|    Oct 24 Wed, 2018 12:44 am
FLASH NEWS
Home   >  Sports  >  Football  >  

എവര്‍ട്ടന് അറ്റ്‌ലാന്റെ ഷോക്ക്

Published : 15th September 2017 | Posted By: ev sports


റീഗിയോ ഇമിലിയ: യൂറോപ്പാ ലീഗ് ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ കരുത്തരായ എവര്‍ട്ടന് ഞെട്ടിപ്പിക്കുന്ന തോല്‍വി. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ്ബായ അറ്റ്‌ലാന്റെ ബിസി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് എവര്‍ട്ടനെ തകര്‍ത്തത്. ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ അടിച്ചെടുത്ത അറ്റ്‌ലാന്റെ രണ്ടാം പകുതിയില്‍ പ്രതിരോധത്തിന്റെ മൂര്‍ച്ചകൂട്ടി കളിച്ചതോടെ ഒരു ഗോളുപോലും മടക്കാനാവാതെ എവര്‍ട്ടന്‍ തോല്‍വി സമ്മതിക്കുകയായിരുന്നു.
4-2-3-1 ശൈലിയില്‍ കളത്തിലിറങ്ങിയ എവര്‍ട്ടന്റെ തന്ത്രങ്ങള്‍ അറ്റ്‌ലാന്റെയുടെ 3-5-2 ശൈലിക്ക് മുന്നില്‍ നിഷ്്ര്പഭമാവുന്ന കാഴ്ചയാണ് മല്‍സരത്തില്‍ കണ്ടത്. സ്വന്തം മൈതാനത്തിന്റെ ആധിപത്യം നന്നായി മുതലെടുത്ത അറ്റ്‌ലാന്റെയ്ക്ക് വേണ്ടി 27ാം മിനിറ്റില്‍ മാസില്ലോയാണ് അക്കൗണ്ട് തുറന്നത്. കോര്‍ണര്‍ കിക്കിലൂടെ എത്തിയ പന്തിനെ ഗോള്‍ പോസ്റ്റിനരികില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മാസില്ലോ അനായാസം വലയിലെത്തിക്കുകയായിരുന്നു. ഒരു ഗോളിന്റെ ആധിപത്യം നേടിയതോടെ കൂടുതല്‍ കരുത്തോടെ മുന്നേറിയ അറ്റ്‌ലാന്റെയ്ക്ക് വേണ്ടി 41ാം മിനിറ്റില്‍ അജാന്‍ഡ്രോ ഗോമസ് ലീഡുയര്‍ത്തി. പെനല്‍റ്റി ബോക്‌സിന് പുറത്ത് നിന്ന് ഗോമസ് തൊടുത്ത ബുള്ളറ്റ് ഷോട്ട് എവര്‍ട്ടന്‍ ഗോളിയെ നിഷ്പ്രഭമാക്കി പോസ്റ്റില്‍ പതിക്കുകയായിരുന്നു. രണ്ടാം ഗോള്‍ പിറന്നതിന്റെ ആഘോഷം അവസാനിക്കും മുമ്പ് തന്നെ എവര്‍ട്ടന്‍ പോസ്റ്റില്‍ മൂന്നാമത്തെ ഗോളും വീണു. വലത് വിങില്‍ നിന്ന് പെന്റഗെ നല്‍കിയ പാസിനെ ഓടിയെത്തിയ ബ്രിയാന്‍ ക്രിസ്റ്റന്റെ ഗോളാക്കുകയായിരുന്നു. ആദ്യ പകുതിയില്‍ മൂന്ന് ഗോളിന്റെ ആധിപത്യം നേടിയ അറ്റ്‌ലാന്റ് രണ്ടാം പകുതിയില്‍ പ്രതിരോധത്തിലൂന്നിയ പ്രകടനമാണ് പുറത്തെടുത്തത്.
51 ശതമാനം സമയത്തും പന്ത് കൈവശംവെച്ച് അറ്റ്‌ലാന്റെ 21 തവണയാണ് എവര്‍ട്ടന്‍ ഗോള്‍മുഖത്ത് പന്തെത്തിച്ചത്. മധ്യനിരയില്‍ അഞ്ച് പേരെ ഇറക്കി പ്രതിരോധത്തിന് മുന്നില്‍ ഉരുക്കുകോട്ട പണിത അറ്റ്‌ലാന്റെയുടെ തന്ത്രത്തിന് മുന്നില്‍ വെയ്ന്‍ റൂണി ഉള്‍പ്പെടുന്ന എവര്‍ട്ടന്‍ നിര നിസ്സഹായരായപ്പോള്‍ മൂന്ന് ഗോളിന്റെ തോല്‍വിയോടെ എവര്‍ട്ടന് കളംവിടേണ്ടി വന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss