|    Apr 24 Tue, 2018 3:57 pm
FLASH NEWS

എല്‍ഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ ഭൂമി വിട്ടുനല്‍കും: വിഎസ്

Published : 25th November 2015 | Posted By: SMR

കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ കുടുംബം നടത്തുന്ന ഭൂസമരത്തിന് പിന്തുണയുമായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സമരപന്തലിലെത്തി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ഭൂമി വീണ്ടും കുടുംബത്തിന് വിട്ടുനല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. വിലകൊടുത്ത് വാങ്ങിയ ഭൂമി അന്യായമായി വനം വകുപ്പ് പിടിച്ചെടുത്തതിനെതിരേ കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ മകള്‍ ട്രീസ, മരുമകന്‍ ജെയിംസ് മക്കളായ വിപിന്‍, നിധിന്‍ എന്നിവരാണ് 102 ദിവസമായി കലക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുന്നത്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ മന്ത്രിസഭാ തീരുമാനമനുസരിച്ച് ജോര്‍ജിന് വിട്ടുകൊടുത്ത ഭൂമി 2013-ല്‍ വനംവകുപ്പ് വീണ്ടും വിജ്ഞാപനം ചെയ്ത് പിടിച്ചെടുത്തത് എങ്ങിനെയെന്ന് വി എസ് ചോദിച്ചു.
ഒരു നീതിയും ഇപ്പോഴത്തെ ഭരണക്കാരില്‍നിന്നും പ്രതീക്ഷിക്കേണ്ടതില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇവര്‍ കുറച്ച് പാഠം പഠിച്ചു. ചൂലെടുത്ത് ഇവരെ അടിച്ച് പുറത്താക്കിയാലേ എന്തെങ്കിലും രക്ഷയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് ജോര്‍ജിന്റെ കുടുംബം വി എസിന് നിവേദനം നല്‍കി. തിരുവനന്തപുരത്ത് എത്തിയാല്‍ ഉടന്‍ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞിരത്തിനാല്‍ ജോര്‍ജും കുടുംബവും 1967-ല്‍ കാഞ്ഞിരങ്ങാട് വില്ലേജില്‍ വിലകൊടുത്തുവാങ്ങിയ 12 ഏക്കര്‍ ഭൂമിയാണ് അടിയന്തരാവസ്ഥക്കാലത്ത്— നിക്ഷിപ്ത വനഭൂമിയാണെന്ന്— പറഞ്ഞ് വനംവകുപ്പ് പിടിച്ചെടുത്തത്. —
1983വരെ ഈ സ്ഥലത്ത് കൃഷി ചെയ്യുകയും റവന്യൂ വകുപ്പ് നികുതി സ്വീകരിക്കുകയും ചെയ്തിരുന്നു.— ഭൂമി വനംവകുപ്പ് പിടിച്ചെടുത്തതിനെതിരേ നിരവധി നിയമപോരാട്ടങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 2006 ഒക്ടോബര്‍ 11ന് മന്ത്രിസഭാ തീരുമാനപ്രകാരം ഭൂമി ജോര്‍ജിന് തിരികെ നല്‍കുകയും ഭൂനികുതി സ്വീകരിക്കുകയും ചെയ്തു.—
വനം വകുപ്പ് നോട്ടിഫൈ ചെയ്ത ഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റേതല്ലെന്ന് വനം-റവന്യൂ സംയുക്ത പരിശോധനയിലും വിജിലന്‍സ് അന്വേഷണത്തിലും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭൂമി നല്‍കിയത്. എന്നാല്‍ പിന്നീട് ഉദ്യോഗസ്ഥ മാഫിയ ഭൂമി പിടിച്ചെടുത്ത് ജണ്ടകെട്ടുകയായിരുന്നു.
ഒരായുഷ്‌ക്കാലം മുഴുവന്‍ ഭൂമിക്കായി പോരാടി രോഗബാധിതനായി ജോര്‍ജ് വാടക വീട്ടില്‍ മരണപ്പെട്ടു. ഭാര്യ ഏലിക്കുട്ടിയുും കിടപ്പാടമില്ലാതെ വാടക വീട്ടില്‍ മരിച്ചു.
12 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥരായിട്ടും അങ്ങേയറ്റം ദാരിദ്ര്യത്തിലും ദുരിതത്തിലുമാണ് ജോര്‍ജിന്റെ കുടുംബം. ഈ സാഹചര്യത്തിലാണ് കലക്ടറേറ്റ് പടിക്കല്‍ സ്‌കൂളില്‍ പഠിക്കുന്ന മക്കളോടൊപ്പം കുടുംബാംഗങ്ങള്‍ കഴിഞ്ഞ ആഗസ്ത് 15 മുതല്‍ സത്യഗ്രഹ സമരം നടത്തുന്നത്.
വിവിധ രാഷ്ട്രീയ പാര്‍ടികളും സംഘടനകളും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും ഇവര്‍ക്ക് ഭൂമി വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss