|    Oct 20 Fri, 2017 4:13 pm
FLASH NEWS

എസ്‌കെ പൊറ്റെക്കാടിന്റെ 32ാം ചരമ വാര്‍ഷികം അറിയേണ്ടവര്‍ അറിഞ്ഞില്ല, കാണേണ്ടവര്‍ കണ്ടില്ല

Published : 7th August 2016 | Posted By: SMR

മുക്കം: നാടന്‍ പ്രേമമെന്ന തന്റെ നോവലിലൂടെ മുക്കമെന്ന ഗ്രാമത്തെ ലോകത്തിന് പരിചയപ്പെടുത്തിയ എസ്‌കെ പൊറ്റെക്കാടെന്ന ശങ്കരന്‍ കുട്ടി പൊറ്റെക്കാട്ട് വിടപറഞ്ഞിട്ട് 32 വര്‍ഷം. 1913 മാര്‍ച്ച് 4ന് ജനിച്ച് 1982 ആഗസ്റ്റ് ആറിനാണ് എസ്‌കെ വിടവാങ്ങിയത്.
തന്റെ 69 വര്‍ഷത്തെ ജീവിതത്തിനിടയില്‍ 60ല്‍ പരം പുസ്തകങ്ങള്‍ എഴുതി. ഇതില്‍ നോവലുകള്‍, കഥകള്‍, കവിതകള്‍, യാത്രാവിവരണം, നാടകം, പ്രബന്ധങ്ങള്‍ എന്നിവയെല്ലാം ഉണ്ട്. 1941ലെ നാടന്‍ പ്രേമമെന്ന നോവലിന്റെ പശ്ചാത്തലം മുക്കവും ഇരുവഴിഞ്ഞിപ്പുഴയും ഒക്കെയായിരുന്നു. ടൗണില്‍ നിന്നു വന്ന രവീന്ദ്രനേയും മുക്കത്തെ ഗ്രാമീണ സുന്ദരി മാളുവിന്റേയും അനശ്വര പ്രേമം ലോകം ഏറ്റെടുത്തു. 1961ല്‍ ”ഒരു തെരുവിന്റെ കഥക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1980 ല്‍ ഒരു ദേശത്തിന്റെ കഥക്ക്ജ്ഞാനപീഠം അവാര്‍ഡും ലഭി ച്ചു. ഒരു കാലത്ത് മുക്കവും ഏറെ ബഹുമാനത്തോടെ ഉരുവിട്ടിരുന്ന പേരാണ് എസ്‌കെ പൊറ്റെക്കാട്ടെന്നത്. കാലം മാറിയെങ്കിലും മുക്കത്ത് ഇന്നും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കോ സാംസ്‌കാരികകൂട്ടായ്മകള്‍ക്കോ ഒട്ടും കുറവില്ല. എന്നാല്‍, ലോകത്തിനാകമാനം മുക്കത്തെ പരിചയപ്പെടുത്തിയ ഈ അതുല്യ പ്രതിഭയെ ഇന്ന് മുക്കത്തുകാര്‍ മറന്നു എന്നു പറഞ്ഞാല്‍ അത് സാംസ്‌കാരിക മുക്കത്തിന് അപമാനം തന്നെയാണ്. കാരശേരി ഗ്രാമപ്പഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച എസ്‌കെ സ്മൃതി കേന്ദ്രം അധികൃതരുടെ അനാസ്ഥകാരണം ഏറെകാലം അവഗണനയിലായിരുന്നു. ഒരിക്കല്‍ മുക്കംകടവ് പാലത്തിന്റെ സൈറ്റ് ഓഫിസാക്കി മാറ്റി അദ്ദേഹത്തെ അപമാനിച്ചു. തുടര്‍ന്ന് നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് സ്മൃതി കേന്ദ്രം നടത്തിപ്പ് മുക്കത്തെ മാനവം പ്രവര്‍ത്തകരെ ഏല്‍പ്പിക്കുകയായിരുന്നു.
സ്വന്തം കൈയില്‍ നിന്ന് പണം മുടക്കി മാനവം പ്രവര്‍ത്തകര്‍ സ്മൃതി കേന്ദ്രം മോടി പിടിപ്പിക്കുകയും പെയിന്റടിച്ച് വൃത്തിയാക്കുകയും ചെയ്തു.എന്നാല്‍, തുടക്കത്തിലെ ആവേശം മാനവം പ്രവര്‍ത്തകര്‍ക്കും ഇല്ലാതായി. ഇത്തവണ ഒരു അനുസ്മരണ പരിപാടിക്ക് പോലും എസ്‌കെയുടെ പേരിലുളള ഈ സ്മൃതി കേന്ദ്രം വേദിയായില്ല. എസ്‌കെയുടെ ഓര്‍മക്കായി മുക്കത്ത് സ്ഥാപിച്ച എസ്‌കെ പാര്‍ക്കും കടുത്ത അവഗണനയിലാണ്. മാലിന്യം നിറഞ്ഞും നോക്കാനാളില്ലാതെയും പാര്‍ക്ക് മാറി.
ഇവിടെ സ്ഥാപിച്ച എസ്‌കെയുടെ ഛായാ ചിത്രം ഇത് നിര്‍മിച്ചു നല്‍കിയ ആര്‍ കെ പൊറ്റശേരിയെ പോലും അപമാനിക്കുന്ന തരത്തില്‍ നിലകൊള്ളുന്നു. അധികൃതരുടെ അനാസ്ഥക്കെതിരെ ശില്‍പ്പി ആര്‍ കെ പൊറ്റശേരി തന്നെ രംഗത്ത് വന്നിരുന്നു. എന്നിട്ടും അധികൃതര്‍ ഇത് സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചില്ല. ലോകം അംഗീകരിച്ച ഒരു മഹാപ്രതിഭയെ, മുക്കത്തെ ലോകത്തിന് പരിചയപ്പെടുത്തിയ അതുല്യ എഴുത്തുകാരനെ മുക്കം മറന്നു എന്നതാണ് സത്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക