|    Jan 17 Tue, 2017 6:32 pm
FLASH NEWS

എവിടെ പോവുന്നു നമ്മുടെ കുട്ടികള്‍

Published : 6th February 2016 | Posted By: SMR

ടി ഷാഹുല്‍ ഹമീദ്

രാജ്യത്തുനിന്ന് കുട്ടികളെ കാണാതാവുന്നതു സംബന്ധിച്ച് സുപ്രിംകോടതി ഉയര്‍ത്തിയ ആശങ്ക പങ്കുവയ്ക്കുന്നവരാണ് നമ്മളെല്ലാവരും. എങ്കിലും ബന്ധപ്പെട്ടവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടില്ല എന്നാണ് കാണാതാവുന്ന കുട്ടികളുടെ എണ്ണത്തിലെ വര്‍ധന തെളിയിക്കുന്നത്. രാജ്യം ഗൗരവപൂര്‍ണമായി ശ്രദ്ധിക്കേണ്ട വിഷയമായിട്ടും ആരും ഈ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നില്ലെന്നും ഇത് വിരോധാഭാസമായ നടപടിയാണെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ടിട്ടും ഓരോ വര്‍ഷവും ഒരുലക്ഷം കുട്ടികളെ ഇന്ത്യയില്‍ കാണാതാവുന്നു എന്നത് രാജ്യസ്‌നേഹികളുടെ അടിയന്തര ശ്രദ്ധപതിയേണ്ട വിഷയമാണ്.
2011 മുതല്‍ 2014 വരെ ഇന്ത്യയില്‍ മൂന്നരലക്ഷം കുട്ടികളെ കാണാതായിട്ടുണ്ട്. അവരില്‍ 55 ശതമാനം പെണ്‍കുട്ടികളാണ്. 45 ശതമാനം കുട്ടികളെയും കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല എന്നറിയുമ്പോഴാണ് രാജ്യം ഇത്രയധികം പുരോഗതി പ്രാപിച്ചിട്ടും ആധുനിക സംവിധാനങ്ങള്‍ വളര്‍ന്നു പന്തലിച്ചിട്ടും നമ്മുടെ ഏജന്‍സികള്‍ നിര്‍ജീവവും ഉത്തരവാദിത്തരഹിതവും ആണെന്ന് മനസ്സിലാവുക.
നാഷനല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയില്‍ ഓരോ എട്ടു മിനിറ്റിലും ഒരു കുട്ടിയെ കാണാതാവുന്നു. പ്രതിവര്‍ഷം പാകിസ്താനില്‍ 3,000 കുട്ടികളെയാണ് കാണാതാവുന്നത്. ഇന്ത്യയിലെ ഞെട്ടിപ്പിക്കുന്ന കണക്ക്, പരിഹാരം ഉടന്‍ കാണേണ്ട ഒരു സാമൂഹികപ്രശ്‌നമായി അവശേഷിക്കുന്നു. ജനസംഖ്യ വര്‍ധനകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന വാദം പൊളിയാണ്. കാരണം, ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയില്‍ പ്രതിവര്‍ഷം 10,000 കുട്ടികളെ മാത്രമാണു കാണാതാവുന്നത്. ലാഘവബുദ്ധിയോടെയാണ് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ സാമൂഹിക വിപത്തിനെ നാം നോക്കിക്കാണുന്നത്.
ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയില്‍ 2011ല്‍ 90,654, 2012ല്‍ 65,038, 2013ല്‍ 77,721, 2014ല്‍ 73,549, 2015 ഏപ്രില്‍ വരെ 15,988 എന്നിങ്ങനെ കുട്ടികളെ കാണാതായിട്ടുണ്ട്. 1,48,115 കുട്ടികളെ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്ന വസ്തുതയും കൂടി അപഗ്രഥിച്ചാല്‍ മാഫിയകള്‍ ഇതിനു പിന്നിലുണ്ടെന്നു സംശയിക്കേണ്ടതായിവരും. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ ഉള്‍പ്പെടെ കടത്തിക്കൊണ്ടുപോവുന്ന റാക്കറ്റ്, വലിയ ഒരു ശൃംഖലയായി വളര്‍ന്നിരിക്കുന്നു. മയക്കുമരുന്ന് വ്യാപാരവും യുദ്ധസാമഗ്രികളുടെ വ്യാപാരവും കഴിഞ്ഞാല്‍ രാജ്യത്ത് നിയമപരമല്ലാത്ത രീതിയില്‍ കുട്ടികളെ കടത്തിക്കൊണ്ടുപോവുന്ന വ്യാപാരമാണ് പന്തലിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ കാണാതാവുന്നത് മഹാരാഷ്ട്രയിലാണ്. 2011-14 ല്‍ അവിടെ 50,947 കുട്ടികളെയും മധ്യപ്രദേശില്‍ 24,836 കുട്ടികളെയും ഡല്‍ഹിയില്‍ 19,948 കുട്ടികളെയും ആന്ധ്രപ്രദേശില്‍18,540 കുട്ടികളെയും കാണാതായിട്ടുണ്ട്.
എന്തുകൊണ്ടാണ് ഇത്രയധികം കുട്ടികള്‍ തിരോധാനം ചെയ്യുന്നത്? ഒരു കുട്ടിയെ കാണാതായാല്‍ ആ സംഭവം ഞൊടിയിടയ്ക്കുള്ളില്‍ അന്വേഷിച്ച് കുട്ടിയെ കണ്ടുപിടിക്കാന്‍ പോലിസ് സംവിധാനത്തിന് കഴിയുന്നില്ല. എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യുന്നില്ല. പകരം പോലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഡയറിയില്‍ മാത്രം എഴുതി അന്വേഷണം നടത്തുന്ന രീതിയാണ് ഇപ്പോള്‍ അവലംബിക്കുന്നത്. കാണാതാവുന്ന കുട്ടികളില്‍ 72.8 ശതമാനവും 12 വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ളവരാണ്. ഇത്തരം സംഭവങ്ങളെ എന്തുകൊണ്ടാണ് അതീവ ഗൗരവമുള്ളതായി പരിഗണിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലിസ് കേെസടുത്ത് അന്വേഷണം നടത്താത്തത്? കുട്ടികളെ കടത്തിക്കൊണ്ടുപോയി ബാലവേല, ലൈംഗികമായ ഉപയോഗം, വൃക്ക കച്ചവടം, വ്യാജ ദത്ത് നല്‍കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുമ്പോള്‍ ഡല്‍ഹി നിര്‍ഭയ സംഭവത്തിനുശേഷം ജസ്റ്റിസ് വര്‍മ കമ്മീഷന്‍ നല്‍കിയ നിര്‍ദേശങ്ങളെങ്കിലും നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുവരേണ്ടിയിരിക്കുന്നു. കുട്ടികള്‍ നഷ്ടപ്പെട്ട ഹതഭാഗ്യരായ മാതാപിതാക്കളുടെ ദീനരോദനം സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
എന്തുകൊണ്ടാണ് കുട്ടികള്‍ ഒളിച്ചോടിപ്പോവുന്നത്? ഏതു സാഹചര്യമാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്? വീട്ടിലെ ഏത് സാഹചര്യത്തോടാണ് കുട്ടികള്‍ പൊരുത്തപ്പെടാതിരിക്കുന്നത്? ലഭിക്കാത്ത സ്‌നേഹത്തിനും പരിലാളനയ്ക്കും വേണ്ടിയാണോ അവര്‍ ചാടിപ്പോവുന്നത്? ബാഹ്യവലയങ്ങളില്‍ അകപ്പെട്ടുപോയ കുട്ടികള്‍ക്ക് സംഭവിക്കുന്ന യഥാര്‍ഥ കാര്യങ്ങള്‍ ലോകം എന്തുകൊണ്ട് അറിയുന്നില്ല? ഇത്തരം ചോദ്യങ്ങള്‍ക്ക് ആരാണ് ഉത്തരം നല്‍കുക. കുടുംബത്തിന്റെ അത്താണിയാവേണ്ട ചെറുബാല്യങ്ങള്‍ മനുഷ്യക്കടത്തുകാരുടെ കരവലയത്തിലേക്കു പോവാതിരിക്കാനും ഏതെങ്കിലും ഘട്ടത്തില്‍ അത്തരം സംഭവങ്ങളില്‍ അകപ്പെട്ടുപോയാല്‍ അവരെ കണ്ടെത്തി തിരിച്ച് ശരിയായ പാതയിലേക്കു കൊണ്ടുവരാനും നമുക്ക് കൈകോര്‍ക്കേണ്ടതായിട്ടുണ്ട്. സുനിത കൃഷ്ണന്റെ പ്രജ്വല പോലുള്ള സന്നദ്ധ പ്രസ്ഥാനങ്ങള്‍ ഇന്ത്യയിലെമ്പാടും ഉടലെടുക്കേണ്ടതായിട്ടുണ്ട്.
2000 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിതര ഏജന്‍സിയായ നാഷനല്‍ സെന്റര്‍ ഫോര്‍ മിസ്സിങ് ചില്‍ഡ്രന്‍ എന്ന സംഘടന ഈ രംഗത്ത് ക്രിയാത്മകമായി ചില പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഹായിച്ചിട്ടുണ്ട്. ഓരോ 30 സെക്കന്‍ഡിലും ഒരു കുട്ടി വീടുവിട്ട് ഓടിപ്പോവുന്നു എന്നാണ് ഈ സംഘടന പറയുന്നത്. ഇനിയും കണ്ടെത്താന്‍ സാധിക്കാത്ത ഏകദേശം രണ്ടുലക്ഷത്തോളം കുട്ടികളെ എങ്ങനെ കണ്ടുപിടിച്ച് അവരുടെ മാതാപിതാക്കളുടെയടുത്ത് എത്തിക്കാന്‍ കഴിയുമെന്നതാണ് നമ്മുടെ ഇപ്പോഴത്തെ ദൗത്യം.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അഭിപ്രായത്തില്‍ കുട്ടികളെ കാണാതെപോവുന്ന സംഭവങ്ങളില്‍ ചില മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടികളെ കാണാതായാല്‍ പോലിസ് പ്രാധാന്യം നല്‍കി അന്വേഷണം നടത്തണം. ഇതിനായി എല്ലാ പോലിസ് സ്‌റ്റേഷനിലും സ്‌പെഷ്യല്‍ സ്‌ക്വാഡ് ഉണ്ടാവണം, വേണ്ടിവന്നാല്‍ സ്‌പെഷ്യല്‍ ജുവനൈല്‍ പോലിസ് യൂനിറ്റ് ഉണ്ടാക്കണം എന്നീ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കി നടപ്പാക്കാന്‍ മുമ്പോട്ടുവരേണ്ടിയിരിക്കുന്നു.
സിബിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ രൂപീകരിക്കണം എന്ന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം മനുഷ്യക്കടത്തിന്റെ ഭീകരമായ മുഖം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. കുട്ടികളെ കാണാതാവുന്ന സംഭവങ്ങള്‍ ഉടനെ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് രൂപീകരിച്ച ദേശീയ കമ്മീഷനെയോ സംസ്ഥാനങ്ങളിലെ ബാലാവകാശ കമ്മീഷനുകളെയോ അറിയിക്കാവുന്നതാണ്. കുട്ടികളെ കാണാതായ ഉടനെ സാമൂഹികമായ ഇടപെടല്‍ നടത്തി അവരെ വിദൂരങ്ങളില്‍ എത്തിക്കുന്നതിനു മുമ്പ് കണ്ടെത്തുന്നതിനു വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പോലിസ് സംവിധാനം ശ്രമിക്കണം. ഒരു കമ്മ്യൂണിറ്റി പോലിസ് സംവിധാനം ഈ കാര്യത്തില്‍ ഉയര്‍ന്നുവരണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിക്കുന്നു. 2015 ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ ആലപ്പുഴയില്‍ ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹികനീതി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ആരംഭിച്ച ഓപറേഷന്‍ വാല്‍സല്യ പദ്ധതി ശ്രദ്ധേയമായ ഒരു ചുവടുവയ്പാണ്. ജില്ലയിലെ എല്ലാ പൊതുവിടങ്ങളിലും പോലിസ്, മറ്റു സന്നദ്ധസംഘടനക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി പ്രത്യേകിച്ച് ആരാധനാലയങ്ങളിലെ രജിസ്റ്ററുകള്‍ പരിശോധിച്ച് കാണാതായ കുട്ടികളുടെ വിവരം ശേഖരിച്ച് ഇതിനായി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പോര്‍ട്ടലില്‍ അയച്ച് കുറ്റമറ്റ പ്രവര്‍ത്തനമാണ് ഈ രംഗത്ത് നടത്തിയിട്ടുള്ളത്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 864 കുട്ടികളെ കാണാതാവുകയും അതില്‍ 685 കുട്ടികളെ കണ്ടെത്തി ബന്ധുക്കള്‍ക്ക് കൈമാറാന്‍ സാധിക്കുകയും ചെയ്തതു വഴി കേരളം ദേശീയതലത്തില്‍ മികച്ച പ്രവര്‍ത്തനമാണു കാഴ്ചവച്ചത്. ആലപ്പുഴയില്‍ മാത്രം 2010-15 കാലഘട്ടത്തില്‍ 398 കുട്ടികളെ കാണാതാവുകയും അതില്‍ 373 കുട്ടികളെയും കണ്ടെത്തുകയും ചെയ്‌തെങ്കിലും അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികള്‍ ഒളിച്ചോടിപ്പോവുന്ന പ്രവണത ആലപ്പുഴയുടെ പ്രത്യേകതയാണ്. സാമൂഹികനീതി വകുപ്പ് പ്രത്യേക പദ്ധതിയായി ആലപ്പുഴയില്‍ ആരംഭിച്ച വാല്‍സല്യം രാജ്യത്തിന് മാതൃകയാക്കാന്‍ പറ്റിയതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 261 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക