|    Dec 11 Tue, 2018 12:11 am
FLASH NEWS

എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടേത് തരംതാണ ആരോപണമെന്ന്

Published : 1st June 2018 | Posted By: kasim kzm

കല്‍പ്പറ്റ: നഗരസഭാ കാര്യാലയത്തില്‍ മുന്‍ ഭരണസമിതി സിസിടിവി കാമറകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതവും തരംതാണതുമാണെന്നു യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
പ്രവര്‍ത്തനം സുതാര്യമാക്കുന്നതിനാണ് ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവരുടെയും സെക്രട്ടറി ഉള്‍പ്പെടെ ഉദ്യോഗസ്ഥരുടെയും മുറികളില്‍ കൗണ്‍സില്‍ അംഗീകാരത്തോടെ സിസിടിവി കാമറകള്‍ സ്ഥാപിച്ചത്. ചെയര്‍പേഴ്‌സന്റെയും സെക്രട്ടറിയുടെയും മുറികളിലായിരുന്നു മോണിറ്ററിങ് സംവിധാനം. ഇപ്പോഴത്തെ എല്‍ഡിഎഫ് ഭരണസമിതി ജനപ്രതിനിധികളുടെ ഓഫിസുകളിലെ കാമറാ കണക്ഷനുകള്‍ കൗണ്‍സില്‍ തീരുമാനത്തിനു വിരുദ്ധമായി വിച്ഛേദിച്ചു. ഇതു വിവാദമായപ്പോഴാണ് മുസ്‌ലിംലീഗ് പ്രതിനിധിയായ ചെയര്‍പേഴ്‌സനെ നിരീക്ഷിക്കുന്നതിനാണ് മുന്‍ ഭരണസമിതി സിസിടിവി കാമറകള്‍ സ്ഥാപിച്ചതെന്ന വിലകുറഞ്ഞ ആരോപണം ഉന്നയിച്ചത്. ഇതിനെതിരേ നിയമനടപടി സ്വീകരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും.
ചെയര്‍പേഴ്‌സനെ നോക്കുകുത്തിയാക്കി നഗരസഭാഭരണം സിപിഎം പ്രദേശിക നേതൃത്വം പിടിച്ചെടുത്തിയിരിക്കുകയാണ്. ചെയര്‍പേഴ്‌സനും വൈസ് ചെയര്‍മാനും ഉള്‍പ്പെടെ ജനപ്രതിനിധികളുടെ ഓഫിസിലെ കാര്യങ്ങള്‍ മറ്റുള്ളവരില്‍ നിന്നു മറച്ചുവയ്ക്കുന്നതിനാണ് കാമറാ കണക്ഷനുകള്‍ വിച്ഛേദിച്ചത്.
കല്‍പ്പറ്റ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെടുത്തി കഴിഞ്ഞ ഭരണസമിതിക്കെതിരേ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉന്നയിച്ച അഴിമതിയാരോപണവും പരിഹാസ്യമാണ്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രാവര്‍ത്തികമാക്കിയതാണ് പദ്ധതി. രണ്ടാം യുപിഎ സര്‍ക്കാരാണ് പദ്ധതിക്ക് ഫണ്ട് അനുവദിച്ചത്. നടത്തിപ്പിനു 16 കോടി രൂപ നഗരസഭയുടെ കനറാ ബാങ്ക് അക്കൗണ്ടിലെത്തി. ഇതില്‍ ഒരു രൂപ പോലും 2010 വരെ ചെലവഴിച്ചില്ല. ഫണ്ട് ലാപ്‌സാവുന്ന ഘട്ടത്തിലാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. ഭരണസമിതി അന്നത്തെ യുഡിഎഫ് സര്‍ക്കാരില്‍ ചെലുത്തിയ സമ്മര്‍ദമാണ് പദ്ധതി യാഥാര്‍ഥ്യമാവുന്നതിനു സഹായകമായത്.
പദ്ധതി ചെലവ് 32 കോടി രൂപയില്‍നിന്നു 54 കോടി രൂപയായി വര്‍ധിച്ചതിനു കാരണക്കാര്‍ 2005 മുതല്‍ 2010 വരെ ഭരിച്ച എല്‍ഡിഎഫ് കൗണ്‍സിലാണ്. വാട്ടര്‍ അതോറിറ്റിയുടെ ചുമതലയില്‍പ്പെട്ട ടെന്‍ഡര്‍, പ്രവൃത്തി എന്നിവയില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അന്വേഷിക്കണം. എസ്റ്റിമേറ്റ് പുതുക്കുന്നതില്‍ നഗരസഭയ്ക്ക് പങ്കില്ല. പദ്ധതിയുടെ വിഹിതം നല്‍കുക മാത്രമാണ് നഗരസഭയുടെ ഉത്തരവാദിത്തമെന്നും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. പി പി ആലി, എ പി ഹമീദ്, ഉമൈബാ മൊയ്തീന്‍കുട്ടി, അഡ്വ. ടി ജെ ഐസക് പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss