|    Nov 17 Sat, 2018 6:05 am
FLASH NEWS
Home   >  Todays Paper  >  page 12  >  

എഴുത്തിന്റെ കലൈഞ്ജര്‍

Published : 8th August 2018 | Posted By: kasim kzm

നസീറ

കലൈഞ്ജര്‍ എന്ന എഴുത്തുകാരനെയും സിനിമാക്കാരനെയും കലൈഞ്ജറെന്ന രാഷ്ട്രീയക്കാരനേക്കാള്‍ മുമ്പേ തമിഴകം നെഞ്ചേറ്റിയതാണ്. ശുദ്ധ തമിഴിന്റെ വക്താവായും ദ്രാവിഡ ആശയങ്ങളുടെ പ്രചാരകനായും സിനിമയിലൂടെയും എഴുത്തിലൂടെയും കരുണാനിധി തമിഴിന്റെ, തമിഴ്ജനതയുടെ കലൈഞ്ജറായി. പഠനകാലത്ത് തന്നെ കലാ, സാഹിത്യ രംഗങ്ങളില്‍ തിളങ്ങിയ കരുണാധിനി 13ാം വയസ്സിലാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കിറങ്ങുന്നത്. വിദ്യാര്‍ഥികളെ സംഘടിപ്പിക്കാനും സാഹിത്യവാസനകളെ പ്രോല്‍സാഹിപ്പിക്കാനും ഇളൈഞ്ചര്‍ മറുമലര്‍ച്ചി എന്ന സംഘടന രൂപീകരിച്ചു. ഇതു പിന്നീടു സംസ്ഥാനം മുഴുവന്‍ വ്യാപിച്ച വിദ്യാര്‍ഥി കഴകമായി മാറി. ദ്രാവിഡ ആശയങ്ങളുടെ പ്രചാരണത്തിനായി ‘മുരസൊലി’ എന്ന പത്രം സ്ഥാപിച്ചു.
20ാം വയസ്സില്‍ ജുപ്പീറ്റര്‍ പിക്ചറിന് വേണ്ടി തിരക്കഥ എഴുതിക്കൊണ്ടായിരുന്നു സിനിമാ രംഗത്തെ തുടക്കം. ആദ്യ ചിത്രം 1947ല്‍ പുറത്തിറങ്ങിയ ‘രാജകുമാരി’. കരുണാനിധിയുടെ തന്നെ നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു ചിത്രം. 1948ല്‍ ഇറങ്ങിയ ‘അഭിമന്യു’ എന്ന ചിത്രത്തിനു വേണ്ടി സംഭാഷണങ്ങളെഴുതിയെങ്കിലും സിനിമയില്‍ പേരുണ്ടായിരുന്നില്ല. ശിവാജി ഗണേശന്‍ അനശ്വരമാക്കിയ 1952ല്‍ ഇറങ്ങിയ ‘പരാശക്തി’ എന്ന ചിത്രം കരുണാനിധി എന്ന സിനിമാക്കാരനെ ഏറെ ശ്രദ്ധേയനാക്കി. ബ്രാഹ്മണാധിപത്യത്തിനെതിരായ ദ്രാവിഡ രാഷ്ട്രീയ നിലപാടുകളായിരുന്നു ചിത്രത്തിന്റെ കാതല്‍.
മുഴുനീളെ സംഭാഷണങ്ങളിലൂടെ തമിഴകത്തെ കോരിത്തരിപ്പിച്ച കലൈഞ്ജര്‍ സംസ്‌കൃതത്തില്‍ നിന്നു തമിഴിനെ മോചിപ്പിച്ചു. 1950കള്‍ക്കു ശേഷം തമിഴ്‌സിനിമ കരുണാനിധിയുടെ വാക്കുകളിലൂടെ പുതിയൊരു രാഷ്ട്രീയ സംസ്‌കാരത്താല്‍ സ്വാധീനിക്കപ്പെടുകയായിരുന്നു. തിയേറ്ററുകള്‍ക്ക് പുറത്തും പ്രകമ്പനങ്ങള്‍ തീര്‍ത്തു കരുണാനിധിയുടെ വാക്കുകള്‍. ആക്ഷന്‍ രംഗങ്ങള്‍ ജയപരാജയങ്ങളുടെ സ്വാധീന ശക്തിയായിരുന്ന കാലത്ത് തമിഴ് സിനിമാ സംസ്‌കാരത്തെ തന്റെ ശക്തമായ രാഷ്ട്രീയസന്ദേശ സിനിമകളിലൂടെ മറികടക്കുന്നതില്‍ കരുണാനിധി വിജയിച്ചു.
തൊട്ടുകൂടായ്മ, ജന്‍മിസമ്പ്രദായം, ബ്രാഹ്മണ മേധാവിത്വം തുടങ്ങി തമിഴ്‌നാടിന്റെ സമകാലിക, സാമൂഹിക വ്യവസ്ഥയ്ക്കു നേരെയുള്ള വിമര്‍ശന ശബ്ദങ്ങള്‍ കൂടിയായി കരുണാനിധിയുടെ സിനിമകള്‍. ഇവ ജാതിമത ശക്തികളുടെ എതിര്‍പ്പുകളും നേരിട്ടു. ചില സിനിമകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ വരെ നീക്കങ്ങളുണ്ടായി. മധുരനാട്ടു ഇളവരസി, തിരുമ്പിപ്പാര്‍, മനോഹര, മാലൈ കള്ളന്‍, രംഗൂണ്‍രാധ, രാജാറാണി തുടങ്ങി 75ഓളം സിനിമകള്‍ക്കു തിരക്കഥയെഴുതി. 2011ല്‍ ഇറങ്ങിയ ‘പൊന്നാര്‍ ശങ്കരാ’ണ് അവസാന സിനിമ.
ഒരുകാലത്ത് തമിഴ്‌സിനിമ തുടങ്ങുന്നതു തന്നെ കരുണാനിധിയുടെ ഉശിരന്‍ സംഭാഷണങ്ങളിലൂടെയായിരുന്നു. കഥ, കവിത, നോവല്‍ തുടങ്ങിയ രചനാ മേഖലകളിലും കലൈഞ്ജര്‍ തിളങ്ങി. കുറളോവിയം, നെഞ്ചുക്ക് നീതി, തെല്‍പാപ്പിയ ഉരൈ, സംഘ തമിഴ്, തെന്‍പാണ്ടി സിങ്കം, വെള്ളിക്കിഴമെ തുടങ്ങി നിരവധി കൃതികള്‍ കരുണാനിധി രചിച്ചു. മണിമകുടം, ഒരേ രത്തം, തൂക്കുമേടൈ, വെള്ളിക്കിഴമൈ, സിലപ്പതികാരം എന്നിവ നാടകങ്ങളില്‍ പെടും. സ്വതസിദ്ധമായ ഹാസ്യത്തിലൂടെയും തീക്ഷണമായ സാമൂഹിക വിമര്‍ശനങ്ങളിലുമൂന്നിയ രചനകള്‍ കലൈഞ്ജറെ ശക്തനായ രാഷ്ട്രീയപ്പോരാളിയായി തമിഴ്ജനത നെഞ്ചേറ്റുന്നതിന്റെ ചാലകശക്തിയായി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss