|    Nov 13 Tue, 2018 9:18 pm
FLASH NEWS

എല്‍പിജി സംഭരണ ടാങ്കുകള്‍ക്കെതിരേ ഉപരോധം: പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ നൂറോളം പേരെ അറസ്റ്റ് ചെയ്തു

Published : 3rd December 2015 | Posted By: SMR

വൈപ്പിന്‍: ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തി പുതുവൈപ്പ് തീരത്ത് എല്‍പിജി സംഭരണ ടാങ്കുകള്‍ സ്ഥാപിക്കാനുള്ള ഐഒസിയുടെ നീക്കത്തെ തുടര്‍ന്ന് പുതുവൈപ്പില്‍ സംഘര്‍ഷാവസ്ഥ.
ടാങ്ക് നിര്‍മിക്കാനുള്ള ഷീറ്റുമായി ഇവിടേക്കുവന്ന ലോറികള്‍ ജനങ്ങള്‍ തടഞ്ഞതിനെതുടര്‍ന്ന് എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വി കെ കൃഷ്ണന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം കെ എസ് രാധാകൃഷ്ണസന്‍, പഞ്ചായത്തംഗങ്ങളായി പി എസ് ഷാജി, രസികല പ്രിയരാജ്, സി ജി ബിജു, കൈലാസന്‍ എന്നിവരടക്കം നൂറോളം പേരെ പോലിസ് അറസ്റ്റ്‌ചെയ്തു നീക്കി. സ്ത്രീകളടക്കമുള്ളവരെ ബലപ്രയോഗത്തിലൂടെയാണ് പോലിസ് അറസ്റ്റ്‌ചെയ്തത്.
എല്‍പിജി സംഭരണ ടാങ്ക് നിര്‍മാണത്തിനെതിരേയും പോലിസ് കൈയേറ്റത്തിലും പ്രതിഷേധിച്ച് ഇന്ന് എളങ്കുന്നപ്പുഴ പഞ്ചായത്തില്‍— ഹര്‍ത്താല്‍ ആചരിക്കാന്‍ സമരസമിതി ആഹ്വാനം ചെയ്തിട്ടുണ്ട്.
ജനവാസ കേന്ദ്രത്തോടു ചേര്‍ന്ന് പഞ്ചായത്തിന്റെ അനുമതിയില്ലാതെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിബന്ധനകള്‍ ലംഘിച്ചുകൊണ്ടുമാണ് അപകട സാധ്യതയുള്ള എല്‍പിജി സംഭരണ ടാങ്ക് നിര്‍മിക്കുന്നതെന്ന് സമരസമിതി ആരോപിച്ചു. ജനകീയ പ്രക്ഷോഭങ്ങള്‍മൂലം മുടങ്ങിക്കിടന്ന നിര്‍മാണം വീണ്ടും ആരംഭിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സാധന സാമഗ്രികളുമായി വന്‍ പോലിസ് സന്നാഹത്തോടെ ഐഒസി എത്തിയത്. ഇതിനെ ചെറുക്കാനായി സ്ത്രീകളും കുട്ടികളുമടക്കം വലിയ ജനക്കൂടം രാവിലെ മുതല്‍ പ്രദേശത്ത് ഒത്തുകൂടിയിരുന്നു. ഉച്ചയോടെ പോലിസ് സ്ത്രീകളെയും കുട്ടികളെയും ജനപ്രതിനിധികളെയും വരെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സമരസമിതി കണ്‍വീനര്‍ കെ എസ് മുരളി, സേവ്യര്‍ തുണ്ടിപ്പറമ്പില്‍, ബിജു കണ്ണങ്ങനാട്ട്, എം ജി സേവ്യര്‍, കെ ഡി ജോണ്‍സണ്‍, എന്‍ ആര്‍ സുധീര്‍ തുടങ്ങിയവരും അറസ്റ്റിലായി. രണ്ടുതവണയായാണ് ഇവരെയെല്ലാം അറസ്റ്റ് ചെയ്തത്. ഞാറക്കല്‍ പോലിസ് സ്‌റ്റേഷനിലെത്തിച്ച ഇവരെ വൈകീട്ട് വിട്ടയച്ചു.
പോലിസുമായി പ്രശ്‌നം— ചര്‍ച്ചചെയ്യാനാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ എത്തിയത്. എന്നാല്‍ ഹൈക്കോടതിയുടെ നിര്‍ദേശമുണ്ടെന്നും എതിര്‍ക്കുന്നവരെ അറസ്റ്റ്‌ചെയ്തു നീക്കി— അതു നടപ്പാക്കുമെന്നുമാണ് സിഐ അറിയിച്ചത്. വ്യാഴാഴ്ച പഞ്ചായത്തോഫിസില്‍ ഐഒസി പ്രതിനിധികളുമായി പ്രശ്‌നം ചര്‍ച്ചചെയ്യാമെന്ന പ്രസിഡന്റിന്റെ നിര്‍ദേശം പോലിസ് തള്ളി. ഇതേതുടര്‍ന്നാണ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റ്‌വരിച്ചത്. ടെര്‍മിനല്‍ നിര്‍മാണത്തിന് ഇതുവരെ പഞ്ചായത്തിനെ സമീപിച്ചിട്ടില്ലെന്ന് പ്രസിഡന്റ് പറഞ്ഞു. ഹൈക്കോടതി നിര്‍ദേശമുണ്ടെങ്കില്‍ അക്കാര്യവും പഞ്ചായത്തിനെ അറിയിച്ചിട്ടില്ല. സിആര്‍ഇസഡ് നിയമംപോലും കാറ്റില്‍ പറത്തിയാണ് ഐഒസി ടെര്‍മിനല്‍ നിര്‍മാണത്തിനൊരുങ്ങുന്നത്.
രാവിലെ നടന്ന ഉപരോധത്തെ അഭിവാദ്യംചെയ്ത് എം ബി ജയഘോഷ്, സി ജി ബിജു, ഗിരിജ അശോകന്‍, സേവ്യര്‍ തുണ്ടിപ്പറമ്പില്‍, കെ എസ് മുരളി, കെ ഡി ജോണ്‍സണ്‍, പി എച്ച് ഷംസുദീന്‍, പി പി പ്രദീപ്, ബിജു കണ്ണങ്ങനാട്ട്, ജോസി പി തോമസ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss