|    Jun 23 Fri, 2017 10:42 am
FLASH NEWS

എല്ലാ വീടുകളിലും മഴവെള്ള ശേഖരണം ഉറപ്പാക്കണം: ഉബൈദുള്ള എംഎല്‍എ

Published : 17th November 2016 | Posted By: SMR

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന കിണര്‍ റീചാര്‍ജിങ് പദ്ധതിയായ ‘അടുത്ത മഴ എന്റെ കിണറിലേക്ക്’’ ജില്ലാതല ഉദ്ഘാടനം പി ഉബൈദുള്ള എംഎല്‍എ നിര്‍വഹിച്ചു. കോഡൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ചെമ്മങ്കടവ് മൈലാഞ്ചി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ വിഷയാവതരണം നടത്തി. ഈ വര്‍ഷം വരള്‍ച്ച രൂക്ഷമാവാന്‍ സാധ്യതയുള്ളതിനാല്‍ ഓരോ വീട്ടിലും മഴവെള്ള സംഭരണം ഉറപ്പാക്കണമെന്ന് പി ഉബൈദുള്ള എംഎല്‍എ ആവശ്യപ്പെട്ടു. പുതിയ കറന്‍സിക്കുള്ള നെട്ടോട്ടം കഴിഞ്ഞാല്‍ നമുക്ക് കുടിവെള്ളത്തിനുള്ള നെട്ടോട്ടം ആരംഭിക്കേണ്ടിവരുമെന്നും അത് മുന്‍കൂട്ടിക്കണ്ട് പ്രതീക്ഷക്കപ്പെടുന്ന വേനല്‍ മഴയില്‍ കിണറുകളും മറ്റ് ജലസംഭരണികളും പരമാവധി റീചാര്‍ജ് ചെയ്യാന്‍ സംവിധാനം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. പുഴയിലെയും തോടുകളിലെയും തടയണകള്‍ സമീപത്തെ കിണറുകളിലെ ജലവിതാനം ഉയര്‍ത്തുന്നത് പോലെ മഴവെള്ളം ഭൂമിയിലേക്ക് ഇറക്കുന്നതിന് മഴക്കുഴികള്‍ നിര്‍മിക്കുന്നത് കുടിവെള്ളം ഉറപ്പാക്കാന്‍ സഹായിക്കും. സാക്ഷരത, ജനകീയാസൂത്രണം, ജില്ലാ ആശുപത്രി വികസനം തുടങ്ങി ജില്ലയില്‍ വിജയം കണ്ട പദ്ധതികളെ പോലെ മഴക്കുഴി നിര്‍മാണത്തിലും മലപ്പുറം മാതൃകയാവണമെന്ന് എംഎല്‍എ പറഞ്ഞു. പരിപാടിയില്‍ കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി പി ഷാജി, മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് സെലീന, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ കെ നാസര്‍, പുലാമന്തോള്‍ പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ, ഡെപ്യൂട്ടി കലക്ടര്‍ സി അബ്ദുറഷീദ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഇന്‍ചാര്‍ജ് എന്‍ കെ ശ്രീലത, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍ അജിത് സംസാരിച്ചു. പരിപാടിക്ക് മുന്നോടിയായി ഓഡിറ്റോറിയത്തിനു സമീപത്തെ വീട്ടുപറമ്പില്‍ മഴക്കുഴിയുടെ നിര്‍മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പു ഉണ്ണികൃഷ്ണനും ജില്ലാ കലക്ടര്‍ എ ഷൈനാമോളും ചേര്‍ന്ന് നിര്‍വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക