|    Jun 22 Fri, 2018 1:26 am
FLASH NEWS

ബജറ്റ് അവതരണം തുടങ്ങി

Published : 8th July 2016 | Posted By: mi.ptk

thomas-issac-budget

തിരുവന്തപുരം:പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്അവതരണം ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ തുടങ്ങി. 2016-17 വര്‍ഷത്തേക്കുള്ള  ബജറ്റാണ് അവതരിപ്പിക്കുന്നത്. ജനങ്ങളില്‍ അധികഭാരം അടിച്ചേല്‍പ്പിക്കാതെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്ന ബജറ്റാവും ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുകയെന്നാണു സൂചന. ഇതോടൊപ്പം അടിസ്ഥാന സൗകര്യവികസനവും അധിക വിഭവസമാഹരണവും ക്ഷേമ പെന്‍ഷനുകളുടെ വര്‍ധനവും പ്രതീക്ഷിക്കപ്പെടുന്നു. നിയമസഭയില്‍ രാവിലെ 9നാണ് ബജറ്റ് അവതരണം. സംസ്ഥാനത്തിന്റെ നികുതിവരുമാനം 25 ശതമാനം ആയി ഉയര്‍ത്തും. ഇതിനായി സാങ്കേതിക സംവിധാനം മെച്ചപ്പെടുത്താന്‍ നടപടികളുണ്ടാവും. അടുത്ത വര്‍ഷം ആദ്യം നിലവില്‍വരുന്നവിധം നിയമഭേദഗതി അടക്കമുള്ള കാര്യങ്ങളാണു നിര്‍ദേശിക്കുന്നത്. കേരളം കണ്ടതില്‍വച്ച് ഏറ്റവും വലിയ ഒരു നിക്ഷേപ പദ്ധതിക്കു തുടക്കംകുറിക്കുമെന്നും അതിനാല്‍ ഈ ബജറ്റ് സംസ്ഥാനത്തെ വികസനത്തിന് ഒരു നാഴികക്കല്ലാവുമെന്നും തോമസ് ഐസക് പറഞ്ഞു. എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ ഊന്നിയ വന്‍കിട വ്യവസായങ്ങള്‍ക്കും ബജറ്റില്‍ പ്രാമുഖ്യം നല്‍കും. പരിസ്ഥിതി സംരക്ഷണം അടങ്ങിയ പ്രത്യേക നിര്‍ദേശവും ബജറ്റിലുണ്ടാവും. കര്‍ശന ചെലവുചുരുക്കല്‍ നടപടികള്‍ക്കും നിര്‍ദേശമുണ്ടാവും. ന്യായവില ശൃംഖലകള്‍ മെച്ചപ്പെടുത്തല്‍, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തല്‍ തുടങ്ങിയവയ്ക്കു നടപടിയുണ്ടാവും. ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടവും അടിസ്ഥാനസൗകര്യമേഖലയിലെ നിക്ഷേപത്തിനുള്ള കമ്പനിയുമെല്ലാം ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. വരുമാനവര്‍ധനയില്‍ ഊന്നി മൂന്നുവര്‍ഷംകൊണ്ട് സാമ്പത്തികപ്രശ്‌നങ്ങളെ മറികടക്കാനാണു ധനമന്ത്രി ഉദ്ദേശിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു താന്‍ കൊണ്ടുവന്ന മാന്ദ്യവിരുദ്ധ പാക്കേജിന്റെ രണ്ടാംഘട്ടം തോമസ് ഐസക് ഈ ബജറ്റില്‍ പ്രഖ്യാപിക്കും. ബജറ്റില്‍ ഇതിനുള്ള തുക കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണു പ്രത്യേകം കമ്പനി രൂപീകരിക്കുന്നത്. ഭൂമിയേറ്റെടുക്കുന്നതിന് കമ്പനി രൂപീകരിച്ച് ബോണ്ട് ഇറക്കാനും പദ്ധതിയുണ്ട്. എല്ലാവര്‍ക്കും പാര്‍പ്പിടം ലക്ഷ്യമിട്ടുകൊണ്ടുള്ള സമഗ്ര പദ്ധതിയും തീരദേശ പശ്ചാത്തല സൗകര്യം ലക്ഷ്യംവച്ചുള്ള തീരദേശ പാക്കേജും പ്രഖ്യാപിച്ചേക്കും. ആരോഗ്യമേഖലയില്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാവും ബജറ്റ് ഊന്നല്‍ നല്‍കുക. ലോകോത്തര നിലവാരമുള്ള വിദ്യാലയങ്ങളും ലക്ഷ്യത്തിലിടംപിടിച്ചേക്കും. അതിവേഗ റെയില്‍, ജലപാതകള്‍ക്കും ആദ്യവര്‍ഷം തന്നെ തുടക്കംകുറിക്കുമെന്നാണു സൂചന.വിഴിഞ്ഞം ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലിരുന്നാണു ധനമന്ത്രി ബജറ്റ് തയ്യാറാക്കിയത്. ഐസക്കിന്റെ ഏഴാമത്തെ ബജറ്റ് അവതരണമാണ് ഇത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss