|    Oct 23 Tue, 2018 7:35 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

എസ്‌ഐടി അന്വേഷണം: ഉടന്‍ പരിഗണിക്കേണ്ടതില്ല

Published : 27th May 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങള്‍ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) രൂപീകരിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ അടിയന്തരമായി വാദംകേള്‍ക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. സഹാറന്‍പൂരിലെ സ്ഥിതിഗതികള്‍ വഷളായി വരികയാണെന്നും ഈ സാഹചര്യത്തില്‍ നീതിന്യായ ഇടപെടല്‍ വേണമെന്നുമാവശ്യപ്പെട്ട് അഭിഭാഷകനായ ഗൗരവ് യാദവ് ആണ് ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ ഹരജിക്കാരന്റെ ആവശ്യത്തിന് അടിയന്തരപ്രാധാന്യമില്ലെന്നു ചൂണ്ടിക്കാട്ടി സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് ആവശ്യം തള്ളുകയായിരുന്നു. രണ്ടുപേരുടെ മരണത്തിനിടയാക്കിയ സഹാറന്‍പൂര്‍ സംഘര്‍ഷത്തിനു പിന്നിലെ കുറ്റവാളികളെ ശിക്ഷിക്കാന്‍ കോടതി ഇടപെടണമെന്നും മരിച്ചവരുടെ ബന്ധുക്കള്‍ക്കും വീടും വാഹനങ്ങളും നഷ്ടമായവര്‍ക്കും പരിക്കേറ്റവര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവുവും നവീന്‍ സിന്‍ഹയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. അതിനിടെ  സഹാറന്‍പൂര്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് സംസ്ഥാന പോലിസ് അനുമതി നിഷേധിച്ചു. തുടര്‍ന്നു സന്ദര്‍ശനം രാഹുല്‍ റദ്ദാക്കി. സഹാറന്‍പൂരില്‍ സവര്‍ണജാതിക്കാര്‍ അഗ്‌നിക്കിരയാക്കിയ ദലിതരുടെ വീടുകള്‍ ഇന്നു രാവിലെ സന്ദര്‍ശിക്കാനായിരുന്നു രാഹുലിന്റെ പദ്ധതി. എന്നാല്‍ സുരക്ഷാസാഹചര്യം പരിഗണിച്ചാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനാനുമതി തടഞ്ഞതെന്ന് സഹാറന്‍പൂര്‍ എസ്പി ബബ്‌ലു കുമാര്‍ പറഞ്ഞു. ചൊവ്വാഴ്ച സഹാറന്‍പൂരിലെ സംഘര്‍ഷമേഖലകളില്‍ ബിഎസ്പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മായാവതി സനന്ദര്‍ശിച്ചിരുന്നു. മായാവതിയുടെ പരിപാടി കഴിഞ്ഞു മടങ്ങുന്നതിനിടെ ദലിതുകള്‍ സഞ്ചരിച്ചിരുന്ന ലോറി ആക്രമിക്കപ്പെട്ടത് സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ കാരണമായിരുന്നു. സംഘര്‍ഷം നിയന്ത്രിക്കാനായി കേന്ദ്രസര്‍ക്കാര്‍ സഹാറന്‍പൂരില്‍ 400 അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് സഹാറന്‍പൂര്‍ എസ്പിയായിരുന്ന സുഭാഷ്ചന്ദ്ര ദുബെയെ മാറ്റി രണ്ടുദിവസം മുമ്പാണ് ബബ്‌ലുകുമാറിനെ ജില്ലാ പോലിസ് മേധാവിയായി നിയമിച്ചത്. സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവരെ കര്‍ശനമായി ശിക്ഷിക്കുമെന്നും കുറ്റവാളികളെ വെറുതെവിടില്ലെന്നും ബബ്‌ലു കുമാര്‍ പറഞ്ഞു.ഈമാസമാദ്യം അംബേദ്കര്‍ ജയന്തി ദിനത്തില്‍ നടന്ന ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളാണ് സഹാറന്‍പൂരില്‍ സംഘര്‍ഷത്തിനു തുടക്കമിട്ടത്. ഇതേത്തുടര്‍ന്ന് സവര്‍ണ സമുദായക്കാര്‍ സഹാറന്‍പൂരിലെ ദലിതരുടെ വീടുകളും വാഹനങ്ങളും തീയിട്ടു.രണ്ടു ദലിതര്‍ കൊല്ലപ്പെടുകയും 50ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss