|    Aug 21 Tue, 2018 11:11 am
FLASH NEWS

എസ്എസ്എല്‍സി പഠന നിലവാരമുയര്‍ത്താന്‍ കര്‍മപദ്ധതി

Published : 5th August 2018 | Posted By: kasim kzm

കണ്ണൂര്‍: ജില്ലയിലെ എസ്എസ്എല്‍സി പഠനം മികവുറ്റതാക്കാനും പരീക്ഷയെഴുതുന്ന മുഴുവന്‍ കുട്ടികളെയും ഉപരിപഠനത്തിന് യോഗ്യരാക്കാനുമായി ഡിവിഷന്‍തല കര്‍മ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. സപ്തംബര്‍ 18 മുതല്‍ ഒക്‌ടോബര്‍ 18 വരെ നീളുന്ന വിവിധ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിനു മുന്നോടിയായി ജില്ലാപഞ്ചായത്ത് ഡിവിഷന്‍ തലത്തില്‍ ജില്ലയിലെ സ്‌കൂളുകള്‍ കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ കാഴ്ചവച്ച പ്രകടനം വിശദമായി വിലയിരുത്തി.
അവലോകനത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഓരോ പ്രദേശവും സ്‌കൂളും കേന്ദ്രീകരിച്ചുള്ള സവിശേഷമായ കര്‍മ പദ്ധതിയാണ് നടപ്പാക്കുകയെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്റ് കെ വി സുമേഷ് അറിയിച്ചു. ഡിഇഒ, എഇഒ, ഡിവിഷന്‍ അംഗം, സ്‌കൂള്‍ അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് സ്‌കൂള്‍ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. മയ്യില്‍ ഡിവിഷന്‍ പരിധിയിലെ സ്‌കൂളുകളില്‍ പത്താംതരം പരീക്ഷയ്ക്കിരുന്ന മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി അവലോകനത്തില്‍ കണ്ടെത്തി. മൂന്ന് സ്‌കൂളുകളിലായി 862 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 104 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടാനായി.
ജില്ലയിലെ 24ല്‍ 12 ഡിവിഷനുകളിലെ സ്‌കൂളുകളിലും വിജയശതമാനം 99നു മുകളില്‍ നിലനിര്‍ത്താനായി. പല സ്‌കൂളുകളിലും ഒന്നോ രണ്ടോ കുട്ടികള്‍ക്ക് മാത്രമാണ് കഴിഞ്ഞ പരീക്ഷയില്‍ യോഗ്യത നേടാനാവാതെ പോയത്. കഴിഞ്ഞ വര്‍ഷത്തെ പിഴവുകള്‍ കണ്ടെത്തി അവ തിരുത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളാനും യോഗം തീരുമാനിച്ചു.
പ്രത്യേക പഠന ക്യാംപുകള്‍, രാവിലെയും വൈകീട്ടുമുള്ള പ്രത്യേക സെഷനുകള്‍, സബ്ജക്റ്റ് ക്ലിനിക്കുകള്‍, ഗൃഹസന്ദര്‍ശനങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടത്തും. അടുത്തവര്‍ഷം പരീക്ഷയെഴുതുന്നവരില്‍ ചുരുങ്ങിയത് 80 ശതമാനം കുട്ടികള്‍ക്കും സി പ്ലസില്‍ കുറയാത്ത ഗ്രേഡും 20 ശതമാനം പേര്‍ക്കും എല്ലാ വിഷയങ്ങളിലും എ പ്ലസും നേടാന്‍ സാഹചര്യമൊരുക്കുകയാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന പഠനപ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയില്‍ കൂടുതല്‍ വിദ്യാര്‍ഥികളും പിറകില്‍ നില്‍ക്കുന്ന ഗണിതം, സാമൂഹിക ശാസ്ത്രം, രസതന്ത്രം എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കും. കഴിഞ്ഞ തവണ പിന്നാക്കം പോയ മേഖലകളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കാനും യോഗം തീരുമാനമായി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss