|    Sep 26 Tue, 2017 12:51 pm

എസ്ഡിപിഐ ഓഫിസ് ആക്രമണം: കേസെടുക്കാത്തതില്‍ പ്രതിഷേധം

Published : 22nd October 2016 | Posted By: SMR

പരപ്പനങ്ങാടി: കോളജ് തിരഞ്ഞെടുപ്പിന്റെ മറവില്‍ എസ്ഡിപിഐ ഓഫിസ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസെടുക്കാത്തതില്‍ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് പിഎസ്എംഒ കോളജിലെ തിരഞ്ഞെടുപ്പിന്റെ മറവില്‍ മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ തിരൂരങ്ങാടി മണ്ഡലം എസ്ഡിപിഐ ഓഫിസ് എറിഞ്ഞ് തകര്‍ക്കുകയും വിദ്യാര്‍ഥികളടക്കമുള്ളവരെ പരിക്കേല്‍പ്പിക്കുകയും ചെയ്തത്. അക്രമത്തിനു നേതൃത്വം കൊടുത്ത മുസ്്‌ലിംലീഗ് നേതാക്കളെയടക്കം പ്രതിച്ചേര്‍ത്ത് എസ്ഡിപിഐ മണ്ഡലം പ്രസി അഷ്‌റഫ് കോഴിച്ചെന പോലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, നടപടിയെടുക്കാന്‍ ഇതുവരെ തിരൂരങ്ങാടി പോലിസ് തയ്യാറായിട്ടില്ല. മാത്രമല്ല, ആക്രമത്തില്‍ പരിക്കേറ്റ എസ്ഡിപിഐ പ്രവര്‍ത്തകരായ ഉബൈദ്, ഉമറലി, ഇര്‍ഫാന്‍, മുബശിര്‍, നാസര്‍ എന്നിവര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി ജയിലിലടച്ചു. ഇതില്‍ ഗുരുതര പരിക്കേറ്റ ഉബൈദിനെ മുറിവില്‍ തുന്നി കെട്ടിയാണ് ചികില്‍സ നല്‍കാതെ ജയിലിലടച്ചത്. ലീഗ് പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ അബ്ദുല്‍ നാസറിനെ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജില്‍ ഇന്നലെ ഓപറേഷന് വിധേയമാക്കി. ഈ കേസിലും ഇതുവരെ പോലിസ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയിട്ടില്ല. ഓഫിസ് ആക്രമിക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടും നടപടിയെടുക്കാത്തതിന് കാരണം ഡിവൈഎസ്പിയുടെ നിര്‍ദേശമാണത്രേ. തിരൂരങ്ങാടിയിലെ സ്ഥിരം സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന കെഎംസിസി നേതാവിന്റെ സ്വാധീനത്തിന് വിധേയമായാണ് പോലിസ് നീങ്ങുന്നതെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്്. ഇരകള്‍ക്ക് നീതി നിഷേധിക്കുന്ന പോലിസ് നിലപാട് ശക്തമായ പ്രത്യാഘാതത്തിന് ഇടയാക്കുമെന്ന് എസ്ഡിപിഐ നേതാക്കളായ ജമാല്‍ തിരൂരങ്ങാടി, സിറാജ് തിരൂരങ്ങാടി മുന്നറിയിപ്പ് നല്‍കി. സ്ഥിരമായി കോളജ് തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ നേതൃത്വം നല്‍കുന്ന ചാപ്പനങ്ങാടി സ്വദേശിയെ അടക്കം അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്ന് കാംപസ് ഫ്രണ്ട് നേതാക്കളായ സലീം കുറ്റിപ്പുറം, മന്‍സൂര്‍ കോട്ടക്കല്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക