|    Apr 20 Fri, 2018 2:14 pm
FLASH NEWS
Home   >  Editpage  >  Article  >  

എല്‍ഡിഎഫ് വന്നു, ഇനിയെന്ത്?

Published : 21st May 2016 | Posted By: mi.ptk

വിജു വി നായര്‍
മുടിനാരിഴയൊന്നും കീറണ്ട, ഇക്കുറി കാര്യങ്ങള്‍ മിക്കവാറും സുതാര്യമായിരുന്നു. ഒന്ന്, യുഡിഎഫും ഉമ്മന്‍ചാണ്ടി ഫാന്‍സും എന്തൊക്കെ ഡയലോഗടിച്ചാലും അവരുടെ ഭരണത്തോടു പൗരാവലിക്കു കടുത്ത അമര്‍ഷമുണ്ടായി. കാരണം അഴിമതി, അതു മൂടിവയ്ക്കാനുള്ള ബാലിശമായ അധികാരക്കളികള്‍. വികസന വായാടിത്തത്തെ കൊഞ്ഞനം കുത്തുന്ന വിലക്കയറ്റവും പരിസ്ഥിതി നശീകരണവും തൊട്ട് പച്ചയായ കെടുകാര്യസ്ഥത വരെ. രണ്ട്, ബിജെപിയുടെ പ്രചണ്ഡപ്രചാരണവും ഗോഗ്വാവിളിയും നാട്ടിലെ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി. വെള്ളാപ്പള്ളി എന്ന ദല്ലാളിനെ ഉപയോഗപ്പെടുത്തി ടിയാന്‍മാര്‍ ഭൂരിപക്ഷ വോട്ട് സമന്വയിപ്പിക്കുകയും ഇടതുപക്ഷത്തെക്കൂടി ദുര്‍ബലപ്പെടുത്തുകയും ചെയ്താല്‍ തങ്ങളുടെ കാര്യം പരുങ്ങലിലാവുമോ എന്നു ജനസാമാന്യം ആശങ്കപ്പെട്ടു. അത്തരമൊരു പ്രതിസന്ധിഘട്ടത്തില്‍ ഉറപ്പുള്ള അഭയരാശിയായി കോണ്‍ഗ്രസ് കൂടാരത്തെ  കാണാന്‍ വകുപ്പില്ലാതായി. അഥവാ കോണ്‍ഗ്രസ് നേതൃത്വം അങ്ങനെയൊരു തോന്നല്‍ ന്യൂനപക്ഷങ്ങളില്‍ ഉളവാക്കിയില്ല. ദോഷം പറയരുതല്ലോ, പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഈ പാഠം ഉള്‍ക്കൊണ്ടു കഴിഞ്ഞ ആറുമാസം ജാഗ്രതയോടെ പണിയെടുത്ത മുസ്‌ലിംലീഗ് മാത്രമാണു കാര്യം മനസ്സിലാക്കി പ്രവര്‍ത്തിച്ചത്. അതിന്റെ ഗുണം അവര്‍ക്കുണ്ടാവുകയും ചെയ്തു. അങ്ങനെ എല്‍ഡിഎഫ് വന്നു. പറഞ്ഞപോലെ ഇനി എല്ലാമങ്ങു ശരിയാവുമോ? ഭരണക്കാര്യം കണ്ടറിയേണ്ട പൂരമാണ്. എന്നാല്‍ രാഷ്ട്രീയമോ? കേരള രാഷ്ട്രീയം മെല്ലെ ചില പുതിയ രീതിശൈലികളിലേക്കു വഴിതിരിയുകയാണ് എന്നതിന്റെ സൂചനകൂടിയാണ് ഭരണമാറ്റത്തിന്റെ കേവലതയ്ക്കപ്പുറം ഈ തിരഞ്ഞെടുപ്പു നല്‍കുന്നത്.  യുഡിഎഫിന്റെ പ്രകടമായ വോട്ടുചോര്‍ച്ച/ മറിക്കല്‍ മുതലാക്കിയും രാജേട്ടന്‍ സിന്‍ഡ്രം മുഖേനയും ഒരു താമര വിരിഞ്ഞു എന്നതു വിശേഷം തന്നെ. എന്നാല്‍ കെ സുരേന്ദ്ര എന്ന അപരന്‍ പിടിച്ച 614 വോട്ടിന്‍മേലാണ് മഞ്ചേശ്വരത്ത് താമര വിരിയാതിരുന്നത് എന്ന വസ്തുതയാണ് സുപ്രധാനമായ ദിശാസൂചി. ‘പ്രബുദ്ധ’ കേരളം ബിജെപിക്കു പറയപ്പെടുമ്പോലെ ബാലികേറാമലയൊന്നുമല്ല എന്നര്‍ഥം. വര്‍ഗീയതയ്‌ക്കോ വലതുപക്ഷ രാഷ്ട്രീയത്തിനോ വേണ്ട വളക്കൂറൊക്കെ ഇവിടെയുണ്ട്. മഞ്ചേശ്വരത്ത് അതു നിശ്ശബ്ദമായി പ്രവര്‍ത്തിച്ചപ്പോള്‍ മറ്റുള്ളിടത്ത് ബിജെപി പരിവാരം തട്ടുപൊളിപ്പന്‍ പ്രചാരണം നടത്തിയതാണ് അവര്‍ക്ക് തല്‍ക്കാലം ആപ്പായത്. ഈ കോലാഹലം കണ്ട ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ചും മുസ്‌ലിം ജനസാമാന്യം അവലംബിച്ച പ്രതിരോധത്തിലാണ് ജനവിധിയുടെ ഒരു കാതല്‍. അവരുടെ സമീപനം ലളിതമായിരുന്നു. ഒന്നുകില്‍ തങ്ങളെ പരമ്പരാഗതമായി പ്രതിനിധാനം ചെയ്യുന്ന കക്ഷികളെ പുണരുക. അവരില്ലാത്തിടത്ത് ഇടതുപക്ഷത്തെയും.  കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പു തൊട്ട് പ്രകടമായിത്തുടങ്ങിയ ഈ പ്രവണത വെല്ലുവിളിയാവുക ബിജെപിക്കോ യുഡിഎഫിനോ അല്ല. മറിച്ച് ഇപ്പോഴത്തെ ഗുണഭോക്താവായ ഇടതുപക്ഷത്തിനാണ്. കേരളത്തില്‍ അവരുടെ ന്യൂനപക്ഷ നയം, വിശേഷിച്ചും മുസ്‌ലിംകളോടുള്ള സമീപനം എന്തെന്ന ചോദ്യം ഇതുവരെയില്ലാത്തത്ര തീവ്രതയോടെ ഇടതുപക്ഷം നേരിടാന്‍ തുടങ്ങുകയാണ്. മുസ്‌ലിം ജനസാമാന്യത്തിലേക്കു കടന്നുചെല്ലാന്‍ ഒരു പ്രത്യേകശാഖയും മാസികയുമിറക്കുക എന്ന ഉഡായിപ്പിനപ്പുറം കേരളീയ മുസ്‌ലിം സമൂഹത്തെ യാഥാര്‍ഥ്യബോധത്തോടെ തിരിച്ചറിയാനുള്ള വസ്തുനിഷ്ഠ ഉദ്യമമൊന്നും ഇപ്പോഴും ഇടതുപക്ഷത്തിനില്ല. സംസ്ഥാനത്തിന്റെ മുഖ്യധാര പരമ്പരാഗതമായി ചുമക്കുന്ന ഒരു പൊതുബോധമുണ്ട്. മുസല്‍മാനെ ഒരപരസ്വത്വമായി കണക്കാക്കി സൗകര്യം പോലെ പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യുന്നതാണ് അതിന്റെ താരിപ്പ്. ഈ മനോഭാവമാണ് രാഷ്ട്രീയ ശരി എന്ന മട്ടില്‍  മുഖ്യധാരാ മാധ്യമങ്ങള്‍ തൊട്ട് സാഹിത്യവും സിനിമയും വരെ വച്ചു പുലര്‍ത്തുന്നത്. അതു മുസ്‌ലിംകളുടെ കാര്യത്തില്‍ മാത്രമല്ലെന്നും പ്രാന്തവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കെല്ലാം ബാധകമാണെന്നും മനസ്സിലാക്കേണ്ടതുണ്ട്. ഈ മുഖ്യധാരാ നോട്ടം വര്‍ഗരാഷ്ട്രീയം പറയുന്ന കക്ഷികള്‍ക്ക് താത്ത്വികമായി യോജിക്കുന്നതല്ല. എന്നാല്‍ അവര്‍ സ്വയമറിയാതെ സ്വന്തം തത്ത്വത്തിനു വിരുദ്ധമായ പ്രയോഗത്തിലേക്കു വഴറ്റിയെടുക്കപ്പെട്ടു എന്നത് ഇവിടെ വകതിരിച്ചറിയേണ്ടതുണ്ട്. കേരളത്തിലെ കേന്ദ്ര ഇടതുപക്ഷകക്ഷി പരമ്പരാഗതമായിത്തന്നെ പ്രതിനിധാനം ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷവും അധഃസ്ഥിതരാക്കപ്പെട്ട ഹിന്ദുജാതികളാണ്.            അവര്‍ അടിസ്ഥാനപരമായി ഹിന്ദുക്കളല്ല എന്ന ചരിത്ര സത്യം പൊതുവില്‍ ആരും ഉന്നയിക്കാറില്ല. അതുകൊണ്ടുതന്നെ ഈ ജാതികള്‍ സ്വന്തം നിലയ്ക്കു പരമ്പരാഗത പൊതുധാരയുടെ ഇരകളാണെന്നിരിക്കെത്തന്നെ അതേ ധാരയുടെ ചുമടെടുപ്പുകാരായി തുടരുകയുമാണ്. ഈ ആന്തരിക അടിമപ്പെടുത്തലിന്റെ തെളിവാണ് ഹൈന്ദവീയ ബ്രാഹ്മണിക്കല്‍ ഹിന്ദുമതത്തിന്റെ ആചാരാനുഷ്ഠാനങ്ങളും ആത്മീയ ചിഹ്നങ്ങളും ചുമക്കുന്ന അധഃസ്ഥിത ജാതിക്കാരുടെ പ്രവണത. ഈ വൈരുധ്യമാണ് കേരളത്തിലെ പിന്നാക്ക ജാതിക്കാരുടെ ആന്തരിക പ്രശ്‌നങ്ങളിലൊന്ന്. ഫലത്തില്‍, മേല്‍പറഞ്ഞ പൊതുധാരയുടെ നോക്കും മനസ്സും തന്നെയാണ് രാഷ്ട്രീയ ശരിയായി ഈ വിഭാഗങ്ങളും കൊണ്ടുനടക്കുന്നത്. അതിന്റെ വസൂലാക്കലാണ് വെള്ളാപ്പള്ളി പോലുള്ള ദല്ലാള്‍മാര്‍ നടത്തുന്നത്. മാന്‍ഹോളില്‍ രക്ഷാപ്രവര്‍ത്തനത്തിനു തുനിഞ്ഞു മരണം വരിച്ച ചെറുപ്പക്കാരനെ നാട് ആദരിച്ചപ്പോള്‍ അതൊരു മുസ്‌ലിം പ്രീണനമായി ബ്രാക്കറ്റ് ചെയ്യപ്പെട്ട ചേതോവികാരമോര്‍ക്കുക. ബോധപൂര്‍വമായ ചിന്തയും പ്രവൃത്തിയും കൂടാതെ ഈ ബാധാവേശത്തെ അപനിര്‍മിക്കാനാവില്ല. ടി വിചിന്തനത്തിന്റെ സക്രിയ പടിയാണ് മുസ്‌ലിം ജനസാമാന്യത്തിലേക്കുള്ള പ്രവേശം. കേരളീയ ഇടതുപക്ഷത്തെ സംബന്ധിച്ച് അതൊരു ബോധപരിണാമത്തിന്റെതായ രാഷ്ട്രീയ പദ്ധതി കൂടിയാവേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍, മുസ്‌ലിം പൗരോഹിത്യത്തെ പാട്ടിലാക്കിയാല്‍ കൂടെപ്പോരുന്ന ബ്രോയ്‌ലര്‍ പക്ഷികളാണ് മുസ്‌ലിം വോട്ടര്‍മാര്‍ എന്ന പരമ്പരാഗത സങ്കല്‍പം ഇന്നും നമ്മുടെ മുഖ്യധാരാ കക്ഷികളെ മനസ്സാഭരിക്കുന്നു.  ഈ തിരഞ്ഞെടുപ്പില്‍, ബിഡിജെഎസിന് സ്വാധീനമുള്ള തെക്കന്‍ മേഖലയിലെ ഈഴവ വോട്ടുചോര്‍ച്ചയ്ക്ക് ബദലായി മുസ്‌ലിംകള്‍ക്കു പുറമേ പലേടത്തും ക്രിസ്ത്യാനികളും ഇടതുപക്ഷത്തെ തുണച്ചു എന്നതില്‍ തര്‍ക്കമില്ല. മികച്ച ഉദാഹരണം കുട്ടനാട്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം 36,000 വോട്ടു പിടിച്ചതാണ് വെള്ളാപ്പള്ളിയുടെ മനസ്സില്‍ ലഡു പൊട്ടിച്ചത്. ഇക്കുറി അതിനൊപ്പം 6000 വോട്ട് അധികമായി കവരുകയും ചെയ്തു. മോദി നേരിട്ടെത്തി മണ്ഡലത്തില്‍ വാചാടോപം നടത്തിയതും പണക്കൊഴുപ്പിന്റെ മദമിറക്കിയതുമെല്ലാം കുട്ടനാട് കൂടെപ്പോരുമെന്ന വിചാരം അവരിലുണ്ടാക്കി. എന്നാല്‍ കുട്ടനാടന്‍ ക്രൈസ്തവര്‍ ഈ താണ്ഡവം കണ്ട് ഇടതുസ്ഥാനാര്‍ഥിക്ക് വോട്ടുകുത്തി. ചെങ്ങന്നൂരിലും ആറന്മുളയിലും ഇതുതന്നെ അനുഭവം. എന്നുവച്ച് മധ്യകേരളത്തില്‍ ക്രിസ്ത്യന്‍ ജനസാമാന്യത്തിന് അതൊരു നയമൊന്നുമായിരുന്നില്ല. ബിജെപിയായിരുന്നില്ല അവരുടെ പ്രശ്‌നം, വെള്ളാപ്പള്ളിയുടെ സംഘങ്ങളായിരുന്നു.  അതെന്തായാലും ബിജെപി ഇപ്പോഴത്തെ കലാപരിപാടിക്ക് കര്‍ട്ടനിടാനൊന്നും പോവുന്നില്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് അവരുടെ ഉന്നം. നിലവിലുള്ള നമ്പറുകള്‍ ബലപ്പെടുത്തി ഇപ്പോഴേ പണി തുടങ്ങുകയാണ്. അപ്പോഴേക്കും ഒരു രാഷ്ട്രീയകക്ഷി എന്ന നിലയ്ക്ക് ബിഡിജെഎസ് ബാലാരിഷ്ഠത പിന്നിടുകയും ചെയ്യും. അതിന് അവര്‍ക്കുള്ള തന്ത്രമാണ് മൈക്രോ ഫിനാന്‍സ്. കേന്ദ്രാവിഷ്‌കൃത പദ്ധതിയാകയാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ദല്ലാളിനെ ഉദാരമായി സഹായിക്കുകയും ചെയ്യും. കാശെറിഞ്ഞ് അണികളെ ആകര്‍ഷിക്കുന്ന ഈ വിദ്യയോട് ഭരണത്തിലിരിക്കുന്ന ഇടതുപക്ഷം എന്തു സമീപനമെടുക്കും എന്നതാണ് കാണേണ്ടത്. പ്രത്യേകിച്ചും ജാതിമതാതീത സാമ്പത്തിക തന്ത്രം പയറ്റാന്‍ ബാധ്യസ്ഥരായവര്‍. 2019 വരേക്കുള്ള രണ്ടരക്കൊല്ലത്തില്‍ ഇടതുപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍ അധികരിക്കുകയേയുള്ളൂ. വോട്ടു ചോര്‍ച്ചാപ്രശ്‌നം ഈഴവസമുദായത്തിന്റെ പുതിയ പാര്‍ട്ടി വഴി മാത്രമുള്ളതല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് എത്തുമ്പോഴേക്കും ഇടതുപക്ഷത്തിന് ഭരണകക്ഷി എന്ന നിലയ്ക്കുള്ള ജനവികാരം കൂടി നേരിടേണ്ടതുണ്ട്. ഏതു ഭരണത്തോടും ഉണ്ടാവാറുള്ള അപ്രീതിയും എന്‍ഡിഎ ഉയര്‍ത്തുന്ന ഭീഷണിയും ചേര്‍ത്തുവായിക്കുമ്പോള്‍ ഇപ്പോഴത്തെ ന്യൂനപക്ഷപിന്തുണ ഉറപ്പിച്ചു നിര്‍ത്താന്‍ ഇടതുപക്ഷം നിര്‍ബന്ധിതരാവും. അതിനു പരമ്പരാഗത കോസ്‌മെറ്റിക് പ്രീണനങ്ങള്‍ ഇനിയുള്ള കാലം ക്ലച്ചു പിടിക്കില്ല. പകരം ന്യൂനപക്ഷങ്ങളിലെ ജനസാമാന്യത്തിനു ഹിതകരമായി പ്രവര്‍ത്തിക്കേണ്ടിവരും. 2019ലെ ദേശീയ ഗുസ്തിയില്‍ ഈ ന്യൂനപക്ഷങ്ങള്‍ മോദി വിരുദ്ധരായിത്തന്നെ തുടരാനാണ് സാധ്യത. പ്രശ്‌നം, ഇവിടെ അവര്‍ ആരെ വരിക്കും എന്നതാണ്. ദേശീയാടിസ്ഥാനമുള്ള കോണ്‍ഗ്രസ്സിനെയോ കേരളം ഭരിക്കുന്ന ഇടതുപക്ഷത്തെയോ? രസകരമായ ആ ചോദ്യത്തിനുള്ള യുക്തിസഹമായ മറുപടിയും ഇടതുപക്ഷത്തിന് സ്വന്തം ഭരണത്തിലൂടെ കണ്ടെത്തി നല്‍കേണ്ടിവരും. എല്‍ഡിഎഫ് വന്നു. എല്ലാം ശരിയാവും എന്നതു പരസ്യക്കണിയാന്റെ ഗൗളീശാസ്ത്രം മാത്രമാണ്. അടിസ്ഥാനപരമായി വല്ലതും ശരിയാക്കാന്‍ പറ്റുമോ എന്നതാണു ചോദ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss