|    Nov 15 Thu, 2018 7:17 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എസ്‌സി- എസ്ടി ബില്ല് രാജ്യസഭ പാസാക്കി

Published : 10th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സുപ്രിംകോടതി മാര്‍ഗനിര്‍ദേശം മറികടക്കാനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന എസ്‌സി-എസ്ടി അതിക്രമം തടയല്‍ ഭേദഗതി ബില്ല് രാജ്യസഭയും പാസാക്കി. ബില്ല് കഴിഞ്ഞദിവസം ലോക്‌സഭ ഏകകണ്‌ഠേന പാസാക്കിയിരുന്നു. നിയമം ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. ഒറ്റക്കെട്ടായി ബില്ല് പാസാക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ സഭ സ്വീകരിക്കുകയായിരുന്നു.
ബില്ല് ഒമ്പതാം പട്ടികയില്‍ പെടുത്തണമെന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഒമ്പതാം പട്ടികയില്‍ പെടുത്തിയാലും കോടതിക്ക് ഇടപെടാനാവും എന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ബില്ല് രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ നിയമമാവും. പട്ടികവിഭാഗ സംരക്ഷണ നിയമപ്രകാരം കേസെടുക്കാന്‍ പ്രാഥമിക അന്വേഷണം വേണം, സര്‍ക്കാര്‍ ജീവനക്കാരെ അറസ്റ്റ് ചെയ്യാന്‍ നിയമന അതോറിറ്റിയുടെ അനുമതി വേണം തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ തള്ളുന്നതാണു നിയമ ഭേദഗതി. ഭേദഗതി പാസാക്കിയതോടെ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്ന ബന്ദ് പിന്‍വലിച്ചു.
ദേശീയ കായിക സര്‍വകലാശാല ബില്ലും ഇന്നലെ രാജ്യസഭ പാസാക്കി. കേന്ദ്ര കായിക മന്ത്രി രാജ്‌വര്‍ധന്‍ സിങ് റാത്തോഡാണ് ബില്ല് അവതരിപ്പിച്ചത്. ബില്ല് നേരത്തെ ലോക്‌സഭ പാസാക്കിയിരുന്നു. മണിപ്പൂരിലാണ് ദേശീയ കായിക സര്‍വകലാശാല സ്ഥാപിക്കുന്നത്. ഹോമിയോപതി സെന്‍ട്രല്‍ കൗണ്‍സില്‍ ഭേദഗതി ബില്ലിന് രാജ്യസഭ അംഗീകാരം നല്‍കി. ആയുഷ് മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി ശ്രീപ്രസാദ് യെസ്സോ നായിക് ആണ് ബില്ല് സഭയില്‍ അവതരിപ്പിച്ചത്. ബില്ല് നിയമമായി മാറിയാല്‍ ഒരു വര്‍ഷത്തിനകം കൗണ്‍സില്‍ കൂടുതല്‍ അധികാരത്തോടെ പുനസ്സംഘടിപ്പിക്കണം. കൗണ്‍സിലിന്റെ അംഗീകാരം നേടാത്ത ഹോമിയോപ്പതി മെഡിക്കല്‍ കോളജുകള്‍ ഒരു വര്‍ഷത്തിനകം അംഗീകാരം നേടണം.
ജിഎസ്ടിയുമായി ബന്ധപ്പെട്ട വിവിധ ഭേദഗതി ബില്ലുകള്‍ ഇന്നലെ ലോക്‌സഭ പാസാക്കി. സംസ്ഥാനങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കുന്ന ജിഎസ്ടി ഭേദഗതി ബില്ല് ഉള്‍പ്പടെ നാല് ബില്ലുകളാണ് ഇന്നലെ പാസാക്കിയത്. സെന്‍ട്രല്‍ ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സ് (ഭേദഗതി) ബില്ല് 2018, ഇന്റഗ്രേറ്റഡ് ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സ് (ഭേദഗതി) ബില്ല് 2018, കേന്ദ്രഭരണ പ്രദേശ ഗുഡസ് ആന്റ് സര്‍വീസ് ടാക്‌സ് (ഭേദഗതി) ബില്ല് 2018 എന്നിവയാണു പാസാക്കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss