|    Jul 27 Thu, 2017 2:30 pm
FLASH NEWS

എസ്എന്‍ഡിപിയുടെ കെട്ടിടം പോലിസ് കാവലില്‍ ഒഴിപ്പിച്ചു

Published : 18th October 2016 | Posted By: Abbasali tf

തൊടുപുഴ: അറക്കുളം 12ാം മൈലില്‍ എസ്എന്‍ഡിപിയുടെ കൈവശമിരുന്ന കെട്ടിടം പോലിസ് കാവലില്‍ ഒഴിപ്പിച്ചു. ബലപ്രയോഗത്തിലൂടെയാണ് കോടതി ഉത്തരവ് നടപ്പാക്കിയത്. 1942 മുതല്‍ എസ്എന്‍ഡിപി മൂലമറ്റം ശാഖയുടെ കൈവശത്തിലിരുന്ന മൂന്ന് സെന്റ് സ്ഥലത്തെ കെട്ടിടം ഒഴിപ്പിക്കാന്‍ തൊടുപുഴ മുന്‍സിഫ് കോടതി ഏതാനും നാളുകള്‍ക്ക് മുമ്പ് ഉത്തരവിട്ടിരുന്നു.സമീപവാസിയായ താഴത്തുമനയില്‍ ലളിതാംബികയുടെ ഹരജിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുത്തരവ്. ഉത്തരവ് നടപ്പാക്കാനായി രണ്ട് പ്രാവശ്യം ആമീന്‍ എത്തിയെങ്കിലും നടന്നില്ല. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ പ്രാര്‍ത്ഥന നടത്തുന്നതിനാല്‍ അന്ന് ആമീന്‍ മടങ്ങുകയായിരുന്നു. ഇതേ തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ പൂട്ട് പൊളിച്ച് അകത്ത് കടക്കാനുള്ള ഉത്തരവുമായ ആമീന്‍ വീണ്ടുമെത്തിയത്. കോടതി ഉത്തരവ് നടപ്പാക്കാനെത്തുന്ന ആമീന് വേണ്ട സംരക്ഷണം കൊടുക്കണമെന്ന് പോലിസിനു നിര്‍ദേശം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞാര്‍, മുട്ടം എന്നീ സ്റ്റേഷനുകളില്‍ നിന്നും ഇടുക്കി എആര്‍ ക്യാംപില്‍ നിന്നും വന്‍ പോലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു. 11നു ശേഷം ആമീനെത്തിയപ്പോഴേക്കും സ്ത്രീകളടക്കമുള്ള നൂറ്റമ്പതോളം ശ്രീനാരായണ ഭക്തര്‍ പ്രാര്‍ഥനയുമായി കെട്ടിടത്തിനു ചുറ്റും നിലയുറപ്പിച്ചിരുന്നു. ഇവര്‍ മാറാതായതോടെ ബലം പ്രയോഗിച്ച് മറ്റുന്നതിനു ശ്രമം ആരംഭിച്ചു. ഇതിനിടെ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ സര്‍വേ നമ്പരില്‍ വ്യത്യാസമുണ്ടെന്നും അതിനാല്‍ ഉത്തരവ് നടപ്പാക്കരുതെന്നും ആവശ്യപ്പെട്ട് എസ്എന്‍ഡിപി മൂലമറ്റം ശാഖാ ഭാരവാഹികള്‍ രംഗത്തെത്തി. ഇതേ തുടര്‍ന്ന് ഏറെ സമയം പോലിസുമായും എതിര്‍കക്ഷികളുമായി ശാഖാ ഭാരവാഹികള്‍ വാക്കേറ്റമുണ്ടായി. വാക്കേറ്റം നേരിയ സംഘര്‍ഷത്തിലേക്ക് കടന്നതോടെ ഇക്കാര്യങ്ങള്‍ കോടതിയില്‍ രേഖാമൂലം സമര്‍പ്പിക്കണമെന്ന് ആമീന്‍ നിര്‍ദേശിച്ചു. ഇതിനു ശേഷം പ്രാര്‍ത്ഥനയിലേര്‍പ്പെട്ടിരുന്ന സ്ത്രീകളെ വനിതാ പോലിസുകാരുടെ നേതൃത്വത്തില്‍ സ്ഥലത്തു നിന്നും ബലമായി മാറ്റി. തുടര്‍ന്ന് പൂട്ടിക്കിടന്ന കെട്ടിടത്തിന്റെ വാതില്‍ ബലമായി കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിക്കുകയായിരുന്നു. അകത്തു കയറിയ ആമീന്‍ ഉള്‍പ്പെടെയുള്ളവര്‍  പോലിസിന്റെ സഹായത്തോടെ കെട്ടിടത്തിനുള്ളിലെ സാധന സാമഗ്രികള്‍ പുറത്തെത്തിച്ചു. ശേഷം കെട്ടിടത്തിനുള്ളില്‍ സ്ഥാപിച്ച ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയും ഇളക്കി നീക്കി. ഇതിനിടെ പല പ്രാവശ്യം ഇരു വിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായെങ്കിലും കാഞ്ഞാര്‍ എസ്‌ഐ വി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇടപെട്ട് രംഗം ശാന്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക