|    Nov 14 Wed, 2018 5:48 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എസ്‌സി, എസ്ടി ബില്ല് ലോക്‌സഭ പാസാക്കി

Published : 8th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തില്‍ സുപ്രിംകോടതി കൊണ്ടുവന്ന മാര്‍ഗനിര്‍ദേശങ്ങള്‍ മറികടക്കുന്നതിനായുള്ള ബില്ല് ലോക്‌സഭ തിങ്കളാഴ്ച പാസാക്കി. ശബ്ദ വോട്ടോടെ ഏകകണ്ഠമായാണു ബില്ല് ലോക്‌സഭ പാസാക്കിയത്. ബില്ലിന് കഴിഞ്ഞയാഴ്ച കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു. വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്നു രാജ്യസഭയില്‍ ഇന്നലെ ബില്ല് ചര്‍ച്ചയ്‌ക്കെടുക്കാനായില്ല. ബില്ല് ഇന്നു രാജ്യസഭ ചര്‍ച്ച ചെയ്‌തേക്കും.
സുപ്രിംകോടതി വിധി മറികടക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകള്‍ നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മോദി സര്‍ക്കാരിനെതിരായി ദലിത് വികാരം ശക്തിപ്പെടുന്ന സാഹചര്യത്തിലാണു തിരക്കിട്ട് ബില്ല് കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. എസ്‌സി-എസ്ടി നിയമപ്രകാരം കേസെടുക്കുന്നതിനു മുമ്പായി ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തണമെന്നും ആരെയെങ്കിലും അറസ്റ്റ് ചെയ്യുന്നതിന് മുമ്പായി ബന്ധപ്പെട്ട അധികാരകേന്ദ്രത്തിന്റെ അനുമതി വാങ്ങണമെന്നുമാണു സുപ്രിംകോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നത്.
എസ്‌സി-എസ്ടി നിയമ പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പായി മേലധികാരിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും കോടതി വ്യക്തമാക്കിയരുന്നു. കൂടാതെ എസ്‌സി, എസ്ടി നിയമപ്രകാരമുള്ള കേസുകളില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്ന വ്യവസ്ഥയും കോടതി എടുത്തുകളഞ്ഞിരുന്നു. ഈ വിധിയെ മറികടക്കുന്നതിനുള്ള ബില്ലില്‍ 18 എ (ഒന്ന്) എന്ന പുതിയ വ്യവസ്ഥയാണ് കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
നിയമപ്രകാരം ഏതു വ്യക്തിക്കെതിരായും കേസെടുക്കുന്നതിന് പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് ഉപവകുപ്പിലെ ആദ്യ വ്യവസ്ഥയില്‍ പറയുന്നത്. ഏതെങ്കിലും വ്യക്തിയുടെ അറസ്റ്റ് ആവശ്യമെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന് ആരുടെയെങ്കിലും അനുമതി തേടേണ്ട ആവശ്യമില്ലെന്നാണ് ഉപവകുപ്പിന്റെ രണ്ടാം വ്യവസ്ഥയില്‍ വ്യക്തമാക്കുന്നത്. എന്നാല്‍, മുന്‍കൂര്‍ ജാമ്യത്തിന്റെ കാര്യത്തില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവ് മറികടക്കുന്നതിനുള്ള വ്യവസ്ഥയൊന്നും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss