|    Aug 21 Mon, 2017 10:16 am

എസ്ഡിപിഐ നേതാവിന് നേരെ നടന്ന കൊലപാതക ശ്രമം; പ്രതികളെ പിടികൂടാനായില്ല

Published : 28th November 2016 | Posted By: SMR

കടയ്ക്കല്‍: എസ്ഡിപിഐ നേതാവിനെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ പോലിസിനായില്ല. പ്രതികളെല്ലാവരും ഒളിവിലാണ്. എസ്ഡിപിഐ ചുണ്ട ബ്രാഞ്ച് സെക്രട്ടറി ചുണ്ട പൊയ്കയില്‍വീട്ടില്‍ ഇബ്രാഹിംകുട്ടിയുടെ മകന്‍ റാഫി(40)ക്ക് നേരെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ വധശ്രമമുണ്ടായത്. വെട്ടേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. കടയ്ക്കല്‍ പോലിസ് ഇന്നലെ ആശുപത്രിയിലെത്തി ഇദ്ദേഹത്തില്‍ മൊഴി രേഖപ്പെടുത്തി.  കഴിഞ്ഞ ദിവസം രാത്രി ചുണ്ടയില്‍ ചായക്കട നടത്തുന്ന റാഫി കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ റബര്‍ തോട്ടത്തില്‍ ഒളിഞ്ഞിരുന്ന സംഘം മാരകായുധങ്ങളുമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. റാഫിക്ക് തലയ്ക്ക് കൈയ്ക്കും വെട്ടേറ്റു. ശബ്ദം കേട്ട് സമീപത്തുള്ളവര്‍ ഓടിയെത്തിയതോടെ അക്രമി സംഘം ഓടിരക്ഷപ്പെടുകയായിരുന്നു.റാഫിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കലന്ദര്‍ഷാ(നാസര്‍), മുന്‍ വാര്‍ഡ് മെംബര്‍ മുണ്ടപ്പള്ളി ഇബ്രാഹിംകുട്ടി, പൂച്ചടഴികത്ത് കബീര്‍, കുളവേലില്‍ നവാസ് എന്നിവര്‍ക്കെതിരേ പോലിസ് കേസെടുത്തു. ആക്രമണത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ചുണ്ടയില്‍ നിന്നും ചെറുകുളത്തേക്ക് പ്രകടനം നടത്തി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. രണ്ടുദിവസത്തിനകം കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന സിഐയുടെ ഉറപ്പിലാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. ഉപരോധത്തില്‍ ജില്ലാ ഖജാഞ്ചി അയത്തില്‍ റസാഖ്, ജില്ലാ സെക്രട്ടറി ഷറാഫത്ത് മല്ലം, മണ്ഡലം പ്രസിഡന്റ് ജലീല്‍ കടയ്ക്കല്‍,നസിം, സുലൈമാന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക