|    Nov 15 Thu, 2018 6:05 pm
FLASH NEWS

എസ്എസ്എല്‍സി പരീക്ഷ തുടങ്ങി; മലയാളം വലച്ചില്ലെന്ന് വിദ്യാര്‍ഥികള്‍

Published : 8th March 2018 | Posted By: kasim kzm

ആലപ്പുഴ: ജില്ലയിലെ വിവിധ വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി  24041 വിദ്യാര്‍ഥികള്‍ എഴുതുന്ന എസ്എസ്എല്‍സി പരീക്ഷക്കു തുടക്കം. ആദ്യ ദിനത്തിലെ പരീക്ഷയായ മലയാളം എളുപ്പമായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. മലയാളത്തിന് പുറമേ മറ്റ് ഓപ്ഷനുകളായ സംസ്‌കൃതം,അറബി പരീക്ഷകളും ഇന്നലെ നടന്നു. ഇവയും എളുപ്പമായിരുന്നുവെന്നാണ് വിദ്യാര്‍ഥികളുടെ പക്ഷം. ഉച്ചയ്ക്ക് 1.30 മുതലാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിച്ചത്. അതേസമയം രാവിലെ 10 മുതല്‍ ഹയര്‍ സെക്കന്‍ഡറി വിഎച്ച്എസ്ഇ പരീക്ഷകളും ആരംഭിച്ചിരുന്നു. കുപ്പിവെളളം പരീക്ഷാഹാളുകളില്‍ അനുവദിച്ചത് കനത്തചൂടില്‍ വലഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ഏറെ ആശ്വാസമായിരുന്നു.
ലോക്കറുകളിലുള്ള ചോദ്യക്കടലാസ്സുകള്‍  രാവിലെ ഒമ്പതു മണിയോടെ തന്നെ സ്‌കൂളുകളിലെത്തിച്ചിരുന്നു. ഇതിനായി പ്രത്യേക ഉദ്യോഗസംഘത്തെ നിയമിച്ചിരുന്നു. സ്‌കൂളുകളില്‍ ചീഫ് എക്‌സാമിനറും ഡപ്യൂട്ടി ചീഫ് എക്‌സാമിനറും ഏറ്റുവാങ്ങിയ ചോദ്യപേപ്പറുകള്‍ ഉച്ചയ്ക്ക് ഒന്നര വരെ സ്‌കൂള്‍ ലോക്കറില്‍ സൂക്ഷിച്ചു .മറ്റ് ജീവനക്കാരെ ഏല്‍പ്പിക്കാതെ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ചോദ്യപേപ്പര്‍ ഓരോ ക്ലാസ്സ് മുറിയിലും എത്തിച്ച് ഇന്‍വിജിലേറ്റര്‍ക്ക് നല്‍കുകയായിരുന്നു.
ജില്ലയില്‍ 199 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ നടന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് മാവേലിക്കര ഉപജില്ലയിലായിരുന്നു. 1827 ഇന്‍വിജിലേറ്റര്‍മാരെയാണ് പരീക്ഷക്കായി നിയോഗിച്ചിരുന്നത്. ചോദ്യക്കടലാസ്സുകള്‍ സൂക്ഷിച്ചിട്ടുള്ള ട്രഷറികളിലും ബാങ്കുകളിലും പോലിസ് സുരക്ഷയും വൈദ്യുതി തടസ്സം ഉണ്ടാകാതിരിക്കുന്നതിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിയിരുന്നു.
പരീക്ഷ ക്രമക്കേടുകള്‍ തടയുന്നതിന് സംസ്ഥാന, ആര്‍ഡിഡി ജില്ലാതലങ്ങളില്‍ വിജിലന്‍സ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിനു പുറമേ സെക്രട്ടേറിയേറ്റില്‍ നിന്നുള്ള സ്‌ക്വാഡിനെയും നിയോഗിച്ചിരുന്നു. ഏപ്രില്‍ നാലിനാണ് മൂല്യ നിര്‍ണയം തുടങ്ങുന്നത്.
പരീക്ഷയെഴുതാന്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14805 വിദ്യാര്‍ഥികള്‍  കുറവാണ്. കഴിഞ്ഞ വര്‍ഷം പരീക്ഷയെഴുതിയത് 4,55,908 പേരായിരുന്നു. 224564 ആണ്‍കുട്ടികളും 216539 പെണ്‍കുട്ടികളുമാണ് ഇക്കുറി പരീക്ഷയെഴുതുന്നത്. 2751 പേര്‍ പ്രൈവറ്റായും പരീക്ഷയെഴുതുന്നുണ്ട്. 2935 പരീക്ഷാ കേന്ദ്രങ്ങളാണ് സംസ്ഥാനത്തൊട്ടാകെയുള്ളത്. ഇതില്‍ 1160 സര്‍ക്കാര്‍ സ്‌കൂളുകളിലായി 144999 പേരും 1433 എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 264980 പേരും പരീക്ഷയെഴുതുന്നു. 453 എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 31118 വിദ്യാര്‍ഥികളും പരീക്ഷയെഴുതുന്നുണ്ട്.
ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്നത് മലപ്പുറം എടരിക്കോട് പികെഎംഎം ഹയര്‍  സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ്. 2422 പേര്‍. കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് കോഴിക്കോട് ബേപ്പൂര്‍ ജിആര്‍എഫ്ടിഎച്ച്എസ്. ആന്റ് വിഎച്ച്എസില്‍ ആണ്. രണ്ട്  വിദ്യാര്‍ഥികള്‍ മാത്രം. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്ന വിദ്യാഭ്യാസ ജില്ലയും മലപ്പുറം  തന്നെയാണ്. ഗള്‍ഫിലെ 9 പരീക്ഷാ കേന്ദ്രങ്ങളിലായി 550 പേരും പരീക്ഷയെഴുതുന്നുണ്ട്. ലക്ഷദ്വീപിലെ ഒമ്പത്  കേന്ദ്രങ്ങളില്‍ 789 പേരും പരീക്ഷക്ക് ഇരിക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss