|    Sep 21 Thu, 2017 1:45 am

എഴുത്തും വായനയും കാര്‍ണിവലായി മാറി: എസ് ശാരദക്കുട്ടി

Published : 3rd November 2016 | Posted By: SMR

തലശ്ശേരി: എഴുത്തും വായനയും ഇന്ന് കാര്‍ണിവലായി മാറിയിരിക്കുകയാണെന്നു ഇതിനെതിരേ ജാഗ്രത പുലര്‍ത്തണമെന്നും പ്രശസ്ത സാഹിത്യ നിരൂപക എസ് ശാരദക്കുട്ടി. തലശ്ശേരി ബ്രണ്ണന്‍ കോളജ് മലയാള വിഭാഗവും ഗവേഷണ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച തെന്നിന്ത്യന്‍ കഥാസാംസ്‌കാരിക വായനകള്‍ എന്ന ത്രിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നിരൂപകര്‍ പട്ടികളല്ലെന്നും ജനാധിപത്യബോധമില്ലാത്തവരാണ് അങ്ങനെ പറയുന്നതെന്നും അവര്‍ പറഞ്ഞു. കാര്‍ണിവല്‍ കഴിയുമ്പോള്‍ എല്ലാം അഴിച്ചുകെട്ടി കൊണ്ടുപോവും. പിന്നീട് ഒന്നും അവശേഷിക്കുകയില്ല. അതിനാല്‍ എഴുത്തും വായനയും കാര്‍ണിവല്ലിന്റേതായിപ്പോവാതിരിക്കാന്‍ നമ്മള്‍ ജാഗ്രത കാണിക്കണം. പുസ്തകോത്സവങ്ങള്‍ രഹസ്യ അജണ്ടകളാണ്. അവിടെ ഇഷ്ടമുള്ള എഴുത്തുകാരനോടൊപ്പം നിന്ന് സെല്‍ഫിയെടുക്കാം. ഇഷ്ടമില്ലാത്ത എഴുത്തുകാരനെ അവഗണിക്കുകയും ചെയ്യാം. വാക്ക് വെറും വാക്കല്ല. ജനാധിപത്യബോധത്തില്‍ നിന്ന് രൂപം കൊള്ളുന്നവയാണ് വാക്കുകള്‍. നമ്മുടെ ഉള്ളില്‍ അജ്ഞതയും ജീര്‍ണതയും ആധിപത്യം ചെലുത്തുമ്പോള്‍ അവയില്‍ നിന്നുള്ള മോചനത്തിന് കഥാസാഹിത്യം ഉപകരിക്കുമെന്നും എല്ലാവിധത്തിലുള്ള അധികാരകേന്ദ്രങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കുമെതിരെ ജാഗ്രതപുലര്‍ത്തണമെന്നും അവര്‍ പറഞ്ഞു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. എ വല്‍സലന്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത കഥാകൃത്ത് എന്‍ പ്രഭാകരന്‍ മുഖ്യപ്രഭാഷണം നടത്തി. സമകാല മലയാള കഥയിലെ സൗന്ദര്യശാസ്ത്ര പരിസരം എന്ന വിഷയത്തില്‍ പ്രഫ. എന്‍ ചന്ദ്രബാനു, രജ്ഞിത്ത് മാര്‍കോസ്, പി വി ശരത്, ഡോ. അജിത ചേമ്പന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക