|    Aug 23 Wed, 2017 12:12 am
FLASH NEWS
Home   >  Todays Paper  >  page 10  >  

എല്‍ഡി ടൈപ്പിസ്റ്റ് തസ്തിക നിയമനം അട്ടിമറിക്കുന്നു

Published : 3rd August 2017 | Posted By: fsq

 

കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ച് എല്‍ഡി ടൈപ്പിസ്റ്റ് നിയമനം അട്ടിമറിക്കുന്നു. രാഷ്ട്രീയ നിയമനം നേടിയ താല്‍ക്കാലിക ജീവനക്കാരെ ജോലിയില്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് ഈ നീക്കം. 2016 ആഗസ്തില്‍ പിഎസ്‌സി പ്രസിദ്ധീകരിച്ച എല്‍ഡി ടൈപ്പിസ്റ്റ് റാങ്ക്‌ലിസ്റ്റ് നിലനില്‍ക്കെയാണ് താല്‍ക്കാലിക ജീവനക്കാരെ നിയമിച്ച് പിഎസ്‌സി നിയമനം അട്ടിമറിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ടൈപ്പിസ്റ്റുകളുടെ ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല.ഔദ്യോഗിക ഭാഷാപ്രഖ്യാപനത്തെ തുടര്‍ന്ന് ഉത്തരവുകളും സര്‍ക്കുലറുകളും അറിയിപ്പുകളുമെല്ലാം മലയാളത്തില്‍ ആയിരിക്കണമെന്ന നിര്‍ദേശമുണ്ട്. അധികാര വികേന്ദ്രീകരണവും അനുബന്ധ സമീപനങ്ങളും ഡാറ്റാ എന്‍ട്രി ജോലി ഇരട്ടിപ്പിക്കുകയും ചെയ്തു. എന്നിട്ടും പഞ്ചായത്തുകളില്‍ എല്‍ഡി ടൈപ്പിസ്റ്റ് നിയമനം നടക്കുന്നില്ല. യോഗങ്ങളുടെ മിനുട്‌സ് ഉള്‍െപ്പടെയുള്ള ജോലികള്‍ ചെയ്യാന്‍ ടൈപ്പിസ്റ്റുമാര്‍ അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഭൂരിപക്ഷം പഞ്ചായത്തുകളിലും എല്‍ഡി ടൈപ്പിസ്റ്റ് നിയമനം മുടങ്ങിക്കിടക്കുന്നത് ഫയല്‍നീക്കങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.  ഇപ്പോള്‍ ദിവസവേതനത്തിനു നിയമിക്കുന്നവരാണ് പഞ്ചായത്തുകളില്‍ ഇത്തരം ജോലികള്‍ ചെയ്യുന്നത്. ഇവരാകട്ടെ പഞ്ചായത്ത് അംഗങ്ങളുടേയും സെക്രട്ടറിമാരുടെയും അടുപ്പക്കാരുമായിരിക്കും. അതിനാല്‍ ലിസ്റ്റില്‍ നിന്നു നിയമനം നടക്കാതിരിക്കാന്‍ ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യുകയോ ജീവനക്കാരെ ആവശ്യപ്പെടുകയോ ചെയ്യാറില്ല. പഞ്ചായത്തുകളില്‍ ഡാറ്റാ എന്‍ട്രിക്ക് ഒരു സ്ഥിരം സംവിധാനം വേണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് നിര്‍ദേശിച്ചിരുന്നെങ്കിലും സ്റ്റാഫ് പാറ്റേണ്‍ പുതുക്കുന്ന സമയത്ത് ടൈപ്പിസ്റ്റ് തസ്തിക മാത്രം അനുവദിക്കാറില്ല. മലയാളം ടൈപ്പ് ചെയ്യാന്‍ പ്രാവീണ്യം നേടിയ എല്‍ഡി ടൈപ്പിസ്റ്റ് ഉദ്യോഗാര്‍ഥികളെ പരിഗണിക്കാതിരിക്കുന്നത് കടുത്ത തൊഴില്‍ അവകാശനിഷേധമാണെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി സമീര്‍ എം പറഞ്ഞു. പത്താം ശമ്പള കമ്മീഷന്‍ റിപോര്‍ട്ടില്‍ എല്‍ഡി ടൈപ്പിസ്റ്റ് തസ്തിക എല്‍ഡി കംപ്യൂട്ടര്‍ അസിസ്റ്റന്റ് എന്നാക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ലിസ്റ്റില്‍ നിന്നു നിയമനം നടത്തിയില്ലെങ്കില്‍ അതില്‍ ഇടം നേടിയവരുടെ ഭാവി അനിശ്ചിതത്വത്തിലാവും. നിലവിലെ റാങ്ക്‌ലിസ്റ്റില്‍ ഉള്ളവരില്‍ കൂടുതല്‍ പേര്‍ക്കും പ്രായപരിധി കഴിയുമെന്നതിനാല്‍ ഇനി ഒരു പിഎസ്‌സി പരീക്ഷ എഴുതാന്‍ കഴിയുകയുമില്ല. എല്ലാ ഒഴിവുകളും എത്രയും പെട്ടെന്ന് റിപോര്‍ട്ട് ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെയാണ് തദ്ദേശസ്വയംഭരണവകുപ്പ്, രാഷ്ട്രീയ നിയമനം ലക്ഷ്യംവച്ച് പിഎസ്‌സി നിയമനം അട്ടിമറിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക