|    Mar 27 Mon, 2017 8:20 pm
FLASH NEWS

എല്‍ഡി ക്ലര്‍ക്കായി ജോലി വാഗ്ദാനം; ആറു ലക്ഷം തട്ടിയ യുവാവിനെ ചങ്ങനാശ്ശേരി പോലിസിന് കൈമാറി

Published : 19th August 2016 | Posted By: SMR

ചങ്ങനാശ്ശേരി: എല്‍ഡി ക്ലര്‍ക്കായി ജോലി നല്‍കാമെന്ന് പറഞ്ഞ് ആറു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കടവന്ത്ര പോലിസ് അറസ്റ്റ് ചെയ്ത യുവാവിനെ ചങ്ങനാശ്ശേരി പോലിസിനു കൈമാറി. തൃക്കൊടിത്താനം പൊട്ടശ്ശേരി പഴയവീട്ടില്‍ വിപിന്‍ ലാലി(28)നെയാണ് ചങ്ങനാശ്ശേരി പോലിസിനു കൈമാറിയത്. സമാനമായ കേസില്‍ കടവന്ത്ര പോലിസ് അറസ്റ്റു ചെയ്ത പ്രതിയെ തട്ടിപ്പിനിരയായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചങ്ങനാശ്ശേരി പോലിസിന് കൈമാറിയത്.
ഇയാള്‍ മറ്റുള്ള ജില്ലകളിലും തട്ടിപ്പു നടത്തിയെന്നു കരുതുന്നതായി പോലിസ് പറഞ്ഞു. ചങ്ങനാശ്ശേരി വാഴപ്പള്ളി കൂനന്താനം കല്ലുവേലില്‍ ജസ്‌വിന്‍ ആണ് തട്ടിപ്പിനിരയായത്. 2015 ഡിസംബറില്‍ ആണ് കേസിനാസ്പദമായ സംഭവം.
എറണാകുളം കലക്ടറേറ്റില്‍ ബിഎംഎസ് യൂനിറ്റിന്റെ പേരില്‍ ക്ലാര്‍ക്ക് പോസ്റ്റില്‍ രണ്ട് ഒഴിവുകള്‍ ഉണ്ടെന്ന് ബോധ്യപ്പെടുത്തിയാണ് തട്ടിപ്പു നടത്തിയത്. ആറു ലക്ഷം രൂപ യൂനിയനു നല്‍കിയാല്‍ ജോലി ശരിയാക്കികിട്ടുമെന്നും പണം നല്‍കിയാല്‍ ഒരു മാസത്തിനുള്ളില്‍ ജോലിക്കു കയറാമെന്നും ഇയാള്‍ വിശ്വസിപ്പിച്ചിരുന്നു. വിപിന്‍ ലാലിന്റെ വാക്ക് വിശ്വസിച്ച ജസ്‌വിന്‍ കാക്കനാട് എസ്ബിടി ശാഖ വഴി വിപിന്‍ ലാലിന്റെ പേരില്‍ 3.97 ലക്ഷം രൂപയും 1.78 ലക്ഷം രൂപ സഹോദരന്‍ അരുണ്‍ ലാലിന്റെ പേരിലും എസ്ബിടിയില്‍ നിക്ഷേപിച്ചു. പിന്നീട് 25,000 രൂപ നേരിട്ടും നല്‍കി. 2016 മാര്‍ച്ച് 10ന് മുമ്പായി ജോലിയില്‍ പ്രവേശിക്കണമെന്ന് കാട്ടി ബിഎംഎസ് യൂനിയന്റെ ലെറ്റര്‍ പാഡില്‍ കത്ത് എഴുതി നല്‍കി. എന്നാല്‍ കത്ത് നല്‍കിയ ശേഷം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഇനി തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമേ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളൂവെന്ന് ഫോണില്‍ വിളിച്ചറിയിക്കുകയും യൂനിയന്റെ പേരില്‍ നല്‍കിയ ലെറ്റര്‍ പാഡ് തിരികെ വാങ്ങുകയും ചെയ്തു.
ജസ്‌വിന്‍ പിന്നീട് പലപ്പോഴും ഫോണില്‍ വിളിച്ചെങ്കിലും എടുക്കാതെ വന്നു. പിന്നീട് പരാതി നല്‍കുമെന്നു പറഞ്ഞപ്പോള്‍ മറ്റൊരു ബാങ്കിന്റെ ചെക്കു നല്‍കുകയും അമ്മ മരിച്ചെന്നും അല്‍പം സാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ടു. പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം തരാതെ വന്നപ്പോള്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാതായെന്നും ജസ്‌വിന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ആറിനു രാവിലെ ഫോണില്‍ വിളിച്ചപ്പോള്‍ ഇയാളുടെ ഫോണ്‍ എടുത്തത് കടവന്ത്ര പോലിസാണ്. സമാനമായ കേസില്‍ കടവന്ത്ര പോലിസില്‍ ഇയാളെ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് അറിഞ്ഞതോടെ ഇയാള്‍ക്കെതിരേ ചങ്ങനാശ്ശേരി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലിസിന്റെ ആവശ്യപ്രകാരം ഇയാളെ ചങ്ങനാശ്ശേരിയില്‍ എത്തിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.
മുമ്പും തട്ടിപ്പു കേസില്‍ വിപിനെ ചങ്ങനാശ്ശേരി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ചേര്‍ത്തലയില്‍ പഠിച്ച ജസ്‌വിന്‍ സ്‌പോര്‍ട്ട്‌സുമായി ബന്ധപ്പെട്ട് എസ് ബി കോളജില്‍ എത്തിയപ്പോള്‍ ആണ് അവിടെ പഠിച്ചിരുന്ന വിപിന്‍ ലാലിനെ കൂട്ടുകാര്‍ മുഖേന പരിചയപ്പെട്ടത്. ഈ ബന്ധം ആണ് ഇയാള്‍ തട്ടിപ്പിന് ഉപയോഗിച്ചത്. എറണാകുളം ചങ്ങനാശ്ശേരി പോലിസാണ് കേസ് അന്വേഷിക്കുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day