|    Oct 24 Tue, 2017 5:09 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

എസ്ബിടി – എസ്ബിഐ ലയനത്തിന് ഹരജി തടസമാവില്ല: ഹൈക്കോടതി

Published : 9th October 2016 | Posted By: SMR

കൊച്ചി: എസ്ബിടി-എസ്ബിഐ ലയനം ചോദ്യം ചെയ്ത് ഹരജി പരിഗണനയിലുള്ളത് എസ്ബിടി-എസ്ബിഐ ലയനനീക്കത്തിന് തടസ്സമാവില്ലെന്ന് ഹൈക്കോടതി.  വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും ട്രേഡ് യൂനിയനുകളും ചേര്‍ന്ന് രൂപവല്‍കരിച്ച സേവ് എസ്ബിടി ഫോറം ചെയര്‍മാന്‍കൂടിയായ പന്ന്യന്‍ രവീന്ദ്രന്‍ അടക്കം 12 പേര്‍ നല്‍കിയ ഹരജിയിലാണ് ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ഹരജി വീണ്ടും മൂന്നാഴ്ചയ്ക്കുശേഷം പരിഗണിക്കാനായി മാറ്റി. ലയനതീരുമാനം സ്റ്റേ ചെയ്യണമെന്നായിരുന്നു ഹരജിക്കാരുടെ ഇടക്കാല ആവശ്യം. കൃത്യമായ രേഖകളുടെയോ അജണ്ടയുടെയോ അടിസ്ഥാനത്തിലല്ല തീരുമാനമെന്നും ബാങ്കിങ് നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ലയനമെന്നുമാണ് ഹരജിയിലെ ആരോപണം. ഇതുസംബന്ധിച്ച നോട്ടീസും നല്‍കിയിട്ടില്ല. ലയനത്തിനെതിരേ കേരള നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. കേരളം ആസ്ഥാനമായഏക പൊതുമേഖലാ വാണിജ്യബാങ്കാണ് എസ്ബിടി.  സംസ്ഥാനത്ത് ഏറ്റവുമധികം ശാഖകളുള്ളതും മുന്‍ഗണനാവായ്പകള്‍ നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതുമാണ് ഇത്. കേരളത്തിന്റെ വികസനതാല്‍പര്യങ്ങള്‍ക്ക് തടസ്സവും ഇടപാടുകാര്‍ക്ക് കനത്ത നഷ്ടവും, സേവനനിഷേധവും സൃഷ്ടിക്കുന്നതാവും ലയനം. വിജയ് മല്യക്ക് നല്‍കിയതുപോലുള്ള വായ്പകള്‍ തനിച്ചുനല്‍കാന്‍ വഴിയൊരുക്കുകയാണു ലക്ഷ്യം.
വികസനമാനദണ്ഡങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതും തനതായ രീതിയില്‍ വളര്‍ന്നുവികസിച്ചതുമായ എസ്ബിടിയെ ലയിപ്പിക്കാനുള്ള ഒരു സാഹചര്യവും ഇപ്പോഴില്ല. ലയനത്തോടെ എസ്ബിടിയുടെ സ്വതന്ത്ര അസ്തിത്വം ഇല്ലാതാവുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക