|    Oct 19 Fri, 2018 4:15 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

എഴുത്തുകാരോട് മൃത്യുഞ്ജയ ഹോമം നടത്തിക്കൊള്ളാന്‍ കെ പി ശശികല

Published : 11th September 2017 | Posted By: fsq

 

പറവൂര്‍/കണ്ണൂര്‍: മതേതരവാദികളായ എഴുത്തുകാരോട് മൃത്യുഞ്ജയ ഹോമം നടത്തിക്കൊള്ളാന്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയുടെ മുന്നറിയിപ്പ്. പരാമര്‍ശത്തില്‍ ശശികലയ്‌ക്കെതിരേ വി ഡി സതീശന്‍ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ ഡിജിപി ആലുവ റൂറല്‍ എസ്പിക്കു നിര്‍ദേശം നല്‍കി. പോലിസ് പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പിങുകള്‍ ശേഖരിച്ച് പരിശോധന ആരംഭിച്ചു. സപ്തംബര്‍ എട്ടിന് ഹിന്ദു ഐക്യവേദി പറവൂര്‍ താലൂക്ക് കമ്മിറ്റി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്താണ് ശശികല പരാമര്‍ശങ്ങള്‍ നടത്തിയത്. ‘എനിക്ക് ഇവിടത്തെ മതേതരവാദികളായ എഴുത്തുകാരോട് പറയാനുള്ളത്, മക്കളേ ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമമൊക്കെ നടത്തിക്കോളൂ. എപ്പോഴാ, എന്താ വരുകയെന്ന് പറയാന്‍ ഒരു പിടിത്തവുമുണ്ടാകില്ല.  മൃത്യുഞ്ജയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാനും നടത്തുക. അല്ലെങ്കില്‍ ഗൗരിമാരെ പോലെ നിങ്ങളും ഇരകളാക്കപ്പെടാം’- ഇതാണ് വിവാദമായ പരാമര്‍ശം. പ്രകോപനപരവും മതസ്പര്‍ധ ഉണ്ടാക്കുന്നതും എഴുത്തുകാര്‍ക്കു നേരെ വധഭീഷണി ഉയര്‍ത്തുന്നതുമായ പ്രസംഗമാണ് ശശികല നടത്തിയതെന്ന് എംഎല്‍എ നല്‍കിയ പരാതിയില്‍ പറയുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍ വി ബാബു, പറവൂര്‍ എംഎല്‍എയുടെ പതിനാറടിയന്തിരം പറവൂരില്‍ നടത്തുമെന്ന് പറഞ്ഞതായും പരാതിയിലുണ്ട്. പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി ശശികല രംഗത്തുവന്നു. താന്‍ എഴുത്തുകാരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ്സിനെ കരുതിയിരിക്കണമെന്നാണ് പറഞ്ഞതെന്നും ശശികല പറഞ്ഞു.അതേസമയം, മൃത്യുഞ്ജയം ഉരുവിടണമെന്ന് പറയാന്‍ കേരളത്തിലും ആളുണ്ടായിരിക്കുന്നുവെന്നും ഇതു ശ്രദ്ധിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  ഇത്തരം പ്രവണതകള്‍ നാടിന്റെ അന്തരീക്ഷത്തെ മാറ്റിമറിക്കാനാണ് നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss