|    Nov 19 Sun, 2017 12:31 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എല്‍എല്‍ബി ക്ലാസുകള്‍ വൈകുന്നു

Published : 31st October 2016 | Posted By: SMR

കെ പി ഒ റഹ്മത്തുല്ലമലപ്പുറം: എന്‍ട്രന്‍സ് പരീക്ഷയും റാങ്ക് ലിസ്റ്റും പുറത്തുവന്നിട്ടും ക്ലാസ് തുടങ്ങാത്തത് എല്‍എല്‍ബി വിദ്യാര്‍ഥികളില്‍ ആശങ്ക പരത്തുന്നു. സാധാരണ സപ്തംബര്‍ ആദ്യത്തില്‍ തുടങ്ങുന്ന ക്ലാസ് രണ്ടുമാസം കഴിഞ്ഞിട്ടും ആരംഭിച്ചിട്ടില്ല. അലോട്ട്‌മെന്റ് നടപടികള്‍ പോലും ആരംഭിക്കാത്തതിനാല്‍ ക്ലാസ് അനന്തമായി നീളുമോയെന്ന ആങ്കയിലാണ് വിദ്യാര്‍ഥികള്‍.സംസ്ഥാനത്തെ സര്‍ക്കാര്‍ തലത്തിലുള്ള നാല് ലോ കോളജുകളിലേയും 21 സ്വാശ്രയ ലോ കോളജുകളിലേയും 2500ഓളം വിദ്യാര്‍ഥികളാണ് ആശങ്കയില്‍ കഴിയുന്നത്. ത്രിവല്‍സര എല്‍എല്‍ബിക്ക് 3500 പേരും പഞ്ചവല്‍സര എല്‍എല്‍ബിക്ക് 3800 പേരുമാണ് ഇത്തവണ ആഗസ്ത് മാസത്തില്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതിയത്. ഇവരില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട 2500 പേരുടെ പട്ടികയും എന്‍ട്രന്‍സ് കമ്മീഷണര്‍ പ്രസിദ്ധീകരിച്ചിരുന്നു. സര്‍ക്കാര്‍ കോളജുകളില്‍ 320 സീറ്റും സ്വാശ്രയ മേഖലയില്‍ 2000 സീറ്റുമാണ് നിയമ പഠനത്തിന് ഉള്ളത്.   വിദ്യാഭ്യാസ വകുപ്പ് അലോട്ട്‌മെന്റ് സംബന്ധിച്ച ഉത്തരവ് ലഭ്യമാക്കാത്തതാണ് ക്ലാസുകള്‍ നീളാന്‍ കാരണമെന്നാണ് എന്‍ട്രന്‍സ് കമ്മീഷണര്‍ പറയുന്നത്. പഠനം വൈകുന്നതിനാല്‍ കോഴ്‌സ് പൂര്‍ത്തിയാവാന്‍ കൂടുതല്‍ വര്‍ഷം വേണ്ടി വരുമോയെന്ന ഭയവും വിദ്യാര്‍ഥികള്‍ക്കുണ്ട്. അതിനിടെ സുപ്രിംകോടതി എല്‍എല്‍ബി പ്രവേശനത്തിനു പ്രായപരിധി നിശ്ചയിച്ച് ഉത്തരവിറക്കിയത് കൂനിന്‍മേല്‍ കുരു എന്ന നിലയില്‍ പഠനം ആരംഭിക്കാന്‍ ഇനിയും വൈകുമോയെന്ന ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ത്രിവല്‍സര എല്‍എല്‍ബിക്കു 30 വയസ്സും പഞ്ചവല്‍സര കോഴ്‌സിന് 20 വയസ്സുമാണ് പരമോന്നത നീതിപീഠം നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി. കഴിഞ്ഞ തവണയും ഈ ഉത്തരവ് ഉണ്ടായെങ്കിലും വിദ്യാര്‍ഥി സംഘടനകള്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതി റാങ്ക് ലിസ്റ്റില്‍പ്പെട്ടവര്‍ക്ക് പ്രവേശനാനുമതി നല്‍കുകയായിരുന്നു. ഇത്തവണ എന്താവുമെന്ന് ആര്‍ക്കും പറയാനാവാത്ത അവസ്ഥയാണുള്ളത്. പഞ്ചവല്‍സര എല്‍എല്‍ബി കോഴ്‌സുകള്‍ ഈ വര്‍ഷത്തോടെ അവസാനിപ്പിക്കാന്‍ ബാര്‍ കൗണ്‍സില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാനേജ്‌മെന്റ് ക്വാട്ടയില്‍ വര്‍ഷം തോറും 30,000 മുതല്‍ 50,000 വരെയാണു ഫീസ്. എന്നാല്‍, സര്‍ക്കാര്‍ മെറിറ്റില്‍ 10,000 രൂപ മാത്രമേ ഒരു വര്‍ഷത്തെ പഠനത്തിന് വരുകയുള്ളൂ. സ്വാശ്രയ മേഖലയിലും മെറിറ്റില്‍ 320 സീറ്റുകള്‍ മാത്രമാണുള്ളത്. ഇത് വര്‍ധിപ്പിച്ചു പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു കൂടുതല്‍ അവസരം നല്‍കണമെന്ന ആവശ്യത്തിനു പഴക്കമേറെയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക