|    Jan 23 Mon, 2017 8:19 pm
FLASH NEWS

എസ്ബിടി-എസ്ബിഐ ലയനത്തിനെതിരേ സഭയില്‍ പ്രമേയം

Published : 19th July 2016 | Posted By: sdq

തിരുവനന്തപുരം: എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിനെതിരായ പ്രമേയം നിയമസഭ പാസാക്കി. ബിജെപി അംഗം ഒ രാജഗോപാലിന്റെ വിയോജിപ്പോടെയാണ് പ്രമേയം സഭ പാസാക്കിയത്. നേരത്തെ സഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രമേയത്തെ ഒ രാജഗോപാല്‍ ശക്തമായി എതിര്‍ത്തിരുന്നു.
രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള പ്രമേയമാണെന്നും മോദിവിരുദ്ധ നിലപാടിന്റെ തുടര്‍ച്ചയാണെന്നും രാജഗോപാല്‍ ആരോപിച്ചു. ലയനത്തിനെതിരേ നിക്ഷേപകര്‍ രംഗത്തുവന്നിട്ടില്ലെന്നും ചില ട്രേഡ് യൂനിയനുകള്‍ക്ക് മാത്രമാണു പ്രശ്‌നമെന്നും രാജഗോപാല്‍ പറഞ്ഞു. എന്നാല്‍, എസ്ബിടി ലയനത്തെ രാഷ്ട്രീയമായല്ല കാണുന്നതെന്നും കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കുക മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പിണറായി മറുപടി നല്‍കി. ചില ജീവനക്കാരുടെ പ്രശ്‌നം പരിഹരിക്കാനല്ല സംസ്ഥാന സര്‍ക്കാര്‍ ഇത്തരം നിലപാടെടുത്തത്. ജോലി നഷ്ടപ്പെടുന്ന ജീവനക്കാര്‍ക്ക് മറ്റൊരു ബാങ്കില്‍ ജോലി ലഭിക്കും. എന്നാല്‍, എസ്ബിടിയെ ലയിപ്പിക്കാനുള്ള ശ്രമം സാമ്പത്തികമായി കേരളത്തിനു ദോഷകരമായി ബാധിക്കും. പല ബാങ്കുകളും കേരളത്തില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് സംസ്ഥാനത്തിനു പുറത്തുള്ള പദ്ധതികള്‍ക്കാണ് വായ്പ നല്‍കുന്നത്. എന്നാല്‍, എസ്ബിടി താരതമ്യേന കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നു. കേരളത്തിന്റെ സാമ്പത്തിക ഇടപാടിന്റെ സിംഹഭാഗവും എസ്ബിടി മുഖാന്തരമാണു നടക്കുന്നത്. കേരളത്തിന്റെ താല്‍പര്യത്തിനു വിരുദ്ധമായി വ്യത്യസ്ത ശബ്ദമാണ് രാജഗോപാലില്‍ നിന്നുണ്ടായതെന്നും ഇതു പ്രതീക്ഷിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത് നമ്മുടെ നാടിന്റെ പ്രശ്‌നമാണ്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചുനില്‍ക്കണം. രാജഗോപാല്‍ സംസ്ഥാന താല്‍പര്യത്തിന് എതിരു നില്‍ക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഒ രാജഗോപാലിന്റെ നിലപാടിനെതിരേ മന്ത്രി തോമസ് ഐസക്കും രംഗത്തെത്തി. എസ്ബിടി-എസ്ബിഐ ലയനം അനുകൂലിക്കുന്ന രാജഗോപാലിന്റെത് സങ്കുചിത താല്‍പര്യമാണ്. കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ഒരുമിച്ചുനിന്ന ചരിത്രമാണ് നിയമസഭയ്ക്കുള്ളതെന്നും രാജഗോപാല്‍ സംസ്ഥാന താല്‍പര്യത്തിന് എതിരുനില്‍ക്കുകയാണെന്നും തോമസ് ഐസക് ആരോപിച്ചു. എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തില്‍ സംസ്ഥാനത്തിനുള്ള എതിര്‍പ്പ് കേന്ദ്രസര്‍ക്കാരിനെയും റിസര്‍വ് ബാങ്കിനെയും അറിയിക്കാന്‍ സഭ തീരുമാനിച്ചു.


എസ്ബിടി അടക്കം ആറ് ബാങ്കുകള്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിന് ജൂണ്‍ 15നാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ബാങ്കുകളെ ലയിപ്പിക്കാനുള്ള എസ്ബിഐ നീക്കത്തിനെതിരേ വന്‍തോതിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ചാണ് കേന്ദ്രമന്ത്രിസഭ ലയനത്തിന് അംഗീകാരം നല്‍കിയിയത്. അസോഷ്യേറ്റ് ബാങ്കുകളായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജയ്പൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയും ഭാരതീയ മഹിളാ ബാങ്കുകളുമാണു ലയിപ്പിക്കുക. ലയനത്തോടെ 50 കോടിയിലേറെ ഇടപാടുകാരും 37 ലക്ഷം കോടിയിലേറെ രൂപയുടെ ബിസിനസുമുള്ള വമ്പന്‍ ബാങ്കായി എസ്ബിഐ മാറും. 22,500 ശാഖകളും 58,000 എടിമ്മുകളുമുണ്ടാവും. അന്താരാഷ്ട്ര ബാങ്കുകളുമായി മല്‍സരിക്കാനുള്ള ശക്തി നേടുക എന്ന വാദമുന്നയിച്ചാണ് അസോഷ്യേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക