|    Feb 18 Sun, 2018 1:04 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

എസ്ബിടി-എസ്ബിഐ ലയനം: ദോഷകരമായി ബാധിക്കുമെന്ന് സര്‍ക്കാര്‍

Published : 10th January 2017 | Posted By: fsq

 

കൊച്ചി: എസ്ബിടി-എസ്ബിഐ ലയനം സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകളെ ദോഷകരമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ലയന നടപടി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബാങ്ക് ലയനത്തിനെതിരേ സേവ് എസ്ബിടി ഫോറം നല്‍കിയ ഹരജിയിലാണ് ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് സത്യവാങ്മൂലം നല്‍കിയത്. സര്‍ക്കാരിന്റെ പൊതു സാമ്പത്തിക ഇടപാടുകളില്‍ മുഖ്യ പങ്കാണ് എസ്ബിടിക്കുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏറ്റെടുക്കുന്നതോടെ പകുതിയിലേറെ എസ്ബിടി ശാഖകള്‍ അടച്ചു പൂട്ടേണ്ടി വരും. ഇതു സര്‍ക്കാരിന്റെ ഇടപാടുകളെ ഗുരുതരമായി ബാധിക്കും. ഗുണ ദോഷങ്ങളെക്കുറിച്ച് പഠനം നടത്താതെയാണ് ലയനത്തിന് നടപടി സ്വീകരിച്ചത്. കേരളത്തിലെ മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 23 ശതമാനവും വായ്പകളുടെ 18 ശതമാനവും എന്‍ആര്‍ഐ ബിസിനസിന്റെ 30 ശതമാനവും എസ്ബിടിയിലാണ്. കഴിഞ്ഞ മേയില്‍ എസ്ബിടിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഔട്ട് ഒഫ് അജണ്ടയായിട്ടാണ് ഈ വിഷയം അവതരിപ്പിച്ചത്. ആഗോള ബാങ്കിങ് മേഖലയിലെ വന്‍കിടക്കാരുമായി മല്‍സരിക്കാന്‍ രാജ്യത്ത് വലിയ ബാങ്കിന് രൂപം നല്‍കാന്‍ വേണ്ടിയാണ് എസ്ബിടിയെ നശിപ്പിക്കുന്നത്.സര്‍ക്കാരിന് 0.89 ശതമാനം ഓഹരിയുള്ള എസ്ബിടിയുമായി  സര്‍ക്കാര്‍ ട്രഷറികളെ ബന്ധപ്പെടുത്തിയിട്ടുണ്ട്. എസ്ബിടിയിലെ നിക്ഷേപത്തിന്റെ 90 ശതമാനവും കേരളത്തില്‍ തന്നെ വായ്പയായും മറ്റും ചെലവിടുന്നുണ്ട്. ബാങ്ക് ലയനത്തോടെ പ്രാദേശിക സ്വഭാവം നഷ്ടമാവുകയും എന്‍ആര്‍ഐ നിക്ഷേപം ഉള്‍പ്പെടെയുള്ളവ പിന്‍വലിക്കപ്പെടുകയും ചെയ്യും. 2008ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയും 2010ല്‍ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്‍ഡോറും എസ്ബിഐയില്‍ ലയിപ്പിച്ചപ്പോള്‍ അക്കൗണ്ടുകള്‍ വന്‍തോതില്‍ ക്ലോസ് ചെയ്തിരുന്നുവെന്നും അതിനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ലയന നീക്കം തടയണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss