|    Jan 24 Tue, 2017 12:36 am

എസ് എച്ച് റാസ അന്തരിച്ചു

Published : 24th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ആധുനിക ഇന്ത്യന്‍ ചിത്രകലയെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഇതിഹാസ ചിത്രകാരനും ശില്‍പിയുമായ എസ് എച്ച് റാസ (94) അന്തരിച്ചു. രണ്ടു മാസമായി അസുഖം ബാധിച്ച് അദ്ദേഹം ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. റാസയുടെ മരണത്തോടെ ആധുനിക ഇന്ത്യന്‍ ചിത്രകലയുടെ ഒരു യുഗമാണ് അവസാനിക്കുന്നത്.
മധ്യപ്രദേശിലെ മന്ദാല ജില്ലയിലെ ബബാരിയയില്‍ 1922ലാണ് റാസ ജനിച്ചത്. പത്മശ്രീ (1981), പത്മഭൂഷണ്‍ (2007), പത്മവിഭൂഷണ്‍ (2013) അവാര്‍ഡുകള്‍ നല്‍കി അദ്ദേഹത്തെ രാഷ്ട്രം ആദരിച്ചിട്ടുണ്ട്. ആറു പതിറ്റാണ്ടുകാലം ഫ്രാന്‍സിലാണ് അദ്ദേഹം താമസിച്ചത്. അവിടെ നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു. 2011ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. എഫ് എന്‍ സൗസ, കെ എച്ച് ആര, എം എഫ് ഹുസയ്ന്‍, എച്ച് എ ഗാഡെ, എസ് കെ ബത്‌റെ എന്നീ ചിത്രകാരന്‍മാര്‍ക്കൊപ്പം ബോംബെ പ്രോഗസ്സീവ് ആര്‍ട്ടിസ്റ്റ് ഗ്രൂപ്പ് സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. റാസയുടെ വിയോഗം അറിയിച്ചത് അദ്ദേഹത്തിന്റെ സുഹൃത്തും കവിയുമായ അശോക് വാജ്‌പേയിയാണ്. 20ാം നൂറ്റാണ്ടിലെ ഇതിഹാസമായിരുന്നു റാസയെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
2010ല്‍ റാസയുടെ മൗലിക സൃഷ്ടിയായ ‘സൗരാഷ്ട്ര’ 16.42 കോടിക്കാണ് ലേലത്തില്‍ വിറ്റത്. 2014ല്‍ മറ്റൊരു സൃഷ്ടിയായ ‘ലാ ടെറെ’ 18.61 കോടിക്കും വില്‍പന നടത്തി. പാരിസിലെത്തിയ ആദ്യകാലത്ത് യൂറോപ്യന്‍ രീതിയിലായിരുന്നു പ്രകൃതി ദൃശ്യങ്ങള്‍ അദ്ദേഹം പകര്‍ത്തിയിരുന്നത്. സുഹൃത്തുക്കളും സമകാലികരും മാതൃഭാഷയുടെ ചിത്രകാരന്‍ എന്നാണദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. റാസയുടെ സംസ്‌കാരം മധ്യപ്രദേശിലെ മന്ദാലയില്‍ നടക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 102 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക