|    Jun 18 Mon, 2018 3:30 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

എല്‍ഡി ക്ലാര്‍ക്ക്: വിജ്ഞാപനം പുറപ്പെടുവിക്കുന്നത് ആറുമാസത്തേക്കു നീട്ടി

Published : 19th July 2016 | Posted By: sdq

തിരുവനന്തപുരം: എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത് പിഎസ്‌സി യോഗം നീട്ടിവച്ചു. ഇന്നലെയായിരുന്നു എല്‍ഡി ക്ലാര്‍ക്ക് വിജ്ഞാപനം പുറപ്പെടുവിക്കേണ്ടിയിരുന്നത്. എന്നാല്‍, ധൃതിപിടിച്ച് വിജ്ഞാപനം ഇറക്കേണ്ടതില്ലെന്ന് കമ്മീഷന്‍ യോഗം വിലയിരുത്തി. ആറ്മാസം കഴിഞ്ഞശേഷം വിജ്ഞാപനം പുറപ്പെടുവിക്കാനാണ് തീരുമാനം. പിഎസ്‌സിയുടെ സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് അടിയന്തരമായി വിജ്ഞാപനം ക്ഷണിക്കേണ്ടതില്ലെന്ന് കമ്മീഷന്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍, ചെയര്‍മാന്റെ അഭാവത്തില്‍ കമ്മീഷന്‍ നയിച്ച കെ കെ രമണിയും ഒരുവിഭാഗം അംഗങ്ങളും മുന്‍നിശ്ചയിച്ചപ്രകാരം വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന നിലപാടെടുത്തു. ഭൂരിഭാഗം അംഗങ്ങള്‍ വിജ്ഞാപനം നീട്ടിവയ്ക്കണമെന്ന വികാരം പ്രകടിപ്പിക്കുകയായിരുന്നു. കോളജ് അധ്യാപകര്‍ നിയമനത്തില്‍ 25 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചെങ്കിലും പകുതി പരീക്ഷപോലും നടത്തിയിട്ടില്ല. അതിനാല്‍, ഇത്തരം മുടങ്ങിക്കിടക്കുന്ന തസ്തികകളുടെ പരീക്ഷ നടത്താനാണ് പിഎസ്‌സിയുടെ തീരുമാനം.
നിലവിലെ എല്‍ഡി ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റില്‍നിന്ന് കാര്യമായ നിയമനം നടന്നിട്ടില്ല. അതിനാല്‍, ആറുമാസംകൂടി കഴിഞ്ഞ് വിജ്ഞാപനം ഇറക്കിയാലും കുഴപ്പമില്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. അതേസമയം, വിജ്ഞാപനം ആറ്മാസം വൈകിയാല്‍ റാങ്ക്‌ലിസ്റ്റും ആറുമാസം വൈകുമെന്നാണ് ഒരുവിഭാഗം അംഗങ്ങളുടെ വാദം. ഇപ്പോള്‍ത്തന്നെ വിജ്ഞാപനം ക്ഷണിച്ച് 14 ജില്ലകളിലും പരീക്ഷ നടത്തണമെങ്കില്‍ ഒന്നര വര്‍ഷം വേണ്ടിവരും. അതിനാല്‍, വിജ്ഞാപന തിയ്യതി നീട്ടിയത് ശരിയായില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍, ഒരുവര്‍ഷത്തിനകം പരീക്ഷ നടത്തി റാങ്ക്‌ലിസ്റ്റ് തയ്യാറാക്കാന്‍ പിഎസ്‌സിക്ക് കഴിയുമെന്നാണ് മറുവിഭാഗത്തിന്റെ വിശദീകരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss