|    Oct 18 Wed, 2017 6:42 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എസ്ഡിപിഐയുടെ സ്വാധീനം കൂടിവരുന്നു, കൊലപാതക പരിശീലനം നല്‍കുന്ന സംഘടനയെന്നു മുഖ്യമന്ത്രി

Published : 19th July 2016 | Posted By: sdq

തിരുവനന്തപുരം: കൊലപാതകം നടത്താന്‍ പരിശീലനം നല്‍കുന്ന ചില സംഘങ്ങള്‍ സംസ്ഥാനത്തുണ്ടെന്നും അത്തരത്തിലൊന്നാണ് എസ്ഡിപിഐ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. വേളത്ത് മുസ്‌ലിംലീഗ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
എങ്ങനെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തണമെന്നല്ല ഇവര്‍ പരിശീലനം നല്‍കുന്നത്. എസ്ഡിപിഐയുടെ സ്വാധീനം സംസ്ഥാനത്ത് കൂടിവരുകയാണ്. വേളത്തെ കൊലപാതകത്തില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയിലാവുകയും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൊലപാതകം ആസൂത്രിതമാണോ, കേസന്വേഷിക്കാന്‍ പ്രത്യേക സംഘം വേണ്ടതുണ്ടോ എന്നീ കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനിക്കും. ലാഘവത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പോലിസ് സ്‌റ്റേഷനുകളില്‍ ബിരിയാണി വിളമ്പുന്ന കാലം അവസാനിച്ചെന്നും ആരോപണങ്ങള്‍ക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കുറ്റിയാടി മേഖലയില്‍ പോലിസും എസ്ഡിപിഐ പ്രവര്‍ത്തകരും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന് പാറയ്ക്കല്‍ അബ്ദുല്ല ആരോപിച്ചു.
വേളം കൊലപാതകത്തിലെ പ്രതികള്‍ക്ക് പോലിസ് ബിരിയാണി നല്‍കി സല്‍ക്കരിച്ചു. മാത്രമല്ല ചെറിയ കേസില്‍ അറസ്റ്റിലായ യൂത്ത്‌ലീഗ് പ്രവര്‍ത്തകരെ പോലിസ് ക്രൂര മര്‍ദ്ദനത്തിനിരയാക്കി. പോലിസ് എസ്ഡിപിഐയുടെ പണത്തിന്റെ സ്വാധീനത്തിനു വഴങ്ങുകയാണ്. ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഇത്തരത്തിലുള്ള സംഘടനയ്‌ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ മടിക്കുകയാണെന്നും പാറയ്ക്കല്‍ അബ്ദുല്ല ആരോപിച്ചു.
അടിയന്തരപ്രമേയം ചര്‍ച്ചചെയ്യാന്‍ പ്രതിപക്ഷം അനുമതി തേടിയെങ്കിലും മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്നു പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക