|    Mar 27 Mon, 2017 6:13 pm
FLASH NEWS

എല്‍പിജി പ്ലാന്റിലെ തൊഴിലാളിസമരം താല്‍ക്കാലികമായി പിന്‍വലിച്ചു

Published : 1st October 2016 | Posted By: Abbasali tf

കഴക്കൂട്ടം: ഓണത്തിന് ബോണസ് കിട്ടാത്തതിനെ തുടര്‍ന്നു മേനംകുളം എല്‍പിജി പാചക വാതക പ്ലാന്റിലെ കയറ്റിറക്കു തൊഴിലാളികള്‍ നടത്തിവന്ന സമരം താല്‍ക്കാലികമായി പിന്‍വലിച്ചു. ഇന്നു മുതല്‍ ലോറികള്‍ ഓടിത്തുടങ്ങും. ഡെപ്യൂട്ടി കലക്ടറുടെ സാന്നിധ്യത്തില്‍ ബിപിസിഎല്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍, യൂനിയന്‍ പ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലാണു നാലു ദിവസമായി തുടരുന്ന സമരം പിന്‍വലിച്ചത്. അതേസമയം, ഇതുമായി ബന്ധപ്പെട്ടു കോടതിയില്‍ കേസുള്ളതിനാല്‍ ബോണസ് നല്‍കാനുള്ള ട്രക്ക് ഉടമകളായ കരാര്‍ കമ്പനികളുടെ പ്രതിനിധികള്‍ ആരും ചര്‍ച്ചയില്‍ പങ്കെടുത്തില്ല. 18 ശതമാനം 15 ദിവസത്തിനകം ട്രക്ക് ഉടമകളില്‍ നിന്നു പിരിച്ച് നല്‍കാമെന്ന ബിപിസിഎല്‍ കമ്പനി അധികൃതരുടെ ഉറപ്പിലാണ് സമരം പിന്‍വലിച്ചത്. ഇതു നടപ്പായില്ലെങ്കില്‍ വീണ്ടും സമരം ആരംഭിക്കുമെന്നു തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ പറഞ്ഞു. തൊഴിലാളി യൂനിയനുകളെ പ്രതിനിധീകരിച്ച് പാങ്ങപ്പാറ അശോകന്‍, മധു, നിര്‍മാലനന്ദന്‍, നൗഷാദ്, അജി, ജസ്റ്റിന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 20 ശതമാനം ബോണസ് ആവശ്യപ്പെട്ട് വിവിധ യൂനിയനില്‍പ്പെട്ട 72 തൊഴിലാളികളാണു ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മുതല്‍ സമരം ആരംഭിച്ചത്. മുഴുവന്‍ തൊഴിലാളികള്‍ക്കും 20,000 രൂപ ബോണസ് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂനിയനുകള്‍ സമരം ആരംഭിച്ചതോടെ അഞ്ചു ജില്ലകളിലേക്കുള്ള സിലിണ്ടര്‍ നീക്കം നിലച്ചിരുന്നു. എന്നാല്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്ന ബോണസ് നല്‍കാന്‍ കരാറുകാര്‍ തയ്യാറായതുമില്ല. കുറച്ചു തൊഴിലാളികളുടെ ഹാജര്‍ നില കുറവാണെന്നാണു കരാറുകാര്‍ പറയുന്നത്. അതിന് ആനുപാതികമായി മാത്രമേ ബോണസ് നല്‍കാന്‍ കഴിയുകയുള്ളൂവെന്നും കരാറുകാര്‍ പറയുന്നു. അതേസമയം, പ്ലാന്റില്‍ അടിസ്ഥാന ശമ്പളത്തിനല്ല തങ്ങള്‍ ജോലി ചെയ്യുന്നതെന്നാണു തൊഴിലാളികള്‍ പറയുന്നത്. ഒരു സിലിണ്ടര്‍ ഇറക്കുന്നതിനും കയറ്റുന്നതിനും 2.40 രൂപയാണു നിരക്ക്. മുഴുവന്‍ സിലണ്ടറുകള്‍ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് 72 തൊഴിലാളികള്‍ തന്നെയാണ്. അതിനാല്‍ ഹാജര്‍നില നോക്കാതെ ചെയ്ത ജോലിയുടെ 20 ശതമാനം ബോണസ് നല്‍കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day