|    Oct 16 Tue, 2018 11:53 pm
FLASH NEWS

എല്‍ഇഡിയിലേക്ക് മാറ്റുന്ന നടപടിക്ക് ഒക്‌ടോബറില്‍ തുടക്കം

Published : 27th September 2017 | Posted By: fsq

 

കൊല്ലം: കോര്‍പറേഷന്‍ പരിധിയിലുള്ള തെരുവ് വിളക്കുകളെല്ലാം എല്‍ഇഡിയിലേക്ക് മാറ്റുന്ന നടപടിക്ക് ഒക്‌ടോബറില്‍ തുടക്കമാകുമെന്ന് മേയര്‍ അഡ്വ. വി രാജേന്ദ്രബാബു കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. ഇതുമൂലം വൈദ്യുതി ലാഭിക്കുന്നതിന് പുറമേ അടിക്കടി ലൈറ്റുകള്‍ കേടുവരുന്നത് ഒഴിവാക്കാനുമാകും. തെരുവ് വിളക്ക് പരിപാലനത്തെക്കുറിച്ച് കൗണ്‍സില്‍ അംഗങ്ങള്‍ പ്രകടിപ്പിച്ച ആശങ്കയെ തുടര്‍ന്നാണ് മേയര്‍ ഇക്കാര്യം വിശദീകരിച്ചത്.നഗരത്തിലെ വിളക്കുകള്‍ എല്‍ഇഡിയാക്കുന്നതിനായി 12 കമ്പനികള്‍ അപേക്ഷ നല്‍കിയതായി മരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ചിന്ത എല്‍ സജിത്ത് അറിയിച്ചു. ഇതില്‍ ഏഴുപേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തതായും ഇതില്‍ നിന്ന് നാല് കമ്പനികളെ തിരഞ്ഞെടുത്തു. ഡമോണ്‍സ്‌ട്രേഷന്‍ നടത്താന്‍ തയ്യാറായി വന്നത് രണ്ട് കമ്പനികളാണ്. ഇവര്‍ മുനീശ്വരന്‍കോവിലില്‍ നിന്നും കപ്പലണ്ടിമുക്ക് വരെയും നായേഴ്‌സ് ജങ്ഷനില്‍ നിന്ന് കടപ്പാക്കട വരേയും എല്‍ഇഡി ഉപയോഗിച്ച് വൈദ്യുതീകരിച്ചു. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലായിരുന്നു ഡെമോണ്‍സ്‌ട്രേഷന്‍ നടത്തിയത്. മൂന്നു മാസത്തെ വൈദ്യുതി ഉപഭോഗത്തിന്റെ കണക്കും വൈദ്യുതി നിരക്കും ലഭ്യമാക്കാന്‍ കെഎസ്ഇബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്‌ടോബര്‍ മൂന്നിന് മേയറുടെ ചേംബറില്‍ നടക്കുന്ന യോഗത്തില്‍ നെഗോസിയേഷന്‍ നടത്തി കരാറിന് രൂപം നല്‍കുമെന്നും ചിന്ത എല്‍ സജിത്ത് വ്യക്തമാക്കി.എടുത്ത വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാതെ പിന്നെയും വര്‍ക്കുകള്‍ ഏറ്റെടുക്കുന്ന കരാറുകാര്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് മേയര്‍ മുന്നറിയിപ്പ് നല്‍കി. പദ്ധതി നിര്‍വ്വഹണം അന്തിമഘട്ടത്തിനോട് അടുക്കവെ ഒക്‌ടോബറില്‍ സ്പില്‍ഓവര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതെക്കുറിച്ച് ആലോചിക്കാന്‍ അടുത്തയാഴ്ച കരാറുകാരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും മേയര്‍ അറിയിച്ചു.കാല്‍നടയാത്രക്കാര്‍ക്ക് നഗരത്തില്‍ യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് സിപിഐ അംഗം എന്‍ മോഹനന്‍ ചൂണ്ടിക്കാട്ടി. വഴിയോരക്കച്ചവടത്തിന്റെ അതിപ്രസരം നഗരത്തെ വികൃതമാക്കുന്നു. പായിക്കടറോഡില്‍ കച്ചവടക്കാര്‍ മല്‍സരിച്ച് റോഡിലേക്ക് ഇറക്ക് കെട്ടി വഴിയാത്ര തടസപ്പെടുത്തുന്നതായും മോഹനന്‍ പറഞ്ഞു. എസ്എംപി പാലസിന് സമീപമുള്ള പച്ചക്കറി കച്ചവടക്കാരുടെ സാധനങ്ങള്‍ റോഡിലാണ് സ്റ്റോക്ക് ചെയ്യുന്നതെന്ന് സിപിഎമ്മിലെ എസ് രാജ്‌മോഹനന്‍ പറഞ്ഞു. മുളങ്കാടകം സ്‌കൂളിന് പിന്നില്‍ നിര്‍മാണം പൂര്‍ത്തിയായ കംഫര്‍ട്ട് സ്റ്റേഷന്‍ അടിയന്തിരമായി തുറക്കണമെന്നും അതിനോട് ചേര്‍ന്ന് റോഡില്‍ കൂട്ടിയിട്ടിട്ടുള്ള വലിയ പൈപ്പുകള്‍ നീക്കം ചെയ്യണമെന്നും അംഗം ആവശ്യപ്പെട്ടു. ഇത് മോഡല്‍ റോഡാക്കുമെന്നും അവിടെ എയ്‌റോബിക് കമ്പോസ്റ്റ് സ്ഥാപിക്കുമെന്നും ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ എസ് ജയന്‍ അറിയിച്ചു.ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ അവസ്ഥ പരിതാപകരമാണെന്ന് സിപിഐയിലെ ഹണി ബഞ്ചമിന്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന്റെ അനാസ്ഥയാണിതിന് കാരണം. ഓട്ടിസം ബാധിച്ചവരുള്‍പ്പെടെ ഇതുമൂലം ദുരിതം അനുഭവിക്കുകയാണെന്ന് ഹണി ചൂണ്ടിക്കാട്ടി. പിഎംഎവൈ ഭവന പദ്ധതി അനുസരിച്ച് വീടുണ്ടാക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നതന്ന് കുരീപ്പുഴ ഡിവിഷന്‍ അംഗം അജിത്കുമാര്‍ ബി ചൂണ്ടിക്കാട്ടി. സിആര്‍ഇസഡ് മേഖലകളെക്കുറിച്ചും ആശയക്കുഴപ്പം നിലനില്‍ക്കുന്നു. പിഎംഎവൈ പദ്ധതി പ്രകാരം ഭൂമിയുള്ള ഭവനരഹിതര്‍ക്കും വാസയോഗ്യമായ ഭവനമില്ലാത്തവര്‍ക്കും അപേക്ഷിക്കാന്‍ ഒരവസരം കൂടി നല്‍കുമെന്ന് ക്ഷേമകാര്യസ്ഥിരംസമിതി അദ്ധ്യക്ഷ എസ് ഗീതാകുമാരി അറിയിച്ചു. ഇതിനായുള്ള അദാലത്ത് ഒക്‌ടോബര്‍ മൂന്ന് മുതല്‍ ആറുവരെ തീയതികളില്‍ അതത് സോണല്‍ ഓഫീസുകളില്‍ നടത്തും.നഗരത്തില്‍ ഏറ്റവും കൂടുതല്‍ ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന രാമന്‍കുളങ്ങര ജംഗ്ഷന്‍ ഉള്‍പ്പെടെയുള്ളവ വികസിപ്പിക്കാന്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു.സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍മാരായ എം എ സത്താര്‍, ടി ആര്‍ സന്തോഷ്‌കുമാര്‍, അംഗങ്ങളായ എസ് മീനാകുമാരി, ബി അനില്‍കുമാര്‍, അഡ്വ. എം എസ് ഗോപകുമാര്‍, പ്രശാന്ത്, ഷൈലജ ബി, വിജയലക്ഷ്മി ജെ, എ നിസാര്‍, കെ ബാബു, പ്രേം ഉഷാര്‍, എം നൗഷാദ്, ബേബിസേവ്യര്‍, ഗിരിജാ സുന്ദരന്‍, റീന സെബാസ്റ്റ്യന്‍, എ കെ ഹഫീസ്, അഡ്വ. വിനിത വിന്‍സെന്റ്, കരുമാലില്‍ ഡോ. ഉദയസുകുമാരന്‍ എന്നിവരും പൊതുചര്‍ച്ചയില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss