|    Jul 18 Wed, 2018 10:06 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

എല്ലാ മതവിഭാഗങ്ങളുടെയും വ്യക്തിനിയമം പരിഷ്‌കരിക്കണം: സിപിഎം

Published : 19th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെയും മുത്വലാഖിനെയും ഒരുപോലെ എതിര്‍ത്ത് സിപിഎം. ഭൂരിപക്ഷസമുദായത്തിന്റേതുള്‍പ്പെടെ എല്ലാ മതവിഭാഗത്തിന്റെയും വ്യക്തിനിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നും സിപിഎം പോളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഹിന്ദു സ്ത്രീകളെ കുറിച്ചുള്ള വ്യക്തിനിയമം പരിഷ്‌കരിച്ചിട്ടുണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശ വാദം തെറ്റാണെന്ന് പോളിറ്റ്ബ്യുറോ ചൂണ്ടിക്കാട്ടി.
വ്യക്തിനിയമം പരിഷ്‌കരിച്ച് ലിംഗസമത്വം ഉറപ്പാക്കുന്നതിനു പകരം ന്യൂനപക്ഷങ്ങളെയാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നതെന്ന് ഇതില്‍ നിന്നു വ്യക്തമാണ്. നിലവില്‍ ദത്തെടുക്കല്‍, അനന്തരാവകാശം, ഇഷ്ടമുള്ള ഇണയെ തിരഞ്ഞെടുക്കാനുള്ള അവകാശം തുടങ്ങിയ വിഷയങ്ങളിലെല്ലാം ഭൂരിപക്ഷ സമുദായത്തിലെ സ്ത്രീകള്‍ വിവേചനത്തിനിരയാവുന്നുണ്ടെന്നും പോളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
സ്ത്രീകളെ ഏകപക്ഷീയമായി മൊഴിചൊല്ലാന്‍ അനുമതിനല്‍കുന്ന മുത്വലാഖ് സമ്പ്രദായത്തിനെതിരേ പ്രക്ഷോഭം നടത്തുന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച പോളിറ്റ്ബ്യൂറോ, നിരവധി മുസ്‌ലിം രാജ്യങ്ങളില്‍ മുത്വലാഖ് സമ്പ്രദായം ഇല്ലെന്നും അഭിപ്രായപ്പെട്ടു. മുത്വലാഖ് നിയമം എടുത്തൊഴിവാക്കുന്നത് ഇതുമൂലം ഇരകളായ സ്ത്രീകള്‍ക്ക് ആശ്വാസം നല്‍കുമെന്നും പിബി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ സ്വത്വങ്ങളെ ആക്രമിക്കാനുള്ള വര്‍ഗീയ ശക്തികളുടെ നീക്കമാണ് ഏകസിവില്‍കോഡ് കൊണ്ടുവരികയെന്ന അജണ്ടയ്ക്ക് പിന്നില്‍. ഏകസിവില്‍ കോഡ് കൊണ്ടുവരുന്നത് സ്ത്രീകളുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുകയാണ് ചെയ്യുക. ഏകീകരിക്കുകയെന്നാല്‍ തുല്യത ഉറപ്പ് കൊടുക്കലല്ലെന്നും സിപിഎം ചൂണ്ടികാട്ടി.
നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലുള്ള ഏകസിവില്‍കോഡ് സംബന്ധിച്ച തര്‍ക്കത്തില്‍ ഇതാദ്യമായാണ് സിപിഎം ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയത്. അതേസമയം, ഏക സിവില്‍ കോഡ് സംബന്ധിച്ച് ഉയരുന്ന വിവാദങ്ങളും ചര്‍ച്ചകളും 2019ലെ പൊതു തിരഞ്ഞെടുപ്പുവരെ ബിജെപി നീട്ടിക്കൊണ്ടു പോവുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി. മത ദ്രുവീകരണം നടത്താനുള്ള തുറുപ്പു ചീട്ടായാണ് ഏക സിവില്‍ കോഡിനെ ബിജെപി നോക്കിക്കാണുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ കൂടുതല്‍ മത ദ്രുവീകരണത്തിനു വഴി വയ്ക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതു നിയമം ഇന്ത്യയിലെ ഒരു പ്രശ്‌നം തന്നെയാണ്. എന്നാല്‍, അടിയന്തര പ്രാധാന്യമുള്ള ഒരു വിഷയമല്ല ഇത്. അടിയന്തരമായി പരിഗണിക്കേണ്ട മറ്റു വിഷയങ്ങള്‍ നിലനില്‍ക്കേയാണ് ഇതു സംബന്ധിച്ച വിവാദങ്ങള്‍ ഉയരുന്നത്. മുസ്‌ലിംകളുടെ പൊതുനിയമത്തില്‍ ചില പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്. എന്നാല്‍, അത് സമുദായത്തെ വിശ്വാസത്തിലെടുത്ത് ചെയ്യേണ്ട കാര്യമാണെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss