|    Apr 25 Wed, 2018 6:16 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി; 25 ലക്ഷം തൊഴില്‍

Published : 20th April 2016 | Posted By: SMR

ldf

തിരുവനന്തപുരം: ‘വേണം നമുക്കൊരു പുതുകേരളം; മതനിരപേക്ഷ അഴിമതിരഹിത വികസിതകേരളം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എല്‍ഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി. 35 ഇന കര്‍മപദ്ധതികളും ഇവ നടപ്പാക്കാന്‍ 600 ഇന നിര്‍ദേശങ്ങളും അടങ്ങിയതാണു പ്രകടനപത്രിക. എകെജി സെന്ററില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും കക്ഷിനേതാക്കളും സംയുക്തമായി പ്രകാശനം നിര്‍വഹിച്ചു.
അഞ്ചുവര്‍ഷംകൊണ്ട് 25 ലക്ഷം പേര്‍ക്ക് തൊഴില്‍ എന്നതാണു പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. ഐടി, ടൂറിസം, ഇലക്‌ട്രോണിക്‌സ് മേഖലകളിലായി അഭ്യസ്തവിദ്യരായ യുവതീ-യുവാക്കള്‍ക്ക് അഞ്ചുവര്‍ഷം കൊണ്ട് 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കൃഷി, കെട്ടിടനിര്‍മാണം, വാണിജ്യം, ചെറുകിടവ്യവസായം തുടങ്ങിയ മേഖലകളിലായി 15 ലക്ഷം തൊഴിലവസരങ്ങളാണു ലക്ഷ്യമിടുന്നത്. അതേസമയം, മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമെന്നു പ്രകടനപത്രിക അടിവരയിടുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കുമോയെന്ന ചോദ്യത്തിന്, ഇതുവരെ ബാറുകളൊന്നും പൂട്ടിയിട്ടില്ലെന്നാണു തങ്ങളുടെ നിലപാടെന്നായിരുന്നു കണ്‍വീനര്‍ വൈക്കം വിശ്വന്റെ മറുപടി. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ എന്ന പേരില്‍ ബാറുകള്‍ ഇപ്പോഴുമുണ്ട്. പൂട്ടിയെങ്കിലേ വീണ്ടും തുറക്കുമോ എന്ന ചോദ്യത്തിനു പ്രസക്തിയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകരമായ നയമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക.
മദ്യവര്‍ജനം പ്രോല്‍സാഹിപ്പിക്കുന്നതിനു സാക്ഷരതാപ്രസ്ഥാനത്തിന്റെ മാതൃകയില്‍ വിപുലമായ ജനകീയബോധവല്‍ക്കരണ പ്രസ്ഥാനത്തിനു രൂപംനല്‍കും. ഡീ അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. സ്‌കൂളുകളില്‍ മദ്യത്തിനെതിരായ ബോധവല്‍ക്കരണം 8 മുതല്‍ 12 വരെ ക്ലാസുകളില്‍ ഉള്‍പ്പെടുത്തും. മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 23 ആയി ഉയര്‍ത്തുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
പ്രകടനപത്രികയിലെ മറ്റു പ്രധാന വാഗ്ദാനങ്ങള്‍: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപ്പരിശോധിക്കും. ശമ്പളപരിഷ്‌കരണം 10 വര്‍ഷത്തിലൊരിക്കലാക്കണമെന്ന ശമ്പളപരിഷ്‌കരണ കമ്മീഷന്റെ നിര്‍ദേശം തള്ളും. ഉദ്യോഗസ്ഥ സ്ഥലംമാറ്റത്തിന് പുതിയ മാനദണ്ഡം. 1,500 സ്റ്റാര്‍ട്ട് അപ്പുകള്‍, വര്‍ഷംതോറും 1,000 നൂതന ആശയങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം പ്രോല്‍സാഹനം. കേരളത്തിലെ ഐടി പാര്‍ക്ക് വിസ്തൃതി 1.3 കോടി ചതുരശ്ര അടിയില്‍ നിന്ന് 2.3 കോടിയാക്കും. കര്‍ഷകര്‍ക്കു മിനിമം വരുമാനം ഉറപ്പുവരുത്തും. അസംഘടിതമേഖലയിലെ മുഴുവന്‍ തൊഴിലാളികളും ക്ഷേമനിധി വലയത്തില്‍. ജൂണ്‍ ഒന്നുമുതല്‍ എല്ലാ പെന്‍ഷനുകളും 1,000 രൂപയായി ഉയര്‍ത്തും. ജില്ലാ- സംസ്ഥാന സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് വന്‍കിട ബാങ്ക് രൂപീകരിക്കും. 2,500 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനം സാധ്യമാക്കും. ദേശീയപാത നാലുവരിയാക്കും. ഘട്ടംഘട്ടമായി സ്മാര്‍ട്ട് റോഡ് പദ്ധതി. ഇഎംഎസ് പാര്‍പ്പിട പദ്ധതി, എംഎന്‍ ലക്ഷംവീട് പദ്ധതി എന്നിവ പുനരുജ്ജീവിപ്പിച്ച് അഞ്ചുവര്‍ഷം കൊണ്ട് എല്ലാവര്‍ക്കും വീടും കക്കൂസും. ആദിവാസികള്‍ക്ക് ഒരു ഏക്കര്‍ കൃഷിഭൂമി. നിലവിലെ രണ്ടുവരി റെയില്‍പാത നാലുവരിയാക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേയുമായി ചേര്‍ന്ന് സംയുക്ത കമ്പനിയുണ്ടാക്കും. ഇരട്ടിപ്പിക്കുന്ന പാത അതിവേഗ ട്രെയിന്‍ ഓടിക്കാന്‍ സജ്ജമാക്കും. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കും.പിഎഫ് ഇനി മുഴുവനായി പിന്‍വലിക്കാം
ന്യൂഡല്‍ഹി: രാജ്യത്തെ ലക്ഷക്കണക്കിനു ജീവനക്കാര്‍ക്ക് ആശ്വാസമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) നിയമത്തില്‍ ഭേദഗതിവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ ഇനിമുതല്‍ ജീവനക്കാര്‍ക്ക് വിരമിക്കുന്നതിനു മുമ്പു തന്നെ തുക മുഴുവനായി പിന്‍വലിക്കാം. നേരത്തേ സര്‍ക്കാര്‍ പ്രഖ്യാപിച്ച പിഎഫ് നിയമഭേദഗതിക്കെതിരേ ബംഗളൂരുവില്‍ തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടിയെന്ന് കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു.
പിഎഫ് ഫണ്ട് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട 1952ലെ ഇപിഎഫ് നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തിനിടെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. പിഎഫ് പിന്‍വലിക്കുന്നതിനുള്ള പ്രായം 54ല്‍ നിന്ന് 58 ആക്കി ഉയര്‍ത്തുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നാല്‍, ഇനിമുതല്‍ 54 വയസ്സു വരെയും 57 വയസ്സിനു ശേഷവും പിഎഫ് മൊത്തത്തില്‍ പിന്‍വലിക്കാം. എന്നാല്‍, 54 വയസ്സിനുശേഷം 57 വരെയുള്ള നാലുവര്‍ഷത്തെ കാലയളവില്‍ ഈ സൗകര്യം ലഭിക്കില്ല. ചില അടിയന്തരാവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഇപ്പോള്‍ ഭേദഗതികള്‍ വരുത്തുന്നത്. വീട് നിര്‍മാണം, ആരോഗ്യപ്രശ്‌നങ്ങളും ചികില്‍സയും, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നീ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമേ പിഎഫ് മുഴുവനായി പിന്‍വലിക്കാന്‍ പറ്റൂ. നിയമം അടുത്തമാസത്തോടെ പ്രാബല്യത്തില്‍ വരുമെന്നും വിജ്ഞാപനം ഉടന്‍ ഇറക്കുമെന്നും മന്ത്രി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss