|    Nov 15 Thu, 2018 11:16 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എസ്‌സി, എസ്ടി അതിക്രമം തടയല്‍ നിയമം: കോടതിവിധി മറികടക്കാനുള്ള ബില്ലിന് അംഗീകാരം നല്‍കി

Published : 2nd August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: എസ്‌സി, എസ്ടി (അതിക്രമം തടയല്‍) നിയമം ലഘൂകരിച്ച സുപ്രിംകോടതി ഉത്തരവ് മറികടക്കുന്നതിനായുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. നിയമത്തിലെ യഥാര്‍ഥ വ്യവസ്ഥകള്‍ പുനസ്ഥാപിക്കുന്നതിനുള്ള ബില്ലിനാണ് ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ബില്ല് ഉടന്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുമെന്ന് മുതിര്‍ന്ന കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. എസ്‌സി, എസ്ടി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ അടിയന്തരമായി അറസ്റ്റ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് മാര്‍ച്ച് 20നാണ് സുപ്രിംകോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.
ഇതേ ത്തുടര്‍ന്ന് വിവിധ പൗരാവകാശ സംഘടനകളും ദലിത് പ്രസ്ഥാനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നിയമം ലഘൂകരിക്കുന്നത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരെയുള്ള വിവേചനം വര്‍ധിക്കുന്നതിനും എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അധികരിക്കാനും കാരണമാവുമെന്നുമാണ് ദലിത് സംഘടനകളും പ്രതിപക്ഷ കക്ഷികളും ഉന്നയിക്കുന്ന വാദം.
സുപ്രിംകോടതി വിധിക്കെതിരേ ആഗസ്ത് ഒമ്പതിന് ദലിത് സംഘടനകള്‍ രാജ്യവ്യാപകമായി ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിസഭ പുതിയ ബില്ലിന് അംഗീകാരം നല്‍കിയത്. കോടതി വിധിക്കെതിരേ ദലിത് സംഘടനകള്‍ ഏപ്രില്‍ രണ്ടിന് നടത്തിയ ദേശവ്യാപക പ്രതിഷേധത്തിനിടെ പോലിസും സംഘപരിവാര സംഘടനകളും നടത്തിയ വെടിവയ്പിലും മറ്റുമായി 12 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടിരുന്നു. കോടതി വിധി മറികടക്കാനായി പുതിയ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബിജെപിയിലെ ഘടകകക്ഷികളായ ലോക് ജനശക്തി പാര്‍ട്ടി, റിപബ്ലികന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(എ) എന്നിവരും രംഗത്തെത്തിയിരുന്നു.
ബിജെപിയിലെ ദലിത് എംപിമാര്‍ അടക്കം കേന്ദ്രസര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയതോടെയാണ് പുതിയ ബില്ല് കൊണ്ടുവരാന്‍ കേന്ദ്രം നിര്‍ബന്ധിതമായത്. മാര്‍ച്ച് 20ലെ ഉത്തരവ് പുറപ്പെടുവിച്ച സുപ്രിംകോടതി ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് എ കെ ഗോയലിനെ ദേശീയ ഹരിത ട്രൈബ്യൂണല്‍ അധ്യക്ഷനായി നിയമിച്ച ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെയും ബിജെപിയിലെ ഘടകകക്ഷികളും ബിജെപിയിലെ ദലിത് എംപിമാരും ശക്തമായി രംഗത്തുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss