|    Feb 24 Fri, 2017 11:26 pm
FLASH NEWS

എളുപ്പവഴി

Published : 11th November 2016 | Posted By: SMR

നഗരാസൂത്രണം എന്നത് വളരെ സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്. എന്‍ജിനീയര്‍മാരും സാമൂഹികശാസ്ത്രജ്ഞന്‍മാരും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവരുമൊക്കെ തലപുണ്ണാക്കുന്ന വിഷയം. ഇന്ന് ഒരു പട്ടണത്തില്‍ എവിടെ റോഡ് വേണം, എവിടെ ഫ്‌ളൈ ഓവര്‍ വേണം, എവിടെ ട്രാഫിക് സിഗ്നല്‍ വേണം എന്നൊക്കെ നിശ്ചയിക്കുന്നതിനു മുമ്പ് വിശദമായ സര്‍വേ നടത്തി ലഭിക്കുന്ന വിവരം ശേഖരിക്കുന്നു. അതിനാവട്ടെ ഒട്ടേറെ സമയം വേണം. ഇന്റര്‍നെറ്റ്-മൊബൈല്‍ ഫോണ്‍ യുഗത്തില്‍ സര്‍വേകള്‍ക്ക് കാത്തുനില്‍ക്കാതെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നഗരാസൂത്രണം നടത്താമെന്നാണ് മാസച്ചുസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ എന്‍ജിനീയര്‍മാര്‍ പറയുന്നത്.
സൗദി തലസ്ഥാനമായ റിയാദില്‍ പുതിയ മെട്രോ റെയില്‍വേ നിര്‍മിക്കുന്നതിന്റെ ഭാഗമായി അവര്‍ ചെയ്തത് നഗരത്തിലെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കുകയാണ്. അതോടൊപ്പം അവര്‍ റോഡുകളില്‍ സ്ഥാപിച്ച കാമറകള്‍ നല്‍കുന്ന വിവരങ്ങള്‍ അവയുമായി താരതമ്യം ചെയ്തു. തുടര്‍ന്നാണ് മെട്രോ ലൈനുകള്‍ എവിടെയൊക്കെയാവാമെന്നു തീരുമാനിച്ചത്. കംപ്യൂട്ടറുകള്‍ ഈ ജോലി താരതമ്യേന എളുപ്പമാക്കുന്നു. അവയുടെ സഹായത്തോടെ ഏതു ഭാഗത്തേക്കാണ് ആളുകള്‍ കൂടുതല്‍ പോവുന്നത്, ഏതൊക്കെ സമയത്താണ് തിരക്കു കൂടുതല്‍ എന്നൊക്കെ നിശ്ചയിക്കാന്‍ സാധിക്കും. എംഐടിയിലെ ഗവേഷകര്‍ ഷാങ്ഹായിലെ ചില കെട്ടിടങ്ങളും വാഷിങ്ടണ്‍ ഡിസിയിലെ ലോകബാങ്ക് ആസ്ഥാനം സ്ഥിതിചെയ്യുന്ന പ്രദേശവും ഇങ്ങനെ മാപ്പ് ചെയ്ത ശേഷമാണ് രൂപകല്‍പന ചെയ്തത്. പല അമേരിക്കന്‍ നഗരങ്ങളും പുനസ്സംവിധാനം ചെയ്യുന്നതിന് പഠനം സഹായിക്കുമെന്ന് അവര്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക