|    Apr 20 Fri, 2018 10:38 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

എസി ഉപയോഗിക്കുന്നതിനെച്ചൊല്ലി തര്‍ക്കം: ഭാര്യയെയും മകനെയും ഗൃഹനാഥന്‍ തലയ്ക്കടിച്ചു കൊന്നു

Published : 10th April 2016 | Posted By: SMR

അങ്കമാലി: കുടുംബ കലഹത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ ഭാര്യയെയും മകനെയും തലയ്ക്കടിച്ചു കൊന്നു. എറണാകുളം ജില്ലയില്‍ കറുകുറ്റി പൈനാടത്ത് വീട്ടില്‍ പോളിന്റെ ഭാര്യ മേരി(74), മകന്‍ തോമസ് (54) എന്നിവരാണ് കമ്പിവടി കൊണ്ടുള്ള ഗൃഹനാഥന്റെ അടിയേറ്റു മരണമടഞ്ഞത്. ഇവരെ കൊലപ്പെടുത്തിയ പ്രതി പോളി(84)നെ അങ്കമാലി പോലിസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്നലെ പുലര്‍ച്ചെ 1.30ഓടെയാണു സംഭവം. റിട്ടയേഡ് റെയില്‍വേ ഓഫിസ് സൂപ്രണ്ടായ പോളും കൊല്ലപ്പെട്ട ഭാര്യ മേരിയും മകന്‍ തോമസും ഒരുമിച്ചായിരുന്നു താമസം. ഭാര്യയും മകനുമായി പോള്‍ കുറച്ചുകാലമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു. വീട്ടിലെ വൈദ്യുതി ബില്ല് കുത്തനെ ഉയരുന്നതിനെക്കുറിച്ചും സന്ധ്യാപ്രാര്‍ഥന നടത്താത്തതിനെക്കുറിച്ചും വീട്ടു ചെലവുകളെക്കുറിച്ചുമായിരുന്നു പ്രധാനമായും തര്‍ക്കം നടന്നിരുന്നത്. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പും തര്‍ക്കമുണ്ടായിരുന്നു. രാത്രി 1.30ഓടെ എഴുന്നേറ്റപ്പോള്‍ ഭാര്യയും മകനും കിടക്കുന്ന മുറിയില്‍ എസി ഓണായി കിടക്കുന്നതു കണ്ടു. ഇതില്‍ അരിശംപൂണ്ട പോള്‍ വീടിന്റെ പിന്നിലുള്ള ഷെഡ്ഡില്‍ നിന്ന് കമ്പിവടി എടുത്തുകൊണ്ടു വന്ന് ഇരുവരുടെയും തലയ്ക്ക് അടിക്കുകയായിരുന്നു. മുറിയിലേക്ക് കമ്പിയുമായി കടന്ന പോള്‍ ആദ്യം തോമസിനെയാണ് അടിച്ചത്. സംഭവം കണ്ട് നിലവിളിച്ച മേരിയെയും അടിച്ചു. അതിനുശേഷം പോള്‍ തന്നെയാണ്, ഭാര്യയെയും മകനെയും കമ്പിവടി കൊണ്ട് അടിച്ചുകൊന്നുവെന്നും താന്‍ ആത്മഹത്യ ചെയ്യുവാന്‍ പോവുകയാണെന്നും ബന്ധുക്കളെ ഫോണില്‍ വിളിച്ച് അറിയിച്ചത്. റെയില്‍വേ സൂപ്രണ്ട് പദവിയില്‍നിന്നു വിരമിച്ച പോളിന്റെ പെന്‍ഷന്‍ തുകകൊണ്ടാണ് കുടുംബം കഴിഞ്ഞുപോന്നത്.
ഭാര്യയും മകനും ചേര്‍ന്ന് പോളിനെ മര്‍ദ്ദിക്കല്‍ നിത്യസംഭവമായിരുന്നുവെന്നു പറയപ്പെടുന്നു. പോളിന്റെ ഫോണ്‍സന്ദേശം ലഭിച്ച ബന്ധുക്കള്‍ അങ്കമാലി പോലിസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഇതേത്തുടര്‍ന്ന് കറുകുറ്റിയിലെ വീട്ടിലെത്തിയ ഹൈവേ പോലിസ് അഗ്നിശമന സേനയുടെ ആംബുലന്‍സില്‍ മേരിയെയും തോമസിനെയും അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയില്‍ എത്തിച്ചു. തോമസ് സംഭവസ്ഥലത്തു വച്ചുതന്നെ മരണമടഞ്ഞിരുന്നു. മേരി ആശുപത്രിയില്‍ വച്ചാണു മരണമടഞ്ഞത്. ഇതിനിടയില്‍ പോള്‍ വീടിന്റെ സമീപത്തുള്ള പുരയിടത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇതു കണ്ട നാട്ടുകാര്‍ തടഞ്ഞു.
സംഭവം നടക്കുമ്പോള്‍ പോളിന്റെ മകന്റെ മകള്‍ മറ്റൊരു മുറിയില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. മറ്റു മക്കള്‍: ജോണി, റിമ, ട്രീസ. കൊല്ലപ്പെട്ട മേരിയുടെയും തോമസിന്റെ മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss