|    Oct 21 Sun, 2018 4:50 am
FLASH NEWS

എസ്‌കലേറ്റര്‍ കം ഫൂട്ട് ഓവര്‍ബ്രിഡ്ജിനേയും കാല്‍നടക്കാര്‍ തഴയുമോ?

Published : 25th September 2017 | Posted By: fsq

 

കോഴിക്കോട്: ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനും പുതിയ സ്റ്റാന്റിനുമിടയില്‍ രാജാജി റോഡില്‍ എസ്‌കലേറ്റര്‍ കം ഫൂട്ട് ഓവര്‍ ബ്രിഡ്ജ് പണിയാനുള്ള ശ്രമത്തിലാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ . എസ്‌കലേറ്ററോടുകൂടിയ നടപ്പാലത്തിന് 11.35 കോടി രൂപ ചെലവു വരും. അമൃത് പദ്ധതിയിലൂടെയാണ് തുക അനുവദിക്കുക. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ജനറല്‍ മാനേജര്‍ (സിവില്‍) എസ് ചന്ദ്രബാബുവും സംഘവും സ്ഥലം സന്ദര്‍ശിച്ചും കഴിഞ്ഞു. ഇതിനു മുമ്പില്‍ ഇരുമ്പില്‍ തീര്‍ത്ത ഒരു നടപ്പാലം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് മുന്നില്‍ നിന്നും പുതിയ സ്റ്റാന്റിന്റെ തെക്കു വശത്തേക്കായി ഉണ്ടായിരുന്നു. കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാനായി മാതൃഭൂമിയും ഒരു സന്നദ്ധ സംഘടനയും ചേര്‍ന്നായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് നടപ്പാലം പണിതത്. ഉദ്ഘാടനം കഴിഞ്ഞ ശേഷം വളരെ കുറച്ചു മാസങ്ങള്‍ മാത്രമാണ് കാല്‍നടയാത്രക്കാര്‍ കോണി കയറി അക്കരെ റോഡ് മുറിച്ചു കടന്നത്. പിന്നീട് എത്രയോ വര്‍ഷം ഒരു യാത്രക്കാരന്‍പോലും ഈ നടപ്പാലത്തില്‍ കടന്നുചെന്നിരുന്നില്ല. പാലത്തിന് ഇരുവശവും തകര ഷീറ്റുകൊണ്ട് മറച്ചതിനാല്‍ സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്നു രാത്രികാലങ്ങളില്‍ ഇവിടം. മദ്യപന്‍മാരാകട്ടെ ഇരുട്ടിന്റെ മറവില്‍ ബാറായി ഉപയോഗിച്ചിരുന്നതും ഇവിടെ തന്നെ. ഒടുവില്‍ ദേശീയ കായിക മേള വന്നപ്പോള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം വേദിയായ വേളയില്‍ സ്‌റ്റേഡിയത്തിന്റെ കാഴ്ച നഷ്ടപ്പെടുമെന്നതിന്റെ പേരില്‍ ഒരു കേടു പറ്റാത്ത മേല്‍പ്പാലം പൊളിച്ച് അടുക്കി. ആക്രിക്കാര്‍ക്ക് കൊടുത്തു. അതേ സ്ഥലത്തു തന്നെയാവും ഇനി എസ്‌കലേറ്റര്‍ കം ഫൂട്ട് ഓവര്‍ ബ്രിഡ്ജ് പണിയാനും തയാറാകുന്നത്. കാല്‍നടക്കാരെ നിര്‍ബന്ധപൂര്‍വം വേണ്ടിവരും എസ്‌കലേറ്ററില്‍ കയറ്റാന്‍. അതിനു വേണ്ട ബോധവല്‍ക്കരണമാവണം ആദ്യം ചെയ്യേണ്ടത്. പാളയത്ത് കവലയില്‍ നാലു വശത്തേക്കും കാല്‍നടയാത്രക്കാര്‍ക്ക് റോഡു മുറിച്ചു കടക്കാതെ യാത്രചെയ്യാന്‍ അടിപ്പാത നിര്‍മ്മിച്ചു. ആ വഴിയിലൂടേയും ഒരു കാല്‍നടക്കാരനും സഞ്ചരിച്ചില്ല. ആ ്അടിപ്പാത ഇപ്പോഴും ഇരുമ്പ് ഗ്രില്‍സ് ഇട്ട് അടച്ചിട്ടിരിക്കുകയുമാണ്. സമീപകാലത്ത് ഇതിനകം തെരുവ് കച്ചവടക്കാര്‍ക്ക് നല്‍കുമെന്നും കോര്‍പറേഷന്‍ പറഞ്ഞിരുന്നു. ഇങ്ങിനെ രണ്ട് പദ്ധതികള്‍ വൃഥാവിലായ നഗരമാണ് കോഴിക്കോട്. ഇനി 11 കോടിയുടെ പദ്ധതിയെ എങ്ങിനെയാണ് സ്വീകരിക്കുക എന്ന് കാത്തിരുന്ന് കാണാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss