|    Feb 28 Tue, 2017 1:53 am
FLASH NEWS

എസ്പിയില്‍ പൊട്ടിത്തെറി; ശിവ്പാല്‍ യാദവ് ഉള്‍പ്പെടെ നാലു പേരെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കി

Published : 24th October 2016 | Posted By: SMR

കെ എ സലിം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശ് സമാജ്‌വാദി പാര്‍ട്ടിയിലെ കുടുംബവഴക്ക് പുതിയ തലത്തിലേക്ക്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റും അമ്മാവനുമായ ശിവ്പാല്‍ യാദവ് ഉള്‍പ്പെടെ നാലു പേരെ മുഖ്യമന്ത്രി അഖിലേഷ് യാദവ് മന്ത്രിസഭയില്‍ നിന്നു പുറത്താക്കി. തൊട്ടുപിന്നാലെ അഖിലേഷിന്റെ അനുയായിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ രാംഗോപാല്‍ യാദവിനെ ശിവ്പാല്‍ യാദവ് ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി തിരിച്ചടിച്ചു.
മന്ത്രിമാരായിരുന്ന ശിവ്പാല്‍ യാദവിനെ കൂടാതെ നാരദ് റായി, ഓംപ്രകാശ് സിങ്, ഗായത്രി പ്രസാദ് പ്രജാപതി എന്നിവരെയാണ് അഖിലേഷ് പുറത്താക്കിയത്. സഹമന്ത്രി ശദബ് ഫാത്തിമയെയും പുറത്താക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ ലഖ്‌നോയില്‍ അഖിലേഷ് വിളിച്ച എംഎല്‍എമാരുടെ യോഗത്തിലാണ് പുറത്താക്കല്‍ പ്രഖ്യാപിച്ചത്. അമര്‍ സിങിന്റെ ആളുകള്‍ മന്ത്രിസഭയില്‍ ഉണ്ടാവില്ലെന്നും അഖിലേഷ് പ്രഖ്യാപിച്ചു. ശിവ്പാല്‍ യാദവിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ യോഗത്തിലേക്ക് വിളിച്ചിരുന്നില്ല. ആര്‍ക്കെങ്കിലും ശിവ്പാല്‍ യാദവിനൊപ്പം നില്‍ക്കണമെന്നുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്തുപോവാമെന്നും അഖിലേഷ് പറഞ്ഞു.
പുറത്താക്കല്‍ വാര്‍ത്ത പുറത്തുവന്ന ഉടനെ മുലായം സിങിന്റെ വസതിയിലെത്തിയ ശേഷമാണ് ശിവ്പാല്‍ യാദവ് രാംഗോപാല്‍ യാദവിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി പ്രഖ്യാപിച്ചത്. അഖിലേഷിനെ പിന്തുണച്ച് പാര്‍ട്ടി അംഗങ്ങള്‍ക്ക് കത്തെഴുതിയതിനാലാണ് നടപടി. രാംഗോപാല്‍ യാദവ് ബിജെപിയുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പ്രജാപതിയെ ഇത് രണ്ടാം തവണയാണ് അഖിലേഷ് മന്ത്രിസഭയില്‍ നിന്നു പുറത്താക്കുന്നത്. നേരത്തേ പുറത്താക്കപ്പെട്ട പ്രജാപതിയെ മുലായം സിങിന്റെ നിര്‍ബന്ധം മൂലം രണ്ടാഴ്ച മുമ്പ് അഖിലേഷ് തിരിച്ചെടുക്കുകയായിരുന്നു.
പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്നു മുലായം സിങ് നിര്‍ണായക യോഗം വിളിച്ചിരിക്കെയായിരുന്നു അഖിലേഷിന്റെ നീക്കം. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍, നിയമസഭാംഗങ്ങള്‍, എംപിമാര്‍, മുന്‍ എംപിമാര്‍, മുന്‍ എംഎല്‍എമാര്‍ തുടങ്ങിയവരെയായിരുന്നു യോഗത്തിലേക്ക് മുലായം ക്ഷണിച്ചിരുന്നത്.
ഇന്നലെ രാവിലെ രാജ്യസഭാംഗം കൂടിയായ രാംഗോപാല്‍ യാദവ് അഖിലേഷിനെ പാര്‍ട്ടിയുടെ ഭാവിയെന്നു വിശേഷിപ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി ഒരു പേജ് കത്തെഴുതി. അതില്‍ അഖിലേഷിനെ പിന്തുണയ്ക്കുന്നവര്‍ക്കു മാത്രമേ ഭാവിയുള്ളൂവെന്നു വ്യക്തമാക്കിയിരുന്നു. അഖിലേഷിനെതിരേ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിയമസഭ കാണാന്‍ കഴിയില്ല. അഖിലേഷ് എവിടെയുണ്ടോ അവിടെയാണ് വിജയമെന്നും കത്തില്‍ പറഞ്ഞു. തുടര്‍ന്നാണ് മന്ത്രിമാരെ പുറത്താക്കുന്ന നടപടികള്‍ ഉണ്ടാവുന്നത്.
അഖിലേഷിന്റെ സ്വന്തക്കാരനായ ഉദയ് വീര്‍സിങിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതിനു പിന്നാലെയാണ് നീറി നിന്ന പ്രശ്‌നങ്ങള്‍ പൊട്ടിത്തെറിച്ചത്. മുലായം സിങ് യാദവിന്റെ രണ്ടാം ഭാര്യ അഖിലേഷിനെതിരേ ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ച് മുലായമിനു കത്തെഴുതിയതിനെത്തുടര്‍ന്നായിരുന്നു പുറത്താക്കല്‍.
നവംബറില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടിയുടെ സില്‍വര്‍ ജൂബിലി ആഘോഷം അഖിലേഷ് അനുയായികള്‍ ബഹിഷ്‌കരിക്കണമെന്ന് നേരത്തേ ഉദയ് വീര്‍ ആഹ്വാനം ചെയ്തിരുന്നു. ആറു വര്‍ഷമായി ഉദയ് വീര്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിവരുകയാണെന്ന് ആരോപിച്ചായിരുന്നു മുലായം ഇയാളെ പുറത്താക്കിയത്.
തന്റെ സഹപാഠി കൂടിയായ ഉദയ് വീറിനെ പുറത്താക്കിയത് തനിക്കു വന്ന കടുത്ത തിരിച്ചടിയായാണ് അഖിലേഷ് കണ്ടത്. പിന്നാലെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് കാംപയിന്‍ നവംബര്‍ 3ന് താന്‍ ആരംഭിക്കുകയാണെന്ന് അഖിലേഷ് പ്രഖ്യാപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day