|    Jan 24 Tue, 2017 2:38 am

എസ്ഡിപിഐ ദേശീയ കാംപയിന്‍ സംസ്ഥാനതല ഉദ്ഘാടനം നാളെ

Published : 11th December 2015 | Posted By: SMR

കോഴിക്കോട്: വര്‍ഗീയ ഭീകരതക്കെതിരേ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. വൈകീട്ട് നാലിന് കെ പി കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങ് ദേശീയ പ്രസിഡന്റ് എ സഈദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ് അധ്യക്ഷത വഹിക്കും.
തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സംഗമത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി പദവി രാജിവച്ച് ധീരമായ നിലപാടെടുത്ത എഴുത്തുകാരന്‍ പികെ പാറക്കടവിനെ ആദരിക്കും. കാംപയിന്റെ ഭാഗമായി ഈ മാസം 26ന് കൊടുങ്ങല്ലൂര്‍, 28ന് കാസര്‍കോട്, 30ന് ആലപ്പുഴ എന്നിവിടങ്ങളില്‍ മേഖലാ റാലികളും പൊതുസമ്മേളനങ്ങളും നടക്കും. സമ്മേളനങ്ങളില്‍ സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. ഇതോടനുബന്ധിച്ച് മണ്ഡലംതല വാഹന ജാഥകള്‍, പഞ്ചായത്ത് തല പദയാത്രകള്‍, സെമിനാറുകള്‍ എന്നിവ നടക്കും. കാംപയിന്റെ ഭാഗമായി തെരുവ് നാടകം, പരമ്പരാഗത കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ച് നടത്തുന്ന ‘നമ്മൊളൊന്ന്’ നാട്ടുകൂട്ടം പരിപാടികളും നടക്കും.
നിവര്‍ന്നു നില്‍ക്കുക മുട്ടിലിഴയരുത് വര്‍ഗീയതക്കെതിരേ ദേശീയ കാംപയിന്‍ എന്ന പേരിലാണ് പ്രചാരണം നടത്തുന്നത്. ഹിന്ദുത്വവര്‍ഗീയത സമാധാന ജീവിതത്തെയും മതമൈത്രിയെയും മനുഷ്യസൗഹൃദത്തെയും തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് പറഞ്ഞു. രാജ്യം അപകടകരമായ സ്ഥിതിവിശേഷത്തിലൂടെയാണ് കടന്നുപോവുന്നത്. നാനാത്വത്തില്‍ ഏകത്വമെന്ന ഉദാത്ത സങ്കല്‍പത്തെ തകര്‍ക്കാന്‍ സംഘപരിവാര ശക്തികള്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സോഷ്യലിസം, മതേതരത്വം എന്നീ ഭരണഘടനയിലെ പദങ്ങള്‍പോലും ഭരണകൂടത്തിന് അസഹ്യമായിരിക്കുന്നു. ദലിതുകള്‍ക്കെതിരേയുള്ള ജാതിപരമായ മുന്‍വിധിയും ക്രൂരതകളും വര്‍ധിച്ചുവരികയാണ്. ജാതിയുടെയും വംശശുദ്ധിയുടെയും മറപിടിച്ചാണ് ഹരിയാനയില്‍ ദലിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്നത്. മാട്ടിറച്ചി ഭക്ഷിച്ചുവെന്ന വ്യാജപ്രചാരണം നടത്തിയാണ് ദാദ്രിയില്‍ അഖ്‌ലാഖിനെ തല്ലിക്കൊന്നത്. അന്ധവിശ്വാസങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരേ നിലപാടെടുക്കുന്ന പുരോഗമന ചിന്തകരെയും എഴുത്തുകാരെയും വധിക്കുന്നു. നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ പന്‍സാരെ, എം എം കല്‍ബുര്‍ഗി തുടങ്ങിയവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഗുജറാത്ത് വംശഹത്യയുടെ ഇരകള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയെന്ന കാരണത്താല്‍ സഞ്ജീവ് ഭട്ടിനെയും ടീസ്റ്റ സെറ്റില്‍വാദിനെയും എംബി ശ്രീകുമാറിനെയും കള്ളക്കേസില്‍ കുടുക്കി വേട്ടയാടുകയാണ്. എന്‍ഡിഎ ഭരണകൂടത്തിന്റെ സംരക്ഷണയിലാണ് ഇത്തരം പ്രവര്‍ത്തനം നടക്കുന്നത്. ഈ സാഹചര്യത്തിലാണ് എസ്ഡിപിഐ ദേശവ്യാപകമായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും അബ്ദുല്‍ ഹമീദ് പറഞ്ഞു.
സംസ്ഥാന ഖജാഞ്ചി ജലീല്‍ നീലാമ്പ്ര, സംസ്ഥാന സമിതിയംഗം ടി കെ കുഞ്ഞമ്മത് ഫൈസി പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 102 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക