|    Apr 21 Sat, 2018 9:16 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

എഴുത്തുകാരേ സൂക്ഷിക്ക; പ്രസാധകര്‍ പറ്റിക്കും

Published : 25th October 2016 | Posted By: SMR

slug-vettum-thiruthumഗ്രന്ഥകര്‍ത്താവ് എന്ന ലേബലില്‍ അറിയപ്പെടാന്‍ എഴുത്തുകാര്‍ക്ക്- അവര്‍ ആ വിളിക്ക് അര്‍ഹരാണെങ്കില്‍- കൊതിയേറും. എഴുതിയത് പുസ്തകരൂപത്തിലാക്കാന്‍ അവര്‍ എന്തു സാഹസവും ചെയ്യും. ഇക്കാലം ‘മാങ്ങാ പബ്ലിഷേഴ്‌സ്’ എന്നോ മറ്റോ പേരിട്ട് ഒരാള്‍ക്ക് താനെഴുതിയ ചവറാണെങ്കിലത് പുസ്തകരൂപത്തിലാക്കാനും ഇന്ത്യന്‍ പ്രധാനമന്ത്രി വരെ പങ്കെടുക്കുന്ന സദസ്സില്‍ പ്രകാശനം നിര്‍വഹിക്കാനും ഒട്ടും ബദ്ധപ്പെടേണ്ടതില്ല. രാഷ്ട്രീയക്കാരന് കാശു കൊടുത്താല്‍ മതി. കവിതാ പുസ്തകം എന്ന പേരില്‍ ഇക്കാലം കമ്പോളത്തിലിറങ്ങുന്ന മുക്കാലേമുണ്ടാണിയും തരികിട ഇടപാടുകളിലൂടെയാണ് പുസ്തകശാലയിലെത്തുന്നത്.
ഇതെഴുതുന്ന ആള്‍ പ്രതി എന്നുതന്നെ പറയാവുന്ന ഒരു സംഭവം. 25 വര്‍ഷം മുമ്പാണ്. ചെറുകിട എങ്കിലും ഇത്തിരി നവീനബോധ്യങ്ങള്‍ ഉള്ളതിനാല്‍ ‘ജോ’ പ്രസാധകന് അക്കാലം കുറച്ചൊക്കെ പുതിയ വായനക്കാരില്‍ സ്വാധീനവുമുണ്ടായിരുന്നു. അലച്ചില്‍ മുഖ്യതൊഴിലാക്കിയ ഒരു സായംസന്ധ്യയില്‍ നല്ലൊരു തുക വാഗ്ദാനം ചെയ്ത് പ്രസാധകന്‍ ഒരു പ്രവാസി എഴുത്തുകാരന്റെ ഗ്രന്ഥത്തിന് അവതാരിക പടുക്കാന്‍ എന്നെ ശട്ടംകെട്ടുന്നു. എന്‍ വി, എം കൃഷ്ണന്‍ നായര്‍, ഗുപ്തന്‍ നായര്‍, നരേന്ദ്രപ്രസാദ് തുടങ്ങി പേരും പ്രശസ്തിയുമുള്ള ഏതു ശൈലിയിലാകണം അവതാരികാ നിര്‍മാണം എന്നതിന് ‘നിന്റെ ഇഷ്ടത്തിനു വിട്ടു; വേഗം കിട്ടണം’ എന്നു മാത്രം പ്രസാധകന്‍ മൊഴിഞ്ഞു.
ഞാനക്കാലം കോഴിക്കോട്ടു തങ്ങിയാല്‍ അളകാപുരിയിലാണ് വാസം. ഒറ്റ രാത്രി കൊണ്ട് അളകാപുരിയിലിരുന്ന് അവതാരിക പണിതു. വെറും 150 ക മാത്രം തന്ന് പ്രസാധകന്‍ എന്നെ വഞ്ചിച്ചു. പ്രസ്തുത പുസ്തകം ഈയടുത്ത കാലത്തും പാളയം സണ്‍ഡേ മാര്‍ക്കറ്റില്‍ കേവലം അഞ്ചു രൂപയ്ക്ക് വില്‍ക്കുന്നതു കാണാനിടയായി. ആ ഗ്രന്ഥകര്‍ത്താവ് ഇന്നും ചില ചെറുപ്രസാധകരുടെ പരസ്യ ബുള്ളറ്റിനുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
ഇത് സ്വന്തം അനുഭവം. പ്രസാധകനായും പുസ്തകക്കച്ചവടക്കാരനായും ആ രംഗത്തെ പലേ വേഷങ്ങള്‍ കെട്ടിയിട്ടുണ്ട്. നഷ്ടക്കച്ചവടമാണ് പ്രതിഫലം. പുസ്തകപ്രസാധകനും പബ്ലിഷറും എഡിറ്ററും ആയ ചിലരെങ്കിലും മണിമേടയും വില കൂടിയ കാറും സ്വന്തമാക്കി പുസ്തകമാമാങ്കങ്ങള്‍ തട്ടിക്കൂട്ടുന്നതിന്റെ പിന്‍വാതില്‍ കാഴ്ചകള്‍ അത്യന്തം ബീഭത്സമാണ്. ദശകങ്ങളുടെ ചരിത്രമുള്ള പ്രഭാത് ബുക്ഹൗസ് പോലൊരു പ്രസാധകരുടെ പുസ്തകശാലയില്‍ പ്രീ-പബ്ലിക്കേഷന്‍ ഇടപാടിന് ചെക്ക് നല്‍കിയപ്പോള്‍ ”കാശു തന്നാല്‍ ഉപകാരമായിരുന്നു. ഇത്തവണ ശമ്പളം കിട്ടിയിട്ടില്ല” എന്നു ദീനനായ ബ്രാഞ്ച് മാനേജറുടെ നിസ്സഹായാവസ്ഥ കൂടി കൂട്ടിവായിച്ചാണ് ഇതെഴുതുന്നത്.
പ്രസാധനമേഖല ഇന്ന് തൊണ്ണൂറ്റൊമ്പതു ശതമാനം തട്ടിപ്പുകാരുടെ കൈവശമാണ്. അതിന് ഇസ്‌ലാമെന്നോ ക്രിസ്ത്യാനിയെന്നോ ദലിതനെന്നോ വ്യത്യാസമില്ല. എഴുത്തുകാരെയും ജീവനക്കാരെയും പിഴിഞ്ഞ് അവരുടെ അസ്ഥിത്തുണ്ടിലെ അവസാന മാംസം വരെ നക്കിത്തുടയ്ക്കുന്ന പ്രസാധകരേ ഇന്നു മാര്‍ക്കറ്റില്‍ സജീവമായിട്ടുള്ളൂ. കള്ളനോട്ടടി പോലെ മറ്റു പ്രസാധകരുടെ നല്ല ടൈറ്റിലുകള്‍ വ്യാജമായി അച്ചടിച്ച് പൂര്‍ണരായവരും കേരളത്തിലെ പുസ്തകക്കമ്പോളത്തിലുണ്ട്.
ടൈറ്റിലുകള്‍ സ്വീകരിക്കുന്നതിലും കാശ് കൊടുക്കുന്നതിലും കുറച്ചൊക്കെ തക്കിടതരികിട കളിക്കുമെങ്കിലും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് തമ്മില്‍ ഭേദമെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും രാഷ്ട്രീയക്കളികളാലുള്ള പ്രതിബദ്ധതക്കുറവും മൂലം ഇന്‍സ്റ്റിറ്റിയൂട്ട് വക ഗോഡൗണുകള്‍ നിറഞ്ഞുകവിഞ്ഞു തുളുമ്പുന്ന അവസ്ഥയാണ് ഇന്നെങ്കിലും തമ്മില്‍ ഭേദം എന്നതു മാത്രമല്ല, ഇന്‍സ്റ്റിറ്റിയൂട്ട് ടൈറ്റിലുകള്‍ നല്ല ഗ്രന്ഥങ്ങളെന്നതും പുകഴ്ത്തപ്പെടേണ്ട സംഗതിയാണ്.
തട്ടിപ്പുകാരുടെ വലയില്‍ കുരുങ്ങുന്നതില്‍ തൊണ്ണൂറു ശതമാനം എഴുത്തുകാരും കാശുകാരായ പ്രവാസികളാണെന്നതും മറക്കുന്നില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss