|    Nov 14 Wed, 2018 3:42 am
FLASH NEWS
Home   >  Kerala   >  

എല്‍ഡിഎഫ് സര്‍ക്കാര്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന് ചരമക്കുറിപ്പ് എഴുതുന്നു: എം എം ഹസന്‍

Published : 23rd June 2018 | Posted By: mtp rafeek
 
തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം കര്‍ശനമായി നടപ്പാക്കും എന്നു തെരഞ്ഞെടുപ്പു പ്രകടപത്രികയില്‍ എഴുതിവച്ച് അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ പുതിയ നിയമ ഭേദഗതികളിലൂടെ 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്  ചരമക്കുറിപ്പ് എഴുതുകയാണെന്നു കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. മുപ്പതു വകുപ്പുകളുള്ള മൂലനിയമത്തിലെ പ്രധാനപ്പെട്ട 11 വകുപ്പുകളും ഭേദഗതി ചെയ്ത് സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും ഭൂരാജാക്കന്‍മാര്‍ക്കും  റിയല്‍എസ്‌റ്റേറ്റ് ലോബിക്കും തീറെഴുതാനുള്ള നാടകമാണ് അണിയറയില്‍ ഒരുങ്ങുന്നത്.
വിവാദമായ ഈ ഭേദഗതികള്‍ തിങ്കളാഴ്ച ഒരു കാരണവശാലും നിയമസഭയില്‍ അവതരിപ്പിക്കരുത്. മൃഗീയഭൂരിപക്ഷം ഉപയോഗിച്ച് നിയമസഭയില്‍ ഭേദഗതി പാസാക്കിയാല്‍ അതിശക്തമായ ജനകീയ പ്രക്ഷോഭം ഉയരുമെന്നു ഹസന്‍ മുന്നറിയിപ്പു നല്‍കി. നെല്‍വയല്‍, തണ്ണീര്‍ത്തടം, കരഭൂമി എന്നിവയ്ക്കു പുറമേ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി  എന്നൊരു പുതിയ വിഭാഗം കൂടി ഭേദഗതിയില്‍  സൃഷ്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ഭൂമിയും വിജ്ഞാപനം ചെയ്യപ്പെടാതെ കിടക്കുന്നതിനാല്‍ ഈ പഴുത് ഉപയോഗിച്ച്  നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും യഥേഷ്ടം നികത്താനാകും. ഇതു ഭൂരാജക്കാര്‍ക്കുവേണ്ടിയല്ലെങ്കില്‍ പിന്നെ ആര്‍ക്കു വേണ്ടിയാണെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം.
നെല്‍വയല്‍ തണ്ണീര്‍ത്തടങ്ങളുടെ കാവല്‍ക്കാരായി പ്രവര്‍ത്തിച്ചിരുന്ന പ്രാദേശിക സമിതികളുടെ അധികാരം കവര്‍ന്ന് അവയെ വെറും നോക്കുകുത്തികളാക്കുന്ന ഭേദഗതിയും ദുഷ്ടലാക്കോടെയാണെന്നു വ്യക്തം. പൊതുആവശ്യങ്ങള്‍ക്ക് നികത്തലാകാം എന്ന ഭേദഗതിയും ദുരുപയോഗം ചെയ്യാപ്പെടാനുള്ള സാധ്യത ഏറെയാണ്. നിലവില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തിലുള്ള നിരീക്ഷകസമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം മാത്രം നികത്തലിന് അനുമതി ലഭിക്കുമായിരുന്നത് മാറ്റി സര്‍ക്കാരിന് ഏതെങ്കിലും ഒരു സമിതിയുടെ റിപോര്‍ട്ട് മതി എന്നു ഭേദഗതി ചെയ്യുകയാണ്. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ട രേഖകളില്‍ മാറ്റം വരുത്താന്‍ ആര്‍ഡിഒമാരെ അധികാരപ്പെടുത്തുന്ന വ്യവസ്ഥയും ദോഷകരമാണ്.
നിലംനികത്തിലിനെതിരേ പരാതി നല്കാന്‍ 5000 രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ കേട്ടുകേഴ്‌വിപോലും ഇല്ലാത്തതാണ്. കേരളത്തിന്റെ അമൂല്യമായ പ്രകൃതിവിഭവങ്ങള്‍ കവര്‍ന്നെടുക്കാന്‍ കാത്തിരിക്കുന്നവര്‍ക്കുവേണ്ടിയുള്ള ഈ നിയമഭേദഗതിക്കെതിരേ കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഉണരണമെന്ന് ഹസന്‍ അഭ്യര്‍ത്ഥിച്ചു. 
                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss