|    Feb 27 Mon, 2017 10:17 pm
FLASH NEWS

എസ്പി: തീര്‍ത്തിട്ടും തീരാതെ പ്രശ്‌നങ്ങള്‍

Published : 27th October 2016 | Posted By: SMR

കെ എ സലിം

ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പുറമെക്കാണുന്നതിനേക്കാള്‍ ആഴത്തിലുള്ളത്. മുലായംസിങിന്റെ വിശാലമായ കുടുംബവും പാര്‍ട്ടിയും ഇഴപിരിയാതെ കിടക്കുന്ന ഉത്തര്‍പ്രദേശില്‍ കുടുംബത്തില്‍ രൂപം കൊണ്ട അഭിപ്രായ വ്യത്യാസമാണ് പാര്‍ട്ടി നേതൃത്വത്തിലേക്കും എംഎല്‍എമാരിലേക്കും മറ്റുമായി വ്യാപിച്ചത്.
ദേശീയ പ്രസിഡന്റ് മുലായം സിങ് യാദവിന്റെ ഇരുവശത്തുമായാണ് പാര്‍ട്ടിയിലെ രണ്ടു ചേരികള്‍ നിലകൊള്ളുന്നത്. ഒരു വശത്ത് മകന്‍ അഖിലേഷ് യാദവ് നില്‍ക്കുമ്പോള്‍ സഹോദരനും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനുമായി ശിവ്പാല്‍ യാദവാണ് മറുവശത്ത്. ശിവ്പാലിനോട് മുലായത്തിന് പ്രത്യേക താല്‍പര്യവുമുണ്ട്. മുലായം സിങിന്റെ ആദ്യഭാര്യ മാള്‍ട്ടി ദേവിയുടെ മകനാണ് അഖിലേഷ് യാദവ്. മാള്‍ട്ടി ദേവി 2003 മെയില്‍ മരിച്ചു. രണ്ടാം ഭാര്യ സാധനാ ഗുപ്തയില്‍ പ്രദീഖ് എന്നൊരു മകനുണ്ട്.
രാമായണത്തിലെ കൈകേയിയുടെ റോളാണ് എസ്പി രാഷ്ട്രീയത്തില്‍ സാധനയ്ക്കുള്ളത്. പാര്‍ട്ടി ഓഫിസില്‍ ജോലി ചെയ്തിരുന്ന സാധനയുമായി മാള്‍ട്ടി ദേവി ജീവിച്ചിരുന്ന കാലത്തു തന്നെ മുലായം സിങിന് ബന്ധമുണ്ടായിരുന്നു. 1988ലാണ് പ്രദീഖ് ജനിക്കുന്നതും. എന്നാല്‍, മാള്‍ട്ടി ദേവി മരിച്ച് നാലുവര്‍ഷം കഴിഞ്ഞാണ് സാധനയെ മുലായം വിവാഹം കഴിക്കുന്നത്. സാധനയെ ഭാര്യയായി അംഗീകരിക്കാന്‍ മുലായം സിങിനെ നിര്‍ബന്ധിക്കുന്നത് അമര്‍ സിങാണ്. ഇപ്പോഴത്തെ പ്രതിസന്ധിയുടെ തുടക്കവും ഇവിടെ നിന്ന് തന്നെ. 2012ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അധികാരം കിട്ടിയശേഷം മുലായം മുഖ്യമന്ത്രിയാവണമെന്നായിരുന്നു സാധനയുടെയും ശിവപാലിന്റെയും താല്‍പര്യം. എന്നാല്‍, അഖിലേഷിനെയാണ് മുലായം തിരഞ്ഞെടുത്തത്. അഖിലേഷ് മുഖ്യമന്ത്രിയാവാതിരിക്കാന്‍ സാധന പരമാവധി ശ്രമം നടത്തിയിരുന്നു.
മുഖ്യമന്ത്രിയെന്ന നിലയില്‍ മികച്ചതായിരുന്നു അഖിലേഷിന്റെ പ്രവര്‍ത്തനം. 2017ലെ തിരഞ്ഞെടുപ്പിലും അഖിലേഷ് തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് സാധന കരുതി. അതില്ലാതാക്കാന്‍ അമര്‍ സിങിനെ ഉപയോഗിച്ച് സാധന മുലായം സിങിനെയും അഖിലേഷിനെയും തമ്മിലകറ്റി. ശിവ്പാലിനും ഇതില്‍ പങ്കുണ്ടായിരുന്നു. ഇപ്പോള്‍ ശിവ്പാലിന്റെ ഭാര്യയും ഇത്താവ കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണുമായ സരള യാദവ്, മകനും യുപി കോ-ഓപറേറ്റീവ് ഫെഡറേഷന്‍ ചെയര്‍പേഴ്‌സണുമായ ആദിത്യ യാദവ് എന്നിവരാണ് ശിവ്പാല്‍ പക്ഷത്തെ പ്രമുഖര്‍. അഖിലേഷിനൊപ്പം ഭാര്യ ഡിംപിള്‍, മുലായം സിങിന്റെ അര്‍ധസഹോദരന്‍ രാംഗോപാല്‍ യാദവ്, സഹോദരി പുത്രന്‍ ധര്‍മേന്ദ്ര യാദവ്, രാംഗോപാലിന്റെ മകന്‍ അക്ഷയ് എന്നിവരാണുള്ളത്. പ്രദീഖിന്റെ ഭാര്യ അപര്‍ണ, മുലായത്തിന്റെ സഹോദരി പുത്രന്‍ തേജ് പ്രതാപ് സിങ്, മുലായത്തിന്റെ സഹോദരന്‍ രാജ്പാലിന്റെ ഭാര്യ പ്രേംലത എന്നിവര്‍ മുലായത്തിനൊപ്പം.
സ്ഥാനാര്‍ഥി നിര്‍ണയമാണ് പാര്‍ട്ടിയിലെ പ്രതിസന്ധി പരസ്യമായ പൊട്ടിത്തെറിയായി രൂപപ്പെടാന്‍ കാരണം. മുലായവുമായി തെറ്റിപ്പിരിഞ്ഞ അമര്‍സിങ് വീണ്ടും തിരിച്ചെത്തിയത് സാധനയുടെ തലയണ മന്ത്രം മൂലമാണെന്ന് അഖിലേഷ് പക്ഷം കരുതുന്നു. പ്രദീഖിന് രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെങ്കിലും ഭാര്യ അപര്‍ണയ്ക്ക് ലഖ്‌നോ കന്റോണ്‍—മെന്റ് സീറ്റ് നല്‍കണമെന്നാണ് സാധനയുടെ ആവശ്യം. ശിവ്പാലിന്റെയും  സാധനയുടെയും സ്വന്തക്കാരെ വെട്ടിവീഴ്ത്തിയാണ് തനിക്കെതിരായ ഗൂഢാലോചനയെ  അഖിലേഷ് നേരിട്ടത്. ആദ്യം ഗായത്രി പ്രജാപതി, രാജ് കിഷോര്‍ സിങ് എന്നിവരെയും പിന്നീട് ശിവ്പാല്‍ സിങിനെയും അഖിലേഷ്  നീക്കി. അതോടെ പൊട്ടിത്തെറി ഇപ്പോഴത്തെ അവസ്ഥയിലെത്തുകയും ചെയ്തു. ഇപ്പോഴും ഈ പ്രതിസന്ധിയുടെ കേന്ദ്രബിന്ദുവായ അമര്‍സിങും സാധനയും പരസ്യമായി രംഗത്തുവരാതെ കാണാമറയത്ത് നില്‍ക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day