|    Dec 14 Fri, 2018 11:41 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

എല്ലാ മെഡിക്കല്‍ കോളജുകളിലും കാന്‍സര്‍ സെന്ററുകള്‍ പ്രബലമാക്കും

Published : 18th November 2018 | Posted By: kasim kzm

കൊച്ചി: തിരുവനന്തപുരം, തൃശൂര്‍, കോട്ടയം, കോഴിക്കോട് എന്നിങ്ങനെ സംസ്ഥാനത്തെ എല്ലാ മികച്ച മെഡിക്കല്‍ കോളജുകളിലും കാന്‍സര്‍ സെന്ററുകള്‍ പ്രബലമാക്കുമെന്ന് മന്ത്രി കെ കെ ശൈലജ. കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാതല കാന്‍സര്‍ നിയന്ത്രണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാന്‍സര്‍ ചികില്‍സാരംഗത്ത് മികച്ച നിലവാരത്തിലുള്ള സംവിധാനങ്ങള്‍ ഉറപ്പുവരുത്തും. എല്ലാ ജില്ലാ ആശുപത്രികളിലും മികച്ച പാലിയേറ്റീവ് കെയര്‍, കാന്‍സര്‍ വളരെ നേരത്തേ കണ്ടെത്തുന്നതിനുള്ള സംവിധാനം എന്നിവ കൊണ്ടുവരും. ഇതിനു പിഎച്ച്‌സികളെ ഉപയോഗപ്പെടുത്തണം. 3400ലധികം കാന്‍സര്‍ കേസുകളാണ് എറണാകുളം ജില്ലയില്‍ മാത്രം ഓരോ വര്‍ഷവും റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. കാന്‍സറിനെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തി രക്ഷ തേടുന്നവരുടെ എണ്ണം കൂട്ടണം. കേരളത്തില്‍ ആദ്യമായി കാന്‍സറിനെതിരേ പ്രതിരോധ പദ്ധതി നടപ്പാക്കിയത് എറണാകുളത്താണ്. 350 കോടിയിലധികം രൂപ മുടക്കി ആരംഭിച്ച പദ്ധതി 2020ഓടെ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മെഡിക്കല്‍ കോളജില്‍ വൈദ്യുതി ഉല്‍പാദനത്തിനായി സ്ഥാപിച്ച റൂഫ്‌ടോപ് സോളാര്‍ പാനലിന്റെ സ്വിച്ച്ഓണ്‍ കര്‍മവും മന്ത്രി നിര്‍വഹിച്ചു. പ്രധാന ബ്ലോക്കുകളായ ബ്ലോക്ക് 4, 6 എന്നിവയുടെ മുകളിലാണ് ഒരു കോടി രൂപ ചെലവഴിച്ച് ഓണ്‍ ഗ്രിഡ് ബാറ്ററി രഹിത സോളാര്‍ പാനല്‍ നിര്‍മിച്ചിരിക്കുന്നത്. പുതിയ സംവിധാനത്തിലൂടെ 613 യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. മെഡിക്കല്‍ കോളജിലെ പ്രതിദിന വൈദ്യുതി ഉപയോഗം 6000 യൂനിറ്റാണ്. കെല്‍ട്രോണാണ് ആറു മാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്.
ഇതോടൊപ്പം മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ച ഡിജിറ്റല്‍ മാമ്മോ ഗ്രാം ആന്റ് മൈക്രോ ടോം, ജില്ലാ കാന്‍സര്‍ നിയന്ത്രണ പരിപാടി, സംയോജിത ഗൃഹപരിചരണ പരിപാടി, ഡോ. എം കൃഷ്ണന്‍ നായര്‍ സെമിനാര്‍ ഹാള്‍ എന്നീ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. അര്‍ബുദ രോഗനിര്‍ണയവും അര്‍ബുദ സാക്ഷരതയും ജനസംഖ്യാധിഷ്ഠിത കാന്‍സര്‍ രജിസ്ട്രിയും യഥാസമയ ചികിത്സയും ലക്ഷ്യമിട്ടാണ് കാന്‍സര്‍ നിയന്ത്രണ പരിപാടിക്ക് രൂപം കൊടുത്തിരിക്കുന്നത്.
രോഗികളെ വീടുകളില്‍ സന്ദര്‍ശിച്ച് ചികില്‍സയും മരുന്നും ലഭ്യമാക്കുന്നതിനും മാനസികവും സാമൂഹികവുമായ പിന്തുണ നല്‍കുന്നതിനും ലക്ഷ്യമിട്ടാണ് സംയോജിത ഗൃഹപരിചരണ പദ്ധതി. എറണാകുളം പാറപ്പിള്ളി കാരുണ്യ വര്‍ഷം ട്രസ്റ്റ് എന്ന സര്‍ക്കാരിതര സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. സാന്ത്വന പരിചരണ വാഹനത്തിന്റെ ഫഌഗ്ഓഫും ഇതോടൊപ്പം നിര്‍വഹിച്ചു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss