|    Nov 19 Mon, 2018 10:31 am
FLASH NEWS
Home   >  Pravasi  >  Gulf  >  

എഴുത്തുകാര്‍ പുതിയ ശൈലികള്‍ സ്വീകരിക്കണം: പെരുമാള്‍ മുരുകന്‍.

Published : 11th November 2018 | Posted By: ke

ഷാര്‍ജ: പുതിയ എഴുത്തുകാര്‍ മാറിയ കാലത്തെ ഉത്തരവാദിത്തം നിറവേറ്റാന്‍ പുതിയ ശൈലികള്‍ സ്വീകരിക്കണമെന്ന് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ പറഞ്ഞു.മുപ്പത്തിയേഴാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തമേളയോടനുബന്ധിച്ച് ‘വണ്‍ പാര്‍ട്ട് വുമണ്‍ എന്ന നോവലും ആവിഷ്‌കാരചര്‍ച്ചയിലെ പുതിയ അദ്ധ്യായങ്ങളും’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പുതിയ നോവല്‍ അടുത്ത ജനുവരിയില്‍ പുറത്തിറങ്ങുമെന്ന് അറിയിച്ച പെരുമാള്‍ മുരുകന്‍ രണ്ട് വര്‍ഷത്തെ നിശബ്ദത എഴുത്തിന് കൂടുതല്‍ ശക്തി പകര്‍ന്നുവെന്ന് പറഞ്ഞു. മുപ്പതുവര്‍ഷത്തെ സാഹിത്യപ്രവര്‍ത്തനം ആത്മവിശ്വാസം നല്‍കുന്നതാണ്. എഴുത്തില്‍ നിന്ന് മാറിനിന്ന രണ്ട് വര്‍ഷങ്ങള്‍ ഒരിക്കലും നഷ്ടമല്ലെന്ന് ഇന്ന് തിരിച്ചറിയുന്നു. വീണ്ടും എഴുതാനുള്ള ഊര്‍ജ്ജസംഭരണമായിരുന്നു ആ കാലയളവെന്ന് പുതിയ കൃതിയുടെ രചനയ്ക്കിടയില്‍ മനസ്സിലായി. ‘വണ്‍ പാര്‍ട്ട് വുമണി’നെതിരെ എതിര്‍പ്പുയര്‍ന്നപ്പോള്‍ കോടതികളും വായനക്കാരുമാണ് ശക്തി പകര്‍ന്നത്. ‘വണ്‍ പാര്‍ട്ട് വുമണ്‍’ ധാരാളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.

തന്റെ നേര്‍ക്ക് വരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ സാധിക്കാറില്ലെന്ന് പെരുമാള്‍ മുരുകന്‍ പറഞ്ഞു. പക്ഷേ, ആ ചോദ്യങ്ങളെല്ലാം മനസ്സില്‍ പുതിയ ആശയങ്ങള്‍ക്ക് വിത്തുപാകുന്നവയാണ്. ദുഃഖമാണ് മനുഷ്യരെ ഏറ്റവുമധികം സ്വാധീനിക്കുന്നതും മനുഷ്യരാല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും. സന്തോഷത്തേക്കുറിച്ച് ആരും കാര്യമായി സംസാരിക്കുന്നില്ല. പുസ്തകങ്ങളുടെ തലക്കെട്ടിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഒ.വി.വിജയനെ കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. മൗലികരചനയായാലും തര്‍ജ്ജമയായാലും പുസ്തകത്തിന്റെ തലക്കെട്ട് പ്രാധാന്യമുള്ളതാണ്. തലക്കെട്ട് പുസ്തകത്തിന്റെ അകക്കാമ്പിലേക്കുള്ള ശുഭകരമായ പ്രവേശികയാണ്. ഉള്ളടക്കത്തിന്റെ ആകെ സത്തയാണ് തലക്കെട്ട് അഥവാ ശീര്‍ഷകം. മൂവായിരം വര്‍ഷത്തിലേറെയായി പ്രചാരത്തിലിരുന്ന പല ആദിദ്രാവിഡപദങ്ങളും ആധുനികകാലത്തെ തമിഴ് സാഹിത്യത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നുണ്ട്. ആദിമതമിഴ് സാഹിത്യത്തില്‍ സുലഭമായി കണ്ടുവന്നിരുന്ന ‘ചോറ്’ എന്ന പദം ആധുനികകാലത്ത് ‘സാദം’, ‘റൈസ്’ എന്നിവയായി മാറിയിരിക്കുന്നു. മലയാളത്തില്‍ ‘ചോറ്’ മാറ്റമില്ലാതെ ഇന്നും തുടരുന്നുണ്ട്. ‘ചോറ്’എന്ന പദം സമൃദ്ധമായി ഉപയോഗിച്ചിട്ടുള്ള ആദിമതമിഴ് കവിതകള്‍ അദ്ദേഹം ചൊല്ലിക്കേള്‍പ്പിച്ചു. മൂവായിരത്തിലധികം വര്‍ഷത്തെ പാരമ്പര്യമുള്ള തമിഴ് ഭാഷയില്‍ ഗൗരവമേറിയ സാഹിത്യത്തിനൊപ്പം ജനപ്രിയസാഹിത്യമെന്നോ പൈങ്കിളിസാഹിത്യമെന്നോ വിശേഷിപ്പിക്കപ്പെടാവുന്നവും ആവിര്‍ഭവിക്കുന്നുണ്ടെന്ന് പെരുമാള്‍ മുരുകന്‍ പറഞ്ഞു. ഇതേ അവസ്ഥ തമിഴ് സിനിമകളിലും പ്രതിഫലിക്കുന്നുണ്ട്. പക്ഷേ, അവയൊന്നും തമിഴ് സാഹിത്യത്തിന്റെ മൂല്യത്തേയും മഹനീയതയേയും ഒട്ടും ബാധിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെത്തുമ്പോളും ഷാര്‍ജ പുസ്തകമേളയില്‍ പങ്കെടുക്കുമ്പോളും മലയാളിസമൂഹത്തില്‍ നിന്ന് വലിയ പിന്തുണയാണ് തനിക്ക് ലഭിക്കുന്നതെന്ന് പെരുമാള്‍ മുരുകന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss