|    Sep 19 Wed, 2018 12:55 am
FLASH NEWS
Home   >  Editpage  >  Article  >  

എഴുത്തും കഴുത്തും

Published : 1st October 2017 | Posted By: fsq

ബാബുരാജ് ബി എസ്

”ഓണ്‍ എ സാഡ് സണ്‍ഡേ വിത്ത് എ ഹണ്‍ഡ്രഡ് വൈറ്റ് ഫഌവേഴ്‌സ്, ഐ വാസ് വെയ്റ്റിങ് ഫോര്‍ യു, മൈ ഡിയര്‍…”-  ആന്‍ഡ്രാസ് പിയാനോയ്ക്കു മുന്നിലിരുന്നു. നേര്‍ത്ത ശബ്ദത്തില്‍ പാടുന്ന കാമുകി ഇലോനയുടെ സ്വരം അയാള്‍ക്കു കേള്‍ക്കാം. അധികാരത്തിന്റെ ഖഡ്ഗവുമായി നാത്‌സി ഓഫിസര്‍ ഹാന്‍ തൊട്ടുമുന്നിലുണ്ട്. ഭയത്തോടെയാണെങ്കിലും ഇലോന, ആന്‍ഡ്രാസിനെ പാടാന്‍ പ്രേരിപ്പിച്ചു. ആന്‍ഡ്രാസ് ഇലോനയെ ദയനീയമായി നോക്കി; പിന്നെ പിയാനോയില്‍ വിരലോടിച്ചു. ആ പ്രശസ്തമായ റസ്റ്റോറന്റിലെ വിരുന്നുകാര്‍ ചങ്കിടിപ്പോടെ ഇരുന്നു. തീര്‍ച്ചയായും എസ്എസ് ഓഫിസര്‍ ഹാന്‍ ഒരു സംഗീതാസ്വാദകനാണ്. പാടിത്തീര്‍ന്നപ്പോള്‍ അയാള്‍ കരഘോഷം മുഴക്കി. ഇലോന തകര്‍ന്ന ഹൃദയത്തോടെ വാഷ്‌ബേസിനില്‍ മുഖം കഴുകുമ്പോള്‍ അന്തരീക്ഷത്തില്‍ ഒരു വെടിയൊച്ച മുഴങ്ങി. എസ്എസ് ഓഫിസറുടെ കൈത്തോക്ക് തട്ടിയെടുത്ത് പിയാനോവാദകന്‍ ആന്‍ഡ്രാസ് സ്വയം വെടിയുതിര്‍ത്തു മരിച്ചു. റോള്‍ഫ് ഷുബെലിന്റെ ഗ്ലൂമി സണ്‍ഡേയിലെ അതിഗംഭീരമായ ഒരു രംഗമാണിത്. രണ്ടാം ലോകയുദ്ധകാലത്തെ നാത്‌സി ഭീകരതയുടെ പശ്ചാത്തലത്തില്‍ പറഞ്ഞ ഒരു അസാധാരണ പ്രണയകഥ. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഉടമസ്ഥ ശോഭന ഭാര്‍ട്ടിയ മോദിയുമായി നടത്തിയ വിരുന്നും കൂടിക്കാഴ്ചയും ഗ്ലൂമി സണ്‍ഡേയെ ഓര്‍മിപ്പിച്ചു. പക്ഷേ, ആന്‍ഡ്രാസിനെപ്പോലെ മണ്ടനും വികാരജീവിയുമായിരുന്നില്ല ശോഭന ഭാര്‍ട്ടിയ. സ്വയം വെടിയുതിര്‍ത്തു മരിക്കണമെന്നും അവര്‍ക്കു തോന്നിയില്ല. പകരം അവര്‍ തന്നെ മോദിയുടെ കൈത്തോക്ക് വാങ്ങി സഹപ്രവര്‍ത്തകനു നേരെ ചൂണ്ടി. അവര്‍ സ്വന്തം എഡിറ്ററെ തന്നെ പുറത്താക്കി. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്റര്‍ ബോബി ഘോഷ് മോദിയുടെ കണ്ണില്‍ കരടായിട്ട് കുറച്ചുകാലമായി. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ഇടപെടലുകളും ബിജെപിക്കും പഥ്യമല്ല; പ്രത്യേകിച്ച് അദ്ദേഹം നേതൃത്വം നല്‍കുന്ന ഹെയ്റ്റ് ട്രാക്കര്‍ ഡാറ്റാബേസ് പ്രൊജക്റ്റ്. 2015 സപ്തംബര്‍ 28 മുതല്‍ ഇന്ത്യയില്‍ നടന്ന സ്വത്വങ്ങളുടെ പേരിലുള്ള കൊലപാതകങ്ങളും ആക്രമണങ്ങളും ശേഖരിക്കുകയാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം. ബീഫ് കൈവശം സൂക്ഷിച്ചുവെന്ന് ആരോപിച്ചുകൊണ്ട് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന 55കാരന്റെ കൊലപാതകത്തെ തുടര്‍ന്നാണ് ഇത്തരം അതിക്രമങ്ങള്‍ പൊതുജനശ്രദ്ധയില്‍ വരുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് ശേഖരിച്ച കണക്കുപ്രകാരം അഖ്‌ലാഖിന്റെ മരണത്തിനുശേഷം ഇക്കഴിഞ്ഞ 2017 സപ്തംബര്‍ 19 വരെ ഇത്തരത്തിലുള്ള 149 ആക്രമണങ്ങളോ മരണങ്ങളോ നടന്നു. 40 പേര്‍ കൊല്ലപ്പെട്ടു; പരിക്കേറ്റവരും നിരവധി. പക്ഷേ, ഇത്തരം കൊലപാതകങ്ങളും ആക്രമണങ്ങളും സാധാരണ ആക്രമണങ്ങളുടെ പരിധിയിലാണ് വരുന്നതും പരിഗണിക്കപ്പെടുന്നതും. ഇതു ശരിയല്ലെന്ന് ബോബി ഘോഷും സഹപ്രവര്‍ത്തകരും കരുതി. സ്വത്വങ്ങളുടെ പേരിലുള്ള കൊലപാതകങ്ങളും ആക്രമണങ്ങളും അങ്ങനെത്തന്നെ മനസ്സിലാക്കണമെന്ന് അദ്ദേഹം കരുതി. ഇന്ത്യന്‍ നിയമവ്യവസ്ഥയിലും അതിനനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാവണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പക്ഷേ, അഖിലേന്ത്യാ അടിസ്ഥാനത്തില്‍ അവയുടെ കണക്കെടുപ്പ് നടക്കാത്തിടത്തോളം ഈ മാറ്റം അസാധ്യമാണ്. അതിനുള്ള ശ്രമമായിരുന്നു ഹെയ്റ്റ് ട്രാക്കര്‍ പ്രൊജക്റ്റ്. ഈ പ്രൊജക്റ്റില്‍ അവര്‍ ഓരോ വ്യത്യസ്ത കേസും പ്രത്യേകം പ്രത്യേകം പരിഗണിക്കുകയും പരിശോധിക്കുകയും അത് രേഖപ്പെടുത്തുകയും ചെയ്തു. ഇത് മോദിയെയും ബിജെപിയെയും ആര്‍എസ്എസിനെയും ചൊടിപ്പിച്ചതില്‍ അതിശയിക്കാനില്ല. ടൈം മാഗസിനിലും ക്വാര്‍ട്‌സിലും ജോലി ചെയ്തിരുന്ന ബോബി ഘോഷിനെ സര്‍ക്കാരിനു വേണ്ടി ഉടമസ്ഥ പുറത്താക്കുന്നത് അങ്ങനെയാണ്. പക്ഷേ, അദ്ദേഹം ഇന്ത്യന്‍ പൗരനല്ലെന്നതാണ് പറഞ്ഞ കാരണം. ഇത് അഖിലേന്ത്യാ പത്രത്തിന്റെ സ്ഥിതിയാണെങ്കില്‍ ബിജെപിയുടെയും അനുയായികളുടെയും ഭീഷണികളില്‍ നിന്ന് പ്രാദേശിക പത്രങ്ങളും ഒഴിവായിട്ടില്ല. ആര്‍എസ്എസ് പീഡനകേന്ദ്രത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുകൊണ്ടുവന്ന മീഡിയാ വണ്‍ റിപോര്‍ട്ടര്‍ ഷബ്‌ന സിയാദ് ഇന്നു ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. അവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് സംഘപരിവാര ശക്തികള്‍ തങ്ങളുടെ ഭീഷണികള്‍ പുറപ്പെടുവിക്കുന്നത്. ഹാദിയ കേസില്‍ പത്രസമ്മേളനം നടത്താനെത്തിയവരെ ജനം ടിവിയുടെ റിപോര്‍ട്ടര്‍ സംസാരിക്കാന്‍ അനുവദിക്കാത്ത രീതിയില്‍ പെരുമാറിയപ്പോള്‍ അതിനോട് പ്രതികരിച്ചതാണ് ഷബ്‌നയോട് ദേഷ്യം തോന്നാനുള്ള മറ്റൊരു കാരണം. സംഘപരിവാര രഹസ്യകേന്ദ്രത്തെക്കുറിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ പത്രമായ ന്യൂസ് പോര്‍ട്ടലാണ് മറ്റൊരു ഇര. വാര്‍ത്ത പ്രസിദ്ധീകരിച്ച് നിമിഷങ്ങള്‍ക്കകം അവരുടെ സൈറ്റ് സൈബര്‍ ആക്രമണങ്ങള്‍ക്കു വിധേയമായി.  ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss