|    Jan 24 Tue, 2017 12:55 pm
FLASH NEWS

എസ്ഡിപിഐ പ്രവര്‍ത്തകനു നേരെ വധശ്രമം: അന്വേഷണം ഊര്‍ജിതം

Published : 15th November 2015 | Posted By: SMR

കുറ്റിയാടി: ടൗണില്‍ പട്ടാപകല്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ നിസാറിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തെ കുറിച്ച് പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. കോഴിക്കോട് റൂറല്‍ എസ്പി അഷ്‌റഫ്, ഡിവൈഎസ്പി പ്രേംദാസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരി, കുറ്റിയാടി സിഐ കുഞ്ഞിമൊയ്തീന്‍, ജി ശശികുമാറിന്റെ നേതൃത്വത്തിലുള്ള ഫോറന്‍സിക് വിഭാഗം, ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. വടകര റോഡില്‍ ഫാത്തിമ പര്‍ദ്ദാസ് എന്ന കട നടത്തുന്ന ചെറിയ കുമ്പളത്തെ രയരോത്ത് മീത്തല്‍ നിസാര്‍(45), സമീപത്തെ മഞ്ചാടി ഫാന്‍സി കടയുടമ അടുക്കത്ത്കുനിയില്‍ കുഞ്ഞബ്ദുല്ല(50), പച്ചക്കറി വ്യാപാരി മഞ്ചേരി പിലാക്കച്ചാല്‍ മുഹമ്മദ്(40) എന്നിവരെയാണ് കഴിഞ്ഞ ദിവസം അക്രമിസംഘം ബോംബെറിഞ്ഞും വെട്ടിയും പരിക്കേല്‍പ്പിച്ചത്.
നിസാര്‍ കോഴിക്കോട് സ്വകാര്യാശുപത്രിയിലും മറ്റു രണ്ടു പേര്‍ മെഡിക്കല്‍ കോളജാശുപത്രിയിലും ചികില്‍സയിലാണ്. കഴിഞ്ഞ ദിവസം രാവിലെ പത്തിനാണ് അക്രമം അരങ്ങേറിയത്. നിസാര്‍ കട തുറക്കുന്നതിനിടെ ബൈക്കുകളിലെത്തിയ സംഘം കടയില്‍ അതിക്രമിച്ചു കയറി ഇയാളെ വെട്ടുകയും സ്റ്റീല്‍ ബോംബ് എറിയുകയുമായിരുന്നു. പരിക്കേറ്റ നിസാര്‍ ബസ്റ്റാന്റിലേക്ക് ഓടി രക്ഷപ്പെട്ടു. ഓടുന്നതിനിടെ അക്രമിസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
നിസാറിന്റെ കട മറ്റൊരിടത്തേക്ക് മാറ്റുന്നതിനാല്‍ ഇവിടെ കുറച്ചു ദിവസമായി കട പ്രവര്‍ത്തിച്ചിരുന്നില്ല. ഇന്നലെ പുതുതായി തുടങ്ങുന്ന കടയിലേക്ക് നിസാറും സഹായിയും സാധനങ്ങള്‍ മാറ്റാനുള്ള ശ്രമത്തിനിടെയിലാണ് അക്രമം. കുറ്റിയാടിയില്‍ പച്ചക്കറി കച്ചവടം നടത്തുന്ന മുഹമ്മദ് ഭാര്യക്ക് വാങ്ങിയ പര്‍ദ്ദയുടെ നീളം കുറഞ്ഞതിനാല്‍ മാറ്റി വാങ്ങാന്‍ വന്നപ്പോഴാണ് അക്രമത്തിനിരയായത്.
ലുങ്കിമുണ്ട് ധരിച്ചെത്തിയ കണ്ടാലറിയാവുന്ന ആറംഗ സംഘമാണ് അക്രമത്തിനു പിന്നിലെന്ന് മുഹമ്മദ് പോലിസിന് മൊഴിനല്‍കി. നിസാറിന്റെ മൊഴി രേഖപ്പെടുത്താനായിട്ടില്ല. അക്രമിസംഘത്തിനും പരിക്കേറ്റതായി സംശയമുണ്ട്. ഇവര്‍ സഞ്ചരിച്ച വഴികളിലെല്ലാം രക്തതുള്ളി കാണപ്പെട്ടു. മുറിവേറ്റ അക്രമിസംഘം കണ്ണൂര്‍ ജില്ലയിലെ കൊളവല്ലൂരിലേക്ക് രക്ഷപ്പെട്ടതായാണ് പോലിസ് കരുതുന്നത്. സംഘത്തിലെ രണ്ടു പേര്‍ കായക്കൊടി പിഎച്ച്‌സിയില്‍ പ്രാഥമിക ചികില്‍സക്കു ശേഷം കണ്ണൂരിലേക്ക് കടന്നതെന്നാണ് സൂചന.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കുറ്റിയാടി, നാദാപുരം, തൊട്ടില്‍പാലം, പേരാമ്പ്ര, വളയം പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പത്തു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമി സംഘം സഞ്ചരിച്ചതെന്നു കരുതുന്ന വ്യാജ നമ്പറിലുള്ള ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 72 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക