിയില്‍ തന്നെ പുതിയാപ്ലമാരായി. പെണ്‍മക്കളെ മറ്റു കുടുംബങ്ങളിലേക്ക് കെട്ടിച്ചു. തലശേരി മാളികവളപ്പില്‍ എല്‍പി സ്‌കൂളിലായിരുന്നു പഠനം. ബ്രണ്ണന്‍ ഹൈസ്‌കൂളിലായി പിന്നീട്. തുടര്‍ന്ന് കോഴിക്കോട് ഫാറൂഖ് കോളജില്‍. ഇക്കണോമിക്‌സില്‍ ബിരുദത്തോടെ പഠനം നിര്‍ത്തി. സ്‌പോര്‍ട്‌സിലും അരക്കൈ നോക്കാനിറങ്ങി. ഹോക്കിയും ക്രിക്കറ്റും ബാസ്‌കറ്റ് ബോളും കളിച്ചു. ഡിഗ്രി അവസാന വര്‍ഷം കോളജില്‍ ഹോക്കി ക്യാപ്റ്റനായിരുന്നു. പഠനം കഴിഞ്ഞ് രണ്ടുവര്‍ഷത്തിനു ശേഷം വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സില്‍ ഡിപ്പോ മാനേജരായി ജോലി കിട്ടി. തലശ്ശേരി, വടകര, കോഴിക്കോട്, കണ്ണൂര്‍ ഡിപ്പോകളിലായി 14 വര്‍ഷം തൊഴിലെടുത്തു. രാത്രിയിലായിരുന്നു അന്നൊക്കെ വിവാഹചടങ്ങ്. പെണ്ണുകണ്ടത് സഹോദരിമാരും. സയ്യിദ് മുത്തുക്കോയ തങ്ങളായിരുന്നു നിക്കാഹിനു കാര്‍മികന്‍. 1978 ഏപ്രില്‍ 30ന് വിവാഹം ആര്‍ഭാടത്തോടെ നടന്നു. ദഫ്മുട്ടും കോല്‍ക്കളിയും മൈലാഞ്ചിയുമെല്ലാമായി ഗംഭീരമായ ആഘോഷം. ഉപ്പയും ഭാര്യാപിതാവും 15 ദിവസത്തെ അകലത്തിലാണു മരിച്ചത്. അതോടെ ജോലി വിട്ടു. അങ്ങനെ തലശ്ശേരിയില്‍ കംപ്യൂട്ടര്‍ സ്ഥാപനം തുടങ്ങി. നല്ല കച്ചവടക്കാരനായിരുന്നു പുതിയവളപ്പിലിന്റെ ബാപ്പ. തലശ്ശേരിയിലെ രണ്ടു പ്രമുഖ തുണിക്കടകളില്‍ ഒന്ന് ഇദ്ദേഹത്തിന്റേതായിരുന്നു. കേയീസ് എംപോറിയം. മുംബൈയിലും ബിസിനസ് ഉണ്ടായിരുന്നു. പാര്‍ട്ടിയിലെ പ്രഫസര്‍ എ പി അബ്ദുല്‍ വഹാബും അഹമ്മദ് ദേവര്‍കോവിലും ആത്മമിത്രങ്ങളാണ്. മുസ്‌ലിം ലീഗില്‍ വി കെ അബ്ദുല്‍ ഖാദര്‍ മൗലവിയുമായി നല്ല ബന്ധം സ്ഥാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്ല സുഹൃത്താണ്. പ്ലൈവുഡ് കമ്പനിയില്‍ ഒപ്പം ജോലിചെയ്തയാളാണ് കോടിയേരിയുടെ ഭാര്യ വിനോദിനി. അങ്ങനെ അവരുടെ കുടുംബവുമായി നല്ല സൗഹൃദമുണ്ടായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss