|    May 28 Sun, 2017 10:27 am
FLASH NEWS

എസ്എന്‍ഡിപി അന്ധകാര ശക്തികളെ ഘടകകക്ഷി ആക്കിയത് ഗുരുനിന്ദ

Published : 17th October 2016 | Posted By: SMR

കണ്ണൂര്‍: എസ്എന്‍ഡിപി യോഗം നേതൃത്വത്തിനെതിരേ ഒളിയമ്പുകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് സമൂഹത്തില്‍ അന്ധത തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണ് ചിലരെന്നും ഇക്കൂട്ടര്‍ അന്ധകാരശക്തികളെ ഘടകകക്ഷിയാക്കിയത് തികഞ്ഞ ഗുരുനിന്ദയാണെന്നും പിണറായി പറഞ്ഞു. നമുക്ക് ജാതിയില്ലാ വിളംബര ശതാബ്ദിയാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഗുരു ഏതൊക്കെ ദര്‍ശനങ്ങളെ ഉയര്‍ത്തിക്കാട്ടിയോ, അതിനെയൊക്കെ തമസ്‌കരിക്കുന്ന ശക്തികള്‍ നാട്ടില്‍ തലപൊക്കി തുടങ്ങിയിട്ടുണ്ട്. ഗുരുവിനെ പ്രത്യേക ജാതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുകയാണ് ഇക്കൂട്ടര്‍. ജാതിയെക്കുറിച്ച് മേന്മ നടിക്കുന്നവര്‍ നാടിനെ അന്ധകാരത്തിലേക്കു നയിക്കുകയാണ്. ഇന്ന് എസ്എന്‍ഡിപിയുടെ തലപ്പത്തുള്ളവര്‍ ചോദിക്കുന്നു, ജാതി പറഞ്ഞാല്‍ എന്താണെന്ന്. ജാതിയെക്കുറിച്ച് ചിന്തിക്കരുത് എന്നാണ് ഗുരുവചനം. പലരും ആലോചിക്കുന്നു, ഗുരുവാണോ, അതോ ഗുരുവചനങ്ങളെ തിരുത്തുന്ന ഇക്കൂട്ടരാണോ ശരി.
ഗുരുചിന്തകള്‍ രണ്ടു തരത്തിലുള്ള അപകടങ്ങള്‍ അഭിമുഖീകരിക്കുകയാണ്. ഒന്ന്, ഗുരുവിന്റെ ശിഷ്യരെന്ന് നടിക്കുന്നവര്‍ അദ്ദേഹത്തിന്റെ തത്വങ്ങളെ ഇടുങ്ങിയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നു. മറ്റൊന്ന്, വിശ്വാസപ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് പിന്നാക്ക ജനവിഭാഗങ്ങളെ രാഷ്ട്രീയലക്ഷ്യപ്രാപ്തിക്കായി ഉപയോഗിക്കുന്നു. ഇതിനെതിരേ സമൂഹം പൊരുതണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day