|    Apr 28 Fri, 2017 2:05 am
FLASH NEWS

എസ്ബിഐയിലെ കവര്‍ച്ചാ ശ്രമം; ദുരൂഹത നീക്കാനാവാതെ പോലിസ്

Published : 4th November 2016 | Posted By: SMR

തൊടുപുഴ: നഗര മധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐ ജില്ലാ ബ്രാഞ്ചില്‍ നടന്ന മോഷണ ശ്രമത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ പുരോഗതിയില്ല. സംഭവം നടന്ന് രണ്ടര മാസം പിന്നിട്ടിട്ടും പ്രതിയെ കുറിച്ചും സംഭവത്തെ കുറിച്ചുമുള്ള അവ്യക്തതകള്‍ നീക്കാന്‍ പോലും പോലിസിനു കഴിഞ്ഞിട്ടില്ല. ബാങ്കിനുള്ളില്‍ കടന്ന മോഷ്ടാവ് ഫയലുകള്‍ പരിശോധിക്കുന്ന സിസിടിവി ദൃശ്യമാണ് പോലിസിനു ലഭിച്ച ഏകതെളിവ്. ദുരൂഹതയാണ് ഇപ്പോഴും ഈ സംഭവത്തില്‍ നിലനില്‍ക്കുന്നത്. കവര്‍ച്ചയ്ക്കാണ് മോഷ്ടാവ് എത്തിയതെങ്കില്‍ എന്തിനു വേണ്ടിയാണ് ഫയലുകള്‍ പരിശോധിച്ചതെന്നതിനു ഉത്തരമില്ല. ബാങ്കിനുള്ളില്‍ നിന്ന് വിലപിടിപ്പുള്ള യാതൊന്നും മോഷണം പോയിട്ടില്ല. ബാങ്കില്‍ നടന്ന ക്രമേക്കേടുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം നടത്തിയെങ്കിലും ഇതുമായി സംഭവത്തിനു ബന്ധമില്ലെന്നു പോലിസ് പറയുന്നു. ബാങ്കിനുള്ളില്‍ കടന്നയാളുടെ കൃത്യമായ ഉദ്ദേശ്യം മനസ്സിലാക്കാന്‍ പോലിസിനു ഇപ്പോഴും കഴിഞ്ഞിട്ടില്ല. ബാങ്കിനു പിന്നിലെ കയര്‍ ജനാലയില്‍ കെട്ടി അകത്ത് കയറിയെന്നാണ് പോലിസിന്റെ നിഗമനം .എന്നാല്‍ ശാസ്ത്രീയമായ പരിശോധനയില്‍ ഒരാള്‍ക്ക് ഈ ജനലില്‍ക്കൂടി അകത്ത് കടക്കാന്‍ കഴിയില്ലെന്നാണ് തെളിഞ്ഞത്. പിന്നെ എങ്ങനെ പ്രതി ഉള്ളില്‍ കടന്നുവെന്നതും കണ്ടെത്താന്‍ പോലിസിനു കഴിഞ്ഞിട്ടില്ല.അന്വേഷണം വഴിതിരിച്ചുവിടാനാണ് ഇത്തരത്തില്‍ ശ്രമിച്ചതെന്നു പോലിസ് സംശയിക്കുന്നുണ്ട്. മാനേജരുടെ കാബിനിലിരുന്ന 3000 രൂപ മോഷ്ടാവ് എടുക്കാഞ്ഞതും മോഷണശ്രമം തന്നെയാണോയെന്നും പോലിസിനു സംശയം ജനിപ്പിക്കുന്നു. കവര്‍ച്ചാ ശ്രമത്തിനിടെ ബാങ്കിനുള്ളിലെ കംപ്യൂട്ടര്‍, സ്യൂട്ട്‌കെയ്‌സ് എന്നിവ മോഷ്ടാവ് തകര്‍ത്തു. ഫയലുകള്‍ വലിച്ചെറിഞ്ഞു. ബാങ്കിനുള്ളിലെ സിസിടിവി ദൃശ്യങ്ങളില്‍ മുഖംമൂടി ധാരിയായ മെലിഞ്ഞ യുവാവ് രണ്ട് മണിക്കൂര്‍ ചെലവഴിച്ചതായാണ് വ്യക്തമായത്. ഈ കവര്‍ച്ചാ ശ്രമത്തിനു ശേഷം തൊടുപുഴയില്‍ കവര്‍ച്ച വ്യാപകമായതോടെ ഇതിനു പിന്നാലെയായി പോലിസ്. ഇതോടെ ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണം എങ്ങുമെത്താതെയും പോയി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day