|    Jan 23 Mon, 2017 12:04 pm
FLASH NEWS

എസ്ബിടി – എസ്ബിഐ ലയനം ഉടനടി തീരുമാനമെടുക്കരുതെന്ന് ഡയറക്ടര്‍മാര്‍

Published : 16th September 2016 | Posted By: SMR

തിരുവനന്തപുരം: എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിനുള്ള തീരുമാനമെടുക്കേണ്ടത് മുന്‍അനുഭവങ്ങളുടെ ഗുണദോഷങ്ങള്‍ പരിശോധിച്ച ശേഷം നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണമെന്ന് എസ്ബിടി ഡയറക്ടര്‍മാര്‍. ലയിച്ചാല്‍ അതിന്റെ ഗുണം ലഭിച്ചെന്നു പറയണമെങ്കില്‍ മൊത്തം ലാഭവും മാര്‍ക്കറ്റ് ഷെയറും വര്‍ധിക്കണമെന്ന് എസ്ബിടി ഡയറക്ടര്‍ ബോര്‍ഡില്‍ സ്വകാര്യ ഉടമകളുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായ സാജന്‍ പീറ്ററും എം സി ജേക്കബും വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
ഈ വര്‍ഷം മെയ് 17നു മുംബൈയില്‍ വിളിച്ചുചേര്‍ക്കപ്പെട്ട ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ലയനം ടേബിള്‍ അജണ്ടയായാണ് വന്നത്. ഇതിനു മുമ്പ് എസ്ബിഎസും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറും ലയിച്ചതിനു ശേഷം അവരുടെ മൊത്തം വരുമാനത്തില്‍ വന്ന മാറ്റത്തിന്റെ കണക്ക് ലഭ്യമാക്കുകയും അതു പരിശോധിച്ച് ലയനഫലമായി ലാഭമോ നഷ്ടമോ എന്നു വിലയിരുത്തുകയും വേണമെന്ന് യോഗത്തില്‍ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
അതു ലഭ്യമാക്കിയിട്ടില്ല. മാത്രമല്ല, എസ്ബിടിയില്‍ ഓഹരിപങ്കാളിത്തമുള്ള എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം ആരായുക എന്ന നടപടിക്രമം പാലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
എസ്ബിടിയില്‍ എസ്ബിഐക്ക് 79 ശതമാനം ഓഹരിയാണുള്ളത്. കേരള സര്‍ക്കാരിന് മുക്കാല്‍ ശതമാനം ഓഹരിയുണ്ട്. കാല്‍ ശതമാനത്തോളം ഓഹരി പൊതുമേഖലാ സ്ഥാപനങ്ങളുടേതാണ്.
20 ശതമാനം ഓഹരി സ്വകാര്യമേഖലയിലെ മറ്റുള്ളവരുടേതാണ്. അവരുടെ പ്രതിനിധികളാണ് തങ്ങള്‍. സര്‍ക്കാര്‍ പ്രതിനിധിയുടെ ഒഴിവ് നികത്തിയിട്ടില്ല. അവരുടെ കൂടി അഭിപ്രായം ആരായേണ്ടതുണ്ട്.
മുമ്പ് അഞ്ചു ബാങ്കുകള്‍ ലയിച്ചപ്പോള്‍ മൊത്തം വരുമാനത്തില്‍ കുറവാണ് സംഭവിച്ചത്. ലയിച്ചാല്‍ നേട്ടമുണ്ടാവുകയാണ് വേണ്ടത്. ബാങ്കുകളുടെ ആസ്ഥാനം പ്രവര്‍ത്തിക്കുന്ന നഗരങ്ങളെല്ലാം സാമ്പത്തികമായി മെച്ചപ്പെട്ടിട്ടുണ്ട്.
സംസ്ഥാനങ്ങളിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും മറ്റു സംരംഭകര്‍ക്കും വായ്പ അനുവദിക്കുന്നതില്‍ പ്രാദേശിക ബാങ്കുകള്‍ ഉദാരസമീപനം സ്വീകരിക്കാറുണ്ട്. പ്രാദേശിക താല്‍പര്യം ഇതിനു കാരണമാവുന്നുണ്ട്. ഇത് സംസ്ഥാനങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിക്കു വഴിയൊരുക്കുന്നു. ലയനത്തിനു ശേഷം ആസ്ഥാനം മറ്റെവിടെയെങ്കിലും പ്രവര്‍ത്തിക്കുന്ന അവസ്ഥയുണ്ടായാല്‍ ഈ പരിഗണന ലഭിക്കുമെന്നു പറയാനാവില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക